പ്രണയിക്കുമ്പോള്‍ പേഴ്സ് കൊടുക്കണോ, ഹൃദയം കൊടുത്താൽ പോരേ?

ജീവിതം യൗവ്വനതീഷ്ണവും ഹൃദയം പ്രണയസുരഭിലവുമായിരിക്കുന്നതിന് പ്രത്യേകിച്ച് പ്രായ നിബന്ധനയൊന്നുമില്ല. ആര്‍ക്കും ആരോടും ഏതു പ്രായത്തിലും പ്രണയം തോന്നാം. അത് സിംഗിള്‍ ആയിരിക്കുന്നവര്‍ക്ക് മാത്രമല്ല, വിവാഹിതരായാവര്‍ക്കും വിവാഹമോചിതരായവര്‍ക്കും വിവാഹം കഴിക്കാനിരിക്കുന്നവര്‍ക്കുമൊക്കെയാകാം. അവരവരുട അഭിരുചി, ജീവിത പ്രമാണം, ജീവിതത്തെ നോക്കിക്കാണുന്ന രീതി തുടങ്ങിയവയെ അടിസ്ഥാനമാക്കി ഓരോരുത്തര്‍ക്കും ഇക്കാര്യത്തിലെ ശരി തെറ്റുകള്‍ വിലയിരുത്തുകയുമാകാം. ഒരാളുടെ ശരി മറ്റൊരാള്‍ക്ക് ശരിയാകണമെന്നില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ ഒരഭിപ്രായം പറയുന്നില്ല. പക്ഷേ, പ്രണയത്തില്‍ അകപ്പെട്ടാലും ഉള്‍പ്പെട്ടാലും പ്രണയവും പണവും തമ്മില്‍ വലിയൊരു ബന്ധമുണ്ട് എന്ന കാര്യം എല്ലാവരും ഓര്‍ത്തിരിക്കണം. ഈ തിരിച്ചറിവ് പ്രണയ ബന്ധത്തിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും വളരെ പ്രയോജനം ചെയ്യും. അതുപോലെ ഇക്കാര്യത്തിലൊരു തിരിച്ചറിവ് ഉണ്ടായാല്‍ ബ്രേക്ക് അപ്പ് ഉണ്ടാകുന്നപക്ഷം അതിന്റെ ആഘാതം വളരെ കുറയ്ക്കാനുമാകും. അതുകൊണ്ട് നിങ്ങള്‍ പ്രേമിച്ചോളൂ. ഹൃദയം കൊടുത്തോളൂ. പക്ഷേ പേഴ്സ് കൊടുക്കരുത്.
ഇക്കാലത്ത് പ്രണയത്തിന്റെ പേരിലുള്ള സാമ്പത്തിക ചൂഷണങ്ങള്‍ വളരെ വ്യാപകമാവുകയാണ്. ഇത്തരത്തില്‍ സാമ്പത്തികമായ കൊടും ചൂഷണത്തിന് ഇരകളാകുന്നവരില്‍ പുരുഷന്മാരും സ്ത്രീകളുമുണ്ട്. എങ്കിലും സ്ത്രീകളാണ് കൂടുതല്‍. അതുകൊണ്ട് സ്ത്രീകളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത കാട്ടേണ്ടത്. ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന പല പെണ്‍കുട്ടികളുടെയും ആത്മഹത്യയുടെയും കൊലപാതകങ്ങളുടെയും അടിസ്ഥാന കാരണങ്ങളിലൊന്ന് സാമ്പത്തിക ചൂഷണമാണ് എന്നു കാണാം. മരിച്ചുപോയ പെണ്‍കുട്ടികളുടെ കഥകളേ നമ്മള്‍ അറിയുന്നുള്ളൂ. പ്രണയ ബന്ധങ്ങളിലകപ്പെട്ട് സാമ്പത്തിക ചൂഷണത്തിനിരയായി, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലുമെന്ന വണ്ണം നിസ്സഹായരായി ജീവിക്കുന്ന പെണ്‍കുട്ടികളുടെ അവസ്ഥ ആരും അറിയുന്നില്ല.
Content Highlights: Learn how to navigate love and finances wisely. Avoid financial exploitation in relationships