അതിജീവനക്ഷമതയുടെ പുസ്തകം, പ്രത്യാശയുടെയും…

#ജോബി ജോസഫ് കെ
ബാബു അബ്രഹാം , സ്ത്രീയേ ഇതാ നിന്റെ മകൻ (Book Cover)
ബാബു അബ്രഹാം , സ്ത്രീയേ ഇതാ നിന്റെ മകൻ (Book Cover)

‘കമ്പിളികണ്ടത്തെ കൽഭരണികൾ’ എന്ന കൃതിയിലൂടെ തന്റെ ജീവിതത്തിലെ ആദ്യത്തെ ഇരുപത്തിയാറ് വർഷങ്ങളിലെ ജീവിതാനുഭവങ്ങൾ പറഞ്ഞ, ബാബു അബ്രഹാം ‘സ്ത്രീയേ, ഇതാ നിന്റെ മകൻ’ എന്ന രണ്ടാം കൃതിയിലൂടെ അദ്ദേഹത്തിന്റെ തുടർന്നുള്ള ഇരുപത്തിയാറ് വർഷങ്ങളിലേക്കാണ് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നത്. അമ്മയുടെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം ബാബുവിന്റെ പാരീസിലേക്ക് തിരികെയുള്ള വിമാനയാത്രയിൽ ആണ് ആദ്യഭാഗം അവസാനിക്കുന്നത്. രണ്ടാം ഭാഗത്തിന്റെ അവതാരികാകൃത്ത് സൂചിപ്പിക്കുന്നതുപോലെ പാരിസിൽ തിരികെയെത്തിയ കഥാനായകൻ അവിടെ സസുഖം ജീവിച്ചു എന്നാണ് വായനക്കാർ സ്വാഭാവികമായും കരുതുക. ആദ്യഭാഗം വറചട്ടിയിൽനിന്ന് എരിതീയിലേക്കുള്ള ഒരു യാത്രാവിവരണം കണക്കെയായിരുന്നെങ്കിൽ, രണ്ടാം ഭാഗം സന്തോഷവും സങ്കടവും പ്രതീക്ഷയും നിരാശയും ഇടകലർന്ന ജീവിതത്തിന്റെ കയറ്റിറക്കങ്ങളാണ് വിവരിക്കുന്നത്. സുഖദുഃഖങ്ങൾ സീസോയിൽ (see -saw)എന്നപോലെ ഉയർന്നുതാണ അദ്ദേഹത്തിന്റെ ജീവിതയാത്രയിൽ തുടർന്നും പ്രതിസന്ധികൾക്ക് യാതൊരു കുറവുമുണ്ടാകുന്നില്ല. ഓരോ പ്രതിസന്ധിയെയും ബാബു എങ്ങനെ നേരിടുന്നു, അതിൽനിന്ന് എങ്ങനെ കരകയറുന്നു എന്നറിയാനുള്ള ആകാംക്ഷയാണ് വായനക്കാരനെ ഈ രണ്ടാം ഭാഗത്തിലൂടെ മുന്നോട്ടുനയിക്കുന്നത്.

അപരിചിതമായ ഒരു സംസ്കാരത്തിൽ പുതിയ തുടക്കം കുറിക്കുന്ന ഒരു മനുഷ്യന്റെ പോരാട്ടങ്ങളുടെ രേഖ കൂടിയാകുകയാണ് ഈ പുസ്തകം. മദ്യം, പുകവലി, മയക്കുമരുന്ന് എന്നിവയുടെ പിടിയിൽ അകപ്പെട്ട വർഷങ്ങൾ, പ്രണയാനുഭവങ്ങൾ, പ്രലോഭനങ്ങൾ, തളർച്ചകൾ… അതിനിടയിൽ കൊളേത്ത് എന്ന മാതൃസ്നേഹത്തിന്റെ സാന്നിധ്യം, ജാതി-മത-വർണ്ണ അതിരുകളെ ഭേദിക്കുന്ന സ്നേഹബന്ധങ്ങൾ, കുടുംബജീവിതം എന്നിവയെല്ലാം ഇവിടെ വായനക്കാരുമായി പങ്ക് വയ്ക്കുന്നു. തന്റെ ജീവിതാനുഭവങ്ങളെ ഭാവനയുടെ നിറംചാർത്തി അവതരിപ്പിക്കുന്നതിനുപകരം, താൻ കടന്നുപോയ വഴികളെയും കണ്ടുമുട്ടിയ മനുഷ്യരെയും അനുഭവിച്ച പ്രതിസന്ധികളെയും കഴിയുന്നത്ര സത്യസന്ധമായി കോറിയിടാനാണ് ഗ്രന്ഥകാരൻ ശ്രമിക്കുന്നത്.

