തട്ടിപ്പിലൂടെ ധന്യ ധനികയായ വഴി; നാല് കാറുകള്‍, ആഡംബര വീടിനും ഓണ്‍ലൈന്‍ ട്രേഡിങ്ങിലും പണം മുടക്കി

പ്രതി ധന്യാ മോഹന്‍ | Photo: Mathrubhumi
പ്രതി ധന്യാ മോഹന്‍ | Photo: Mathrubhumi

തൃശ്ശൂര്‍: മണപ്പുറം ഗ്രൂപ്പിന്റെ സഹസ്ഥാപനമായ വലപ്പാട് മണപ്പുറം കോംപ്ടക് ആന്‍ഡ് കണ്‍സള്‍ട്ടന്റ് ലിമിറ്റഡില്‍നിന്ന് 19.94 കോടി രൂപ തട്ടിയെടുത്ത അസി. ജനറല്‍ മാനേജര്‍ പണം ചെലവഴിച്ചത് ആഡംബര വീട് വാങ്ങാനും ഓണ്‍ലൈന്‍ ട്രേഡിങ്ങിനുമെന്ന് സൂചന. കഴിഞ്ഞദിവസമാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കേസില്‍ സ്ഥാപനത്തിലെ അസി. ജനറല്‍ മാനേജരായ കൊല്ലം സ്വദേശി ധന്യാ മോഹന്‍(40) പിടിയിലായത്. പോലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെ ഇവര്‍ കഴിഞ്ഞദിവസം വൈകീട്ടോടെ കൊല്ലം ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. തുടര്‍ന്ന് യുവതിയെ വലപ്പാട് പോലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തു. 

ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ ധന്യ വന്‍തോതില്‍ പണം ചെലവഴിച്ചെന്നാണ് സൂചന. ഓണ്‍ലൈന്‍ റമ്മിയിലൂടെ ധന്യയ്ക്ക് രണ്ടുകോടി രൂപ ലഭിച്ചതായും ഇതിന് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയിരുന്നതായും നേരത്തെ വിവരമുണ്ടായിരുന്നു. ഇതിനൊപ്പം വലപ്പാട്ട് ആഡംബര വീട് വാങ്ങാനും പണം വിനിയോഗിച്ചു. റിയല്‍ എസ്‌റ്റേറ്റ് ബിസിനസിലും പണം മുടക്കി. 

വലപ്പാട്ടെ വീട്ടില്‍ പരിശോധന നടത്തിയ പോലീസ് കാര്‍, സ്‌കൂട്ടര്‍, ലാപ്ടോപ്, എ.ടി.എം. കാര്‍ഡുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. തട്ടിപ്പുപണം ഉപയോഗിച്ച് വാങ്ങിയതെന്നു കരുതുന്ന വീട് കണ്ടുകെട്ടാനുള്ള നടപടികളും തുടങ്ങി. ഇവര്‍ക്ക് നാല് കാറുകളുള്ളതായി പോലീസിന് വിവരം ലഭിച്ചു. കൊല്ലത്ത് ആഡംബരവീട് നിര്‍മിക്കുന്നതായും വിവരമുണ്ട്. 

തട്ടിയെടുത്ത പണം ധന്യ ഏതെല്ലാംരീതിയിലാണ് ചെലവഴിച്ചതെന്ന് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യുന്നതോടെ ഇതുസംബന്ധിച്ച് വ്യക്തത വരുമെന്നാണ് പോലീസ് കരുതുന്നത്. 

തട്ടിപ്പ് ഇങ്ങനെ...

സ്ഥാപനത്തില്‍ നടന്ന പരിശോധനയില്‍ 80 ലക്ഷം രൂപയുടെ തട്ടിപ്പാണ് ആദ്യം കണ്ടെത്തിയത്. ഇതോടെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച് ഓഫീസില്‍നിന്ന് പോയ ധന്യ വലപ്പാട്ടെ വീട് പൂട്ടി സ്ഥലംവിട്ടു. വിശദപരിശോധനയിലാണ് 19.94 കോടി രൂപ തട്ടിയിട്ടുണ്ടെന്ന് വ്യക്തമായത്. ഓണ്‍ലൈനായി വായ്പ നല്‍കുന്നതോടൊപ്പം സ്വന്തം അക്കൗണ്ടിലേക്കും പണം മാറ്റിയായിരുന്നു തട്ടിപ്പ്. പിന്നീടിത് അച്ഛന്റെ മൂന്ന് അക്കൗണ്ടുകളിലേക്കും ഭര്‍ത്താവിന്റെ രണ്ട് അക്കൗണ്ടുകളിലേക്കും മാറ്റി. ഇതുസംബന്ധിച്ച രേഖകള്‍ ഡിലീറ്റ് ചെയ്തു. അഞ്ചുവര്‍ഷമായി യുവതി ഈ വിധം തട്ടിപ്പ് നടത്തിവരുകയായിരുന്നുവെന്ന് റൂറല്‍ പോലീസ് സൂപ്രണ്ട് നവനീത് ശര്‍മ പറഞ്ഞു. 

18 വര്‍ഷമായി സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ധന്യാ മോഹന്‍ വലപ്പാട്ട് വാടകവീട്ടിലായിരുന്നു നേരത്തെ താമസം. ആറുവര്‍ഷംമുമ്പാണ് വലപ്പാട് തിരുപഴഞ്ചേരി ക്ഷേത്രത്തിന് സമീപം വീട് വാങ്ങിയത്.

തൃശ്ശൂരില്‍നിന്ന് ഒളിവില്‍പ്പോയ ധന്യ വെള്ളിയാഴ്ച വൈകീട്ട് കീഴടങ്ങാന്‍ തീരുമാനിച്ച് ഒറ്റയ്ക്കാണ് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തിയത്. ില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധന കഴിഞ്ഞ് വനിതാ സ്റ്റേഷനില്‍ ഏറെനേരം ഇരുത്തിയതില്‍ ധന്യ അസ്വസ്ഥയായിരുന്നു. ബന്ധുക്കള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ വിവരമറിഞ്ഞ് സ്റ്റേഷനില്‍ തടിച്ചുകൂടി. പണത്തെപ്പറ്റി ചോദിച്ചപ്പോള്‍ കൈയിലിരുന്ന ബാഗ് കാട്ടി 'ഇതാ ഇതിലുണ്ട്; എടുത്തോണ്ട് പൊയ്ക്കോ' എന്നായിരുന്നു മറുപടി. കിട്ടിയ പണമൊക്കെ എവിടെയെന്ന് ചോദിച്ചപ്പോള്‍, ചന്ദ്രനില്‍ അഞ്ച് സെന്റ് സ്ഥലം വാങ്ങിയെന്നും ധന്യ പരിഹാസത്തോടെ പറഞ്ഞിരുന്നു. 

Content Highlights: manappuram finance fraud case accused dhanya mohan spends money for home and online trading