ബിജെപി മുന്നോട്ട് വെയ്ക്കുന്ന ' ഉമീദ് ' | വഴിപോക്കന്‍

#വഴിപോക്കന്‍
വഖഫ് (ഭേദഗതി) ബിൽ പാസാക്കുന്നതിനെതിരേ ബെംഗളൂരുവിൽ നടന്ന പ്രതിഷേധത്തിനിടെ ഒരു ആൺകുട്ടി പോസ്റ്ററിന് സമീപം നിൽക്കുന്നു (ഫയൽ ചിത്രം) | Photo: Shailendra Bhojak/ PTI
വഖഫ് (ഭേദഗതി) ബിൽ പാസാക്കുന്നതിനെതിരേ ബെംഗളൂരുവിൽ നടന്ന പ്രതിഷേധത്തിനിടെ ഒരു ആൺകുട്ടി പോസ്റ്ററിന് സമീപം നിൽക്കുന്നു (ഫയൽ ചിത്രം) | Photo: Shailendra Bhojak/ PTI

'മീദ് 'എന്നാണ്  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  പുതിയ വഖഫ് നിയമത്തെ വിശേഷിപ്പിക്കുന്നത്. Unified Waqf Management Empowerment Efficiency and Dvelopment Act ( UMEED) എന്നതിന്റെ ചുരുക്കം മാത്രമല്ല ഉമീദ്. പ്രത്യാശ അഥവാ പ്രതീക്ഷ എന്നാണ് ഉമീദ് എന്ന ഉറുദു വാക്കിന്റെ അര്‍ത്ഥം. ഇന്ത്യയിലെ മുസ്ലിം ജനതയ്ക്കിതാ പ്രത്യാശയുടെ പുതിയ സമവാക്യം എന്നാണ് വഖഫ് ബില്‍ അവതരിപ്പിച്ചുകൊണ്ട് ബിജെപി നേതൃത്വം വാചാലമായത്. പക്ഷേ, ഈ നിയമത്തിനനുകൂലമായി സംസാരിക്കാന്‍ പാര്‍ലമെന്റില്‍ ഒരു മുസ്ലിം എംപിയെപ്പോലും ഇറക്കാന്‍ ബിജെപിക്കായില്ല. കാരണം  മുസ്ലിം സമുദായത്തില്‍ നിന്ന് ഒരൊറ്റ എംപി പോലും പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബിജെപിക്കില്ല. ഇത്തരമൊരു പരിസരത്തില്‍ നിന്നാണ് ബിജെപി മുസ്ലിം ജന സമൂഹത്തിന്റെ ഉന്നമനത്തെക്കുറിച്ചും പരിപോഷണത്തെക്കുറിച്ചും സംസാരിക്കുന്നതെന്നും അതുകൊണ്ടുതന്നെ ബിജെപിയുടെ യഥാര്‍ത്ഥ ലക്ഷ്യം മനസ്സിലാക്കാവുന്നതേയുള്ളുവെന്നുമാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ പറയുന്നത്.

ഇന്ത്യന്‍ ഭരണഘടനയ്ക്ക് ചില അടിസ്ഥാന പ്രമാണങ്ങളുണ്ട്. എല്ലാ പൗരന്മാരും നിയമത്തിന് മുന്നില്‍ തുല്ല്യരാണെന്ന ഭരണഘടനയുടെ 14 ാം വകുപ്പിന്റെ അനുശാസനം അത്തരമൊന്നാണ്. അഞ്ച് കൊല്ലം ഇസ്ലാം മത വിശ്വാസിയായിരുന്നു എന്ന് തെളിയിക്കുന്നവര്‍ക്ക് മാത്രമേ വഖഫ് നടത്തുന്നതിന് അര്‍ഹതയുള്ളു എന്നൊരു വ്യവസ്ഥ പുതിയ നിയമത്തിലുണ്ട്. ഇത് ഭരണഘടനയുടെ 14 ാം വകുപ്പിന്റെ ലംഘനമല്ലെങ്കില്‍ പിന്നെ മറ്റെന്താണ് എന്നാണ് മുന്‍ കേന്ദ്ര ന്യൂന പക്ഷ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ചോദിക്കുന്നത്. ദാന ധര്‍മ്മങ്ങള്‍ നല്‍കുന്നതിന് ഇന്ത്യയില്‍ മറ്റേതെങ്കിലും മതവിശ്വാസികള്‍ക്ക് ഇത്തമൊരു നിയമം പിന്തുടരേണ്ടതുണ്ടോ എന്ന ചോദ്യമാണുയരുന്നത്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ഒരു രാജ്യം ഒരു ഭാഷ , ഒരു രാജ്യം ഒരു നികുതി എന്നൊക്കെ മുദ്രാവാക്യം വിളിക്കുന്നവര്‍ മതപരമായ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനും എന്തുകൊണ്ട് ഒരേ നിയമം കൊണ്ടുവരുന്നില്ല എന്ന് ചോദിക്കുന്നത് ചാണക്യ ദേശീയ നിയമ സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറും നിയമ പണ്ഡിതനുമായ ഫൈസന്‍ മുസ്തഫയാണ്. വഖഫ് ബോര്‍ഡിലും കൗണ്‍സിലിലും മുസ്ലിം ഇതരസമുദായങ്ങളില്‍ നിന്നുള്ള വരെ ഉള്‍പ്പെടുത്തുമ്പോള്‍ സമാനമായി ഇതര മതവിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള ബോര്‍ഡുകളില്‍ ഇതേ നിയമം എന്തുകൊണ്ടാണ് കൊണ്ടുവരാത്തതെന്നും ഫൈസന്‍ മുസ്തഫ ചോദിക്കുന്നു.

Content Highlights: india waqf law controversy

Continue reading