ജീവിതത്തിൽ ബാബുവിന് ഏറ്റവുമധികം മുറിവേൽപ്പിച്ചത് താൻ സഹായിച്ച ചിലർ തന്നെയാണ്. ഷേക്സ്പിയറിന്റെ ജൂലിയസ് സീസറിലെ വാക്കുകൾ കടമെടുത്താൽ, “the most unkindest cut of all” എന്നു വിശേഷിപ്പിക്കാവുന്ന അനുഭവങ്ങൾ… പ്രതിസന്ധികളിൽ കൈത്താങ്ങാകേണ്ടവർ കൈവിടുകയും, താൻ താങ്ങായവരിൽ ചിലർ തന്നെ വേദനിപ്പിക്കുകയും ചെയ്ത സന്ദർഭങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. എന്നാൽ ഈ ജീവിതകഥയിൽ വേദനകളും വഞ്ചനകളും മാത്രമല്ല, പ്രതിസന്ധികളിൽ താങ്ങായി, യാതൊരു പ്രതിഫലേച്ഛയുമില്ലാതെ സഹായഹസ്തം നീട്ടുന്ന മനുഷ്യരും ഏറെയുണ്ട്. മാതൃതുല്യമായ കരുതലോടെ താങ്ങായി നിന്ന കൊളേത്ത് എന്ന ഫ്രഞ്ച് വനിത മുതൽ ഒരു റെസ്റ്റോറന്റിൽവെച്ച് പരിചയപ്പെടുന്ന ഓസ്‌ട്രേലിയൻ ദമ്പതികൾ വരെ നീളുന്ന ഈ മനുഷ്യസ്നേഹത്തിന്റെ അധ്യായങ്ങൾ ഏറെ പ്രതീക്ഷ നൽകുന്നവയാണ്. ജീവിതത്തിൽ പലപ്പോഴും സഹായിക്കേണ്ടവർ കൈവിടുമ്പോൾ, തീർത്തും അപരിചിതരായ ചിലർ താങ്ങായി മാറുന്നു. നന്മയും കാരുണ്യവും മനുഷ്യരിൽ പൂർണമായി അസ്തമിച്ചിട്ടില്ലെന്നും നിസ്വാർഥസ്നേഹത്തിന്റെ ഉറവകൾ ഇനിയും വറ്റിയിട്ടില്ലെന്നും ഈ അനുഭവങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു.

‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, എന്റെ സ്വന്തം രാജ്യം വരണമേ…’ എന്ന അധ്യായത്തിലെ ബാബുവിന്റെ ആക്ഷേപം കലർന്ന പരാമർശങ്ങൾ ഏറെ ശ്രദ്ധേയമാണ്. കേരളത്തിൽനിന്ന് മറ്റു രാജ്യങ്ങളിലേക്ക് ആളുകൾ കുടിയേറുമ്പോൾ അവരോടൊപ്പം മതങ്ങളെയും കയറ്റി അയയ്ക്കുകയും, ആ മതങ്ങൾക്ക് കാവൽനിൽക്കാനും മനുഷ്യർക്കിടയിൽ രാജ്യാതിർത്തികൾപോലെ വേലിക്കെട്ടുകൾ തീർക്കാനും പുരോഹിതന്മാരെ നിയോഗിക്കുകയും ചെയ്യുന്ന പ്രവണതയെ അദ്ദേഹം കണക്കിന് പരിഹസിക്കുന്നുണ്ട്. വിദേശരാജ്യങ്ങളിൽ മലയാളം കുർബാനയും മലയാളി അച്ചന്മാരുടെ നിയന്ത്രണങ്ങളും വന്നുചേരുമ്പോൾ, അവിടെ ലഭിച്ചിരുന്ന സമാധാനംപോലും നഷ്ടപ്പെടുമെന്ന അനുഭവവിവരണത്തിൽ ഈ പരിഹാസത്തിന്റെ മൂർച്ചയുണ്ട്. പ്രാർത്ഥനയ്ക്കുപോലും സ്വസ്ഥതയില്ലാതാക്കുന്ന, പിരിവുകളും ഗ്രൂപ്പിസവും തമ്മിലടികളും മതജീവിതത്തിന്റെ പേരിൽ അരങ്ങേറുന്ന വിരോധാഭാസങ്ങളായി അദ്ദേഹം വരച്ചുകാട്ടുന്നു. അതിലുപരി, ‘ദാരിദ്ര്യവും വിശപ്പും മുഖചിത്രങ്ങളായവരെ പള്ളികളിൽ രണ്ടാംകിട അജഗണങ്ങളായി കാണുകയും, പണവും സാമൂഹികപദവിയും വർധിക്കുന്നതിനനുസരിച്ച് അരമനകളുടെ രഹസ്യമുറികളിലേക്കുള്ള വാതിലുകൾ തുറക്കപ്പെടുകയും’ ചെയ്യുന്ന അനുഭവം അദ്ദേഹം പങ്കുവെക്കുന്നു. ആത്മീയതയ്ക്കു മുകളിൽ സാമ്പത്തികശേഷിക്കും സാമൂഹിക സ്വാധീനത്തിനും ലഭിക്കുന്ന മുൻഗണനക്കെതിരായ വിമർശനം കുറിക്കുകൊള്ളുന്നതാണ്. വിശ്വാസത്തെയല്ല, വിശ്വാസത്തെ സ്വാർത്ഥതക്കും അധികാരസംസ്ഥാപനത്തിനും ഉപാധിയാക്കുന്നവരുടെ കാപട്യത്തെയാണ് ഗ്രന്ഥകാരൻ ഇവിടെ ഉന്നം വക്കുന്നത്.

