മലയാളി 'ഉഷാർ' എന്നു പറയും കാലം വരെ ഇറാൻ സംസ്‌കാരം എങ്ങനെ അവസാനിക്കും? | ആഴ്ചപ്പാടുകൾ

യൂട്യൂബിൽ നോക്കി കുലുക്കി സർബത്ത് ഉണ്ടാക്കുന്നത് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഡൊണാൾഡ് ട്രമ്പിന്റെ സംസ്‌കാരശൂന്യമായ വാചകങ്ങൾ കേട്ടത് ...'ഇന്നു രാത്രികൊണ്ട് ഞങ്ങൾ ഒരു സംസ്‌കാരം തുടച്ചുനീക്കും'. ആരുടെ ഒസ്യത്ത് പ്രകാരമാണ് ഇയാൾക്ക് ഈ ലോകാധികാരം എന്നു ദേഷ്യത്തോടെ വിചാരിച്ചപ്പോഴാണ് പെട്ടെന്ന് ഓർമ്മ വന്നത് ഈ രണ്ടു വാചകങ്ങളിലായി വന്ന രണ്ട് മലയാളവാക്കുകൾ ട്രമ്പ് നശിപ്പിക്കാൻ ശ്രമിക്കുന്ന പേർഷ്യൻ സംസ്‌കാരത്തിൽനിന്നു കടൽ കടന്ന് കേരളത്തിലെത്തിയതാണല്ലോ എന്ന്. നിങ്ങൾക്ക് ഒരു രാജ്യത്തെ തച്ചുടയ്ക്കാം, പക്ഷേ ആ സംസ്‌കാരത്തെ നശിപ്പിക്കാൻ കഴിയില്ല. പേർഷ്യൻ സംസ്‌കാരം നശിക്കണമെങ്കിൽ ഇന്ത്യയും കേരളവും കൂടി നശിക്കണം. കേരളത്തിലെ 'അബ്കാരി'കൾ നശിക്കണം, നമ്മുടെ 'അസ്സൽ' ഭക്ഷണക്രമങ്ങൾ നശിക്കണം, വൈകുന്നേരങ്ങളിലെ 'കുശാൽ ദർബാറു'കൾ ഇല്ലാതാകണം.
ഒരു മരമെന്തെന്ന് അറിയണമെങ്കിൽ ഭൂമിക്കടിയിൽ പരന്ന് അത് കാലങ്ങൾ കൊണ്ടുണ്ടാക്കിയ വേരുപടലങ്ങളുടെ 'ഖജനാവ്' കാണണം. വേരുകൾ പലയിടങ്ങളിൽനിന്ന് വെള്ളവും വളവും വലിക്കുന്നതുപോലെ മലയാളിയുടെ വേരുകൾ വലിച്ച വെള്ളം പല സംസ്‌കാരങ്ങളിൽനിന്നാണ്. അതിനാൽ ട്രമ്പ് ഇറാനെ മുച്ചൂടും തകർത്താലും മലയാളിയിൽ പേർഷ്യ ബാക്കിയാകും. ബാക്കി എന്ന പേർഷ്യൻ വാക്കിന്റെ അർത്ഥം അവശേഷിക്കുന്നത് എന്നാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ പാതിയിൽ കേരളത്തിൽനിന്നു തൊഴിൽ തേടി പുതിയ മേച്ചിൽപുറങ്ങളിലേക്ക് മലയാളികൾ കുടിയേറിയപ്പോൾ നമ്മൾ പറഞ്ഞിരുന്നത് 'മോൻ പേർഷ്യയ്ക്കു പോയി' എന്നായിരുന്നു, ഗൾഫിലേക്ക് പോയി എന്നായിരുന്നില്ല. ആദ്യം പേർഷ്യയിൽനിന്നു കേരളക്കരയിൽ വന്ന സുഗന്ധം മാത്രമല്ല, ആ വാക്കും ഇറാനിൽ സുഗന്ധമാണ്, അത്തർ.
Content Highlights: Explores the etymological roots of common Malayalam words in Persian., Details the historical Indo-Persian trade and cultural exchange since the Achaemenian Empire., Highlights shared traditions in music, cuisine, and administrative language., Reflects on the enduring nature of cultural identity despite geopolitical shifts in 2026., Connects modern Kerala life to ancient Persian influences.