മനുഷ്യന്റെ അഹങ്കാരത്തിന് മുകളിലൂടെ കല്ലുരുട്ടിക്കയറ്റിയ നാറാണത്ത് ഭ്രാന്തനും രായിരനെല്ലൂരും

#ജി.വേണുഗോപാല്‍
രായിരനെല്ലൂരിലെ നാറാണത്ത് ഭ്രാന്തന്‍റെ പ്രതിമ | Photo: Mathrubhumi
രായിരനെല്ലൂരിലെ നാറാണത്ത് ഭ്രാന്തന്‍റെ പ്രതിമ | Photo: Mathrubhumi

കേരളസംസ്‌ക്കാരവുമായി വേര്‍പിരിയാനാവാത്ത വിധം ഇഴുകിച്ചേര്‍ന്നു കിടക്കുന്നു, നിളയെന്നു പുകള്‍പെറ്റ ഭാരതപ്പുഴ. ശാന്തമായ നിളയുടെ തീരത്തിന് ഒട്ടേറെ കഥകള്‍ പറയാനുണ്ട്. അതിലൊരു കഥയാണ് പറയിപെറ്റ പന്തിരുകുലത്തിന്റെ കഥ. കേട്ടാലും കേട്ടാലും മതിവരാത്ത കഥ.

വിക്രമാദിത്യ സദസ്സിലെ പണ്ഡിതനായ വരരുചി തനിക്ക് പറയ കുലത്തില്‍ പിറക്കുന്ന ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കേണ്ടി വരുമെന്ന് മനസ്സിലാക്കി, പരിചാരകരെ ഉപയോഗിച്ച് ആ കുട്ടിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. തലയില്‍ തീപ്പന്തം കുത്തിയിറക്കി പരിചാരകര്‍ ആ കുട്ടിയെ നദിയിലൊഴുക്കുന്നു. നദിയിലൂടെ തലയില്‍ തീപ്പന്തവുമായി ഒഴുകിവന്ന പെണ്‍കുട്ടിയെ മക്കളില്ലാതിരുന്ന നരിപ്പെറ്റ മനയിലെ അന്തര്‍ജ്ജനം എടുത്തു വളര്‍ത്തുന്നു. നിളയുടെ കരയില്‍ ചരിത്രമുറങ്ങുന്ന നരിപ്പെറ്റ മന. പറയിപ്പെറ്റ പന്തിരുകുലത്തിലെ മാതാവായ പഞ്ചമി എന്ന പറയപ്പെണ്ണിനെ എടുത്തുവളര്‍ത്തിയ മന. രാമായണത്തിലെ പ്രധാന ശ്ലോകം കെണ്ടത്തിയ വിക്രമാദിത്യസദസ്സിലെ നവരത്നങ്ങളില്‍ പ്രധാനിയായ വരരുചി തീര്‍ത്ഥാടനത്തിനിടയില്‍ എത്തപ്പെട്ടത് സാക്ഷാല്‍ നരിപെറ്റ മനയില്‍. മനയില്‍ തന്നെ പരിചരിച്ച കന്യകയില്‍ വരരുചിക്ക് അനുരാഗം തോന്നിയത് വിവാഹത്തില്‍ കലാശിച്ചു. വിധിമഹിമ അലംഘനീയമാണെന്ന കാര്യത്തിന്റെ ഊട്ടിഉറപ്പിക്കല്‍ കൂടിയായിരുന്നു ആ വിവാഹം. 
 
അവിടെവെച്ച് സ്വയം ഭ്രഷ്ട് കല്‍പ്പിച്ച് വരരുചിയും ഭാര്യയും ദേശാടനത്തിന് ഇറങ്ങി. ആ യാത്രയില്‍ പിറന്ന പന്ത്രണ്ട് മക്കളില്‍ ഒരാളാണ് മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത നാറാണത്ത് ഭ്രാന്തന്‍. നീണ്ട യാത്രക്കിടയിലാണ് പഞ്ചമി പന്ത്രണ്ട് മക്കള്‍ക്ക് ജന്മം നല്‍കുന്നത്. വരരുചിയുടെ നിര്‍ദേശ പ്രകാരം പഞ്ചമിക്ക് തന്റെ എല്ലാ മക്കളെയും ഉപേക്ഷിക്കേണ്ടി വന്നു. ഉപേക്ഷിക്കപ്പെട്ട മക്കളെ വ്യത്യസ്ത ജാതിയിലുള്ളവര്‍ ഏറ്റെടുത്തു വളര്‍ത്തി. വ്യത്യസ്ത കുലങ്ങളില്‍ വളര്‍ന്ന അവര്‍ അതാത് കുലങ്ങളിലെ കര്‍മ്മ മണ്ഡലങ്ങളില്‍ മികച്ചവരായി അറിയപ്പെട്ടു. പന്തിരുകുലത്തിലെ കടിഞ്ഞൂല്‍ ജന്മം മേഴത്തോള്‍ അഗ്നിഹോത്രി ആയിരുന്നു, തുടര്‍ന്ന് പാക്കനാര്‍, പെരുന്തച്ചന്‍, രചകന്‍ വള്ളോന്‍, വടുതല നായര്‍, ഉപ്പുകൂറ്റന്‍ അകവൂര്‍ ചാത്തന്‍, പാണനാര്‍, നാറാണത്ത് ഭ്രാന്തന്‍, വായിലാകുന്നിലപ്പന്‍ കൂടെ പന്തിരുകുലത്തില ഏക പെണ്‍തരിയായി കാരക്കല്‍ അമ്മയും പിറന്നു.

Content Highlights: Story of Naranath Bhranthan Rayiranellur Mala

Continue reading