പ്രവാസപൂർവകാലത്ത് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുമ്പോൾ തിരിഞ്ഞു നോക്കാത്ത പള്ളിക്കാർക്കും കമ്മറ്റിക്കാർക്കും, സാമ്പത്തിക സ്ഥിതി മെച്ചമാകുന്നതോടെ തങ്ങൾ ഏറെ പ്രിയരും പ്രസക്തരുമായി മാറുന്നത് ഭൂരിഭാഗം പ്രവാസികൾക്കും നേരനുഭവമാണല്ലോ!

Read aso: സന്തോഷ്, ഇത് വി ഡി സതീശനാണ്. താങ്കളുടെ അവിടുത്തെ ഫോൺ നമ്പർ തരൂ...

കൂടാതെ, ഒന്നാം ലോകരാജ്യങ്ങൾ എന്നറിയപ്പെടുന്ന ഇടങ്ങളിൽ ഈ കാലത്തും പ്രവാസികൾ നേരിടുന്ന അവമതിപ്പും, രണ്ടാം തരം പൗരന്മാരായി പരിഗണിക്കപ്പെടുന്ന അവസ്ഥയും, തന്റെ അധ്യാപനജീവിതത്തിൽ നേതൃപദവിയിൽ പ്രവേശിച്ച അവസരത്തിൽ സഹപ്രവർത്തകരുടെ നിന്ദ കലർന്ന സംഭാഷണങ്ങളും, സമീപനങ്ങളും ബാബു വിവരിക്കുന്നുണ്ട്. അതോടൊപ്പം തന്നെ, അക്കാദമിക ആവശ്യങ്ങൾക്ക് കേരളം സന്ദർശിച്ച അവസരത്തിൽ തനിക്ക് ലഭിച്ചിലുന്നതിലും മുന്തിയ പരിഗണന തന്റെ സെക്രട്ടറിയായിരുന്ന ഫ്രഞ്ച് വനിതയ്ക്കു ലഭിച്ചിരുന്നതും അദ്ദേഹം പരാമർശിക്കുന്നുണ്ട്.

ബാബുവിന്റെ ജീവിതമേറെയും പ്രതിസന്ധികളുടെ തുടർച്ചയാണ്. എന്നാൽ അവയ്ക്കു മുന്നിൽ തളർന്നുവീഴാതെ മുന്നോട്ടുപോകാനുള്ള അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം എടുത്തുപറയേണ്ടതാണ്. ഓരോ വീഴ്ചയ്ക്കുശേഷവും എഴുന്നേൽക്കാനും പുതിയൊരു വഴി കണ്ടെത്താനും അദ്ദേഹം ശ്രമിക്കുന്നു. ജീവിതത്തിൽ തോൽവികളും തിരിച്ചടികളും നേരിടുന്ന ഏതൊരാൾക്കും ഈ അനുഭവങ്ങളും അവയെ നേരിടുന്നതിൽ ബാബു പ്രകടിപ്പിച്ച അതിജീവനക്ഷമതയും (resilience) പ്രചോദനമാകുമെന്നതിൽ സംശയമില്ല.

ആത്മകഥകൾ പലപ്പോഴും സ്വന്തം നേട്ടങ്ങളുടെയും താൻ-പോരിമയുടെയും ഉദ്ഘോഷണങ്ങൾ ആകാറുണ്ട്. എന്നാൽ ഇവിടെ ബാബു തന്റെ ജീവിതത്തിലെ പിഴവുകളും വീഴ്ചകളും കൂടി തുറന്നുപറയാൻ മടിക്കുന്നില്ല. കുടുംബജീവിതത്തിലെ സംഘർഷങ്ങൾ, ചില തീരുമാനങ്ങളിലെ പാളിച്ചകൾ, ലഹരിയിൽ അഭയം തേടിയ ദിനങ്ങൾ… വിദേശത്തേക്കുള്ള റിക്രൂട്ട്മെൻറ് നടത്തിയിരുന്ന സമയത്ത് ഒരു പ്രത്യേക ഘട്ടത്തിൽ സ്വന്തം സമുദായക്കാർക്ക് മുൻഗണന നൽകിയിരുന്നു എന്നും അതിനു പിന്നിൽ മറ്റൊരാളോടും അയാളുടെ സംഘത്തോടുമുള്ള വിരോധവും വാശിയും പ്രവർത്തിച്ചിരുന്നുവെന്നും, ആ തീരുമാനത്തെ ഇന്ന് ആത്മനിന്ദയോടെയല്ലാതെ ഓർക്കാനാവില്ലെന്നും അദ്ദേഹം സമ്മതിക്കുന്നു. അങ്ങനെ, സ്വന്തം ജീവിതത്തിലെ ഇരുണ്ട വശങ്ങൾ പോലും ഒരു മടിയുമില്ലാതെ വായനക്കാരനു മുന്നിൽ തുറന്നുവെക്കുന്നു.

തന്റെ കുടുംബജീവിതത്തെ പരാമർശിക്കുന്ന ഭാഗങ്ങളിലും മേൽപ്പറഞ്ഞ സത്യസന്ധത പ്രകടമാണ്. തന്റെ ഭാര്യ ആശയുമായുള്ള ബന്ധവും അതിന്റെ സങ്കീർണതകളോടെതന്നെയാണ് ബാബു അവതരിപ്പിക്കുന്നത്. പിണക്കങ്ങളും വഴക്കുകളും അഭിപ്രായവ്യത്യാസങ്ങളും നിറഞ്ഞതായിരുന്നു അവരുടെ ദാമ്പത്യജീവിതത്തിലെ ചില ഘട്ടങ്ങൾ. എന്നാൽ പ്രതിസന്ധികൾ നിറഞ്ഞ സമയങ്ങളിൽ താങ്ങും പിന്തുണയുമായി ആശ അദ്ദേഹത്തോടൊപ്പം നിന്നു. ആശയെ തന്റെ ഇച്ഛക്കനുസരിച്ചുള്ള ഒരു വ്യക്തിയായി മാറ്റിയെടുക്കാൻ നടത്തിയ ശ്രമങ്ങളാണ് സങ്കീർണതകളേറെയും സംജാതമാക്കിയതെന്ന തിരിച്ചറിവ് തനിക്കുണ്ടായതും സ്വയം തിരുത്തൽ വരുത്തിയതും അദ്ദേഹം തുറന്നെഴുതുന്നുണ്ട്.

ഏഴുമാസം പ്രായമുള്ളപ്പോൾ നഷ്ടപ്പെട്ട മകളെക്കുറിച്ചുള്ള പരാമർശം പുസ്തകത്തിലെ ഏറ്റവും ഹൃദയസ്പർശിയായ ഭാഗങ്ങളിലൊന്നാണ്. ആ ഭാഗം വായിക്കുമ്പോൾ നിറഞ്ഞ കണ്ണുകൾ അക്ഷരങ്ങളെ പലവട്ടം മറച്ചു. ഹൃദയം പലതവണ വിങ്ങി. ഒരു പിതാവിന്റെ ഉള്ളിൽ വർഷങ്ങൾ കഴിഞ്ഞിട്ടും മായാതെ കിടക്കുന്ന ആ വേദന വായനക്കാരനിലേക്കും പകരാൻ ബാബുവിന്റെ എഴുത്തിന് കഴിയുന്നു. ചില നഷ്ടങ്ങൾ കാലംകൊണ്ട് മാഞ്ഞുപോകാതെ അവ ഓർമകളിൽ നീറുന്ന മുറിവായി ശേഷിക്കും.

പേരെടുത്തുപറയാതെ, “വാർത്തകൾക്ക് വൈകാരിക മൂർച്ചകൂട്ടി അവതരിപ്പിക്കുന്ന ഒരു യൂട്യൂബ് ചാനലിന്റെ ഉടമ” എന്ന പരാമർശത്തിലൂടെയാണ് തനിക്കെതിരെ അപകീർത്തികരമായ വാർത്ത നൽകിയ, കേരളത്തിൽ പ്രവർത്തിക്കുന്ന, ഒരു പ്രമുഖ "വിദേശ മലയാളി" യൂട്യൂബറെ ബാബു വിമർശിക്കുന്നത്. തന്നെക്കുറിച്ച് വാർത്ത നൽകുമ്പോൾ തന്റെ ഭാഗം കേൾക്കാൻ പോലും തയ്യാറാകാതെ വാർത്ത നൽകിയതിലുള്ള അമർഷം ആ വാക്കുകളിൽ പ്രകടമാണ്. ഒപ്പം ഉത്തരവാദിത്ത മാധ്യമ പ്രവർത്തനം നടത്തുന്നു എന്ന് തുടരെ അവകാശപ്പെടുന്ന പ്രസ്തുത ചാനലുടമയുടെ 'മാധ്യമ-ധാർമികത'ക്ക് നേരെയും അദ്ദേഹം വിരൽ ചൂണ്ടുന്നു. മാധ്യമപ്രവർത്തനത്തിന് സോഷ്യൽ മീഡിയ കാലത്ത് സംഭവിച്ച അധഃപതനത്തെ സംബന്ധിച്ച വിമർശനവും ഇതിൽ കാണാം.

Read also:മനുഷ്യൻ, ഹാ എത്ര മഹത്തായ പദം 
ആദ്യകൃതിക്ക് ചില ശുദ്ധസാഹിത്യവാദികളിൽ നിന്നും വ്യാപകമായ വിമർശനം നേരിടേണ്ടി വന്നിരുന്നു . എന്നാൽ ജീവിതാനുഭവങ്ങളെ അതിന്റെ നേർക്കാഴ്ചകളോടെ അവതരിപ്പിക്കുന്ന ഒരു രചനയെ സാഹിത്യത്തിന്റെ ഏതെങ്കിലും പ്രത്യേക അളവുകോലിൽ മാത്രം തളച്ചിടേണ്ടതുണ്ടോ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. വായനയിലും സാഹിത്യത്തിലും ഓരോരുത്തർക്കും അവരവരുടേതായ അഭിരുചികളുണ്ട്. ബാബുവിന്റെ തന്നെ വാക്കുകളിൽ, ഒരാൾക്ക് ഏറെ ഉദാത്തമായി തോന്നുന്ന ഒരു ഭക്ഷണം മറ്റൊരാൾക്ക് അത്ര ഇഷ്ടപ്പെടണമെന്നില്ല. അതുപോലെതന്നെയാണ് സാഹിത്യവും. ഓരോ വായനക്കാരന്റെയും ആസ്വാദനമാനദണ്ഡങ്ങൾ വ്യത്യസ്തമായിരിക്കാം. ഒരു രചനയെ വിലയിരുത്തുമ്പോൾ അതിന്റെ സാഹിത്യരൂപത്തോടൊപ്പം അത് പകരുന്ന ജീവിതാനുഭവങ്ങളും വായനക്കാരനിൽ അവശേഷിപ്പിക്കുന്ന ചിന്തകളും കൂടി പരിഗണിക്കേണ്ടതല്ലേ?

ബാബു അബ്രഹാമിന്റെ ‘സ്ത്രീയേ, ഇതാ നിന്റെ മകൻ’ കേവലം ഒരു ജീവിതകഥ മാത്രമല്ല. പ്രതിസന്ധികളോട് പൊരുതിയ ഒരു മനുഷ്യന്റെ അനുഭവസാക്ഷ്യമാണ്. താൻ പലതവണ സംസ്കരിക്കപ്പെട്ടപ്പോൾ, കല്ലറയുടെ കല്ല് മാറ്റി തന്റെ പുനരുത്ഥാനത്തിനു സഹായിച്ചവരെ നന്ദിയോടെ സ്മരിച്ചുകൊണ്ട്, അവർക്കും, തന്നെ അറിഞ്ഞോ അറിയാതെയോ മുറിവേൽപ്പിച്ചവർക്കും ഈ പുസ്തകത്തെ സമർപ്പിച്ചുകൊണ്ടാണ് ഈ പുസ്തകം അവസാനിക്കുന്നത്.

Adeline Yen Mah യുടെ Falling Leaves, Tara Westover ന്റെ Educated എന്നീ കൃതികളിൽ കാണാവുന്ന തരത്തിലുള്ള അതിജീവനത്തിന്റെ ആത്മകഥനമായ "കമ്പിളികണ്ടത്തെ കൽഭരണികൾ", "സ്ത്രീയെ, ഇതാ നