മൻമോഹൻ സിങ്: നേരും നെറിയും | വഴിപോക്കൻ

മനഃസാക്ഷിയുള്ള മനുഷ്യനായിരുന്നു മൻമോഹൻ സിങ്. ഇപ്പോൾ പാക്കിസ്താനിലുള്ള ഒരു ഗ്രാമത്തിൽനിന്ന് തുടങ്ങിയ ജീവിതയാത്രയിൽ ഒരിക്കലും കൈമോശം വരാതെ മൻമോഹൻ സിങ് കാത്തുസൂക്ഷിച്ച ഒരു സംഗതി ആർജ്ജവവും ആത്മാർത്ഥതയുമായിരുന്നു. സ്വാതന്ത്ര്യത്തിന്റെ നാളുകളിൽ ഇന്ത്യൻ വിഭജനം ഏൽപിച്ച മുറിവുകൾ ആവോളം പേറിയാണ് മൻമോഹന്റെ ബാല്യം കടന്നുപോയത്. മനസ്സിൽ ഒന്നുവെച്ച് പുറത്ത് മറ്റൊരു രീതിയിൽ പെരുമാറുന്ന കാപട്യം മൻമോഹന് അന്യമായിരുന്നു.
ജന്മനാട് സന്ദർശിക്കാൻ ആഗ്രഹമില്ലേ എന്ന് മകൾ ഉപിന്ദർ സിങ് ചോദിച്ചപ്പോൾ മൻമോഹൻ സിങിന്റെ പ്രതികരണം ഇതായിരുന്നു: ''ഇല്ല. അവിടെയാണ് എന്റെ മുത്തശ്ശി കൊല്ലപ്പെട്ടത്.'' പക്ഷേ, 2008-ൽ രാജാ മുഹമ്മദ് അലി എന്ന പാക്കിസ്താൻകാരൻ ബാല്യകാല സുഹൃത്തിനെ കാണാൻ ആഗ്രഹിച്ചപ്പോൾ മൻമോഹൻ സിങ് അതീവ സന്തോഷത്തോടെ അതിന് തയ്യാറായി. മൻമോഹന്റെ കൂടെ പ്രൈമറി സ്കൂളിൽ ഒപ്പം പഠിച്ചയാളായിരുന്നു രാജാ മുഹമ്മദ് അലി. പാക്ക്- ഇന്ത്യ ബന്ധം മെച്ചപ്പെടുത്തുന്നതിനും മൻമോഹൻ സിങ് കഴിയുന്നത്ര ശ്രമിച്ചു. 2008-ലെ മുംബൈ ഭീകരാക്രമണമാണ് ആ നടപടികളെ കുറച്ചൊന്ന് പിന്നോട്ടിച്ചത്.
Content Highlights: Manmohan Singh did not follow the credo that rulers are never wrong.