സൂര്യകിരീടത്തില്‍ ആത്മാംശമുള്ളതു പോലെ തോന്നും, സ്വന്തം രചനകളില്‍ കണ്ണു നനയിച്ച പാട്ടെന്ന് ഗിരീഷ്

റേഡിയോയില്‍ നിന്നല്ല 'സൂര്യകിരീടം' ആദ്യം കേട്ടത്. ഓഡിയോ കാസറ്റില്‍ നിന്നുമല്ല; ഗാനരചയിതാവിന്റെ ഹൃദയത്തില്‍ നിന്നാണ്.
തുറന്നിട്ട ജനാലയ്ക്കപ്പുറത്തെ ഏതോ വിദൂരബിന്ദുവില്‍ കണ്ണുനട്ടുകൊണ്ട്, മുല്ലശ്ശേരിയിലെ കിടപ്പുമുറിയില്‍ രാജുവേട്ടന്റെ കട്ടിലിനരികെ തലയിണയില്‍ ചാരിയിരുന്ന് ഗിരീഷ് പാടുന്നു: 'സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍,
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു
നീറും നിഴലുകളാടുന്നൂ...'
'ദേവാസുര'ത്തിന്റെ ഗാനസൃഷ്ടി കഴിഞ്ഞു മംഗലശ്ശേരി നീലകണ്ഠന്റെ 'ഒറിജിനല്‍'' മുഖമായ പ്രിയപ്പെട്ട മുല്ലശ്ശേരി രാജഗോപാലിനെ കാണാന്‍ എത്തിയതായിരുന്നു ഗിരീഷ്. 'നെഞ്ചിലെ പിരിശംഖിലെ തീര്‍ത്ഥമെല്ലാം വാര്‍ന്നുപോയ് നാമജപാമൃത മന്ത്രം ചുണ്ടില്‍ ക്ലാവു പിടിക്കും സന്ധ്യാ നേരം'' എന്ന ചരണമെത്തിയപ്പോള്‍ അറിയാതെ കണ്ണുകള്‍ ചിമ്മി ഗിരീഷ്. ഏതോ നിഗൂഢ വഴികളിലൂടെ ഏകാന്തമായി സഞ്ചരിക്കുകയായിരുന്നിരിക്കണം ആ നിമിഷങ്ങളില്‍ അദ്ദേഹത്തിന്റെ മനസ്സ്.
ആദ്യ ചരണം പാടിനിര്‍ത്തിയ ശേഷം എന്റെ മുഖത്തു നോക്കി ചെറിയൊരു ചിരിയോടെ ഗിരീഷ് പറഞ്ഞു: 'മേന്‍നേ, ഇനിയുള്ള ഭാഗം കേട്ടോളി. ട്യൂണിട്ടെഴുതിയ വരികളാണ് എന്നോര്‍ക്കണം.' കണ്ണുകളടച്ചു ഗിരീഷ് വീണ്ടും പാട്ടിലേക്ക്:
'അഗ്‌നിയായ് കരള്‍ നീറവേ
മോക്ഷമാര്‍ഗം നീട്ടുമോ
ഇഹപരശാപം തീരാനമ്മേ
ഇനിയൊരു ജന്മം വീണ്ടും തരുമോ...'
രണ്ടു തവണ കൂടി ആവര്‍ത്തിച്ച് പാടി ഗിരീഷ് ആ ഭാഗം. അത്രകണ്ട് ഇഷ്ടപ്പെട്ടെഴുതിയ വരികളായതിനാലാവണം. എംജി രാധാകൃഷ്ണന്റെ ഈണത്തില്‍ എംജി ശ്രീകുമാര്‍ ഹൃദയം നല്‍കി പാടിയ 'സൂര്യകിരീടം' ഐവി ശശിയുടെ ഹൃദയസ്പര്‍ശിയായ ചിത്രീകരണത്തിന്റെ അകമ്പടിയോടെ വെള്ളിത്തിരയില്‍ കണ്ടപ്പോഴാണ് ആ വരികളുടെ ആഴം പൂര്‍ണമായി ഉള്‍ക്കൊള്ളാനായത്. സൂര്യകിരീടമില്ലാതെ എന്ത് ദേവാസുരം എന്ന് തോന്നി അപ്പോള്‍.
Content Highlights: gireesh puthenchery, devasuram, suryakireedam, ravi menon, melayalam melody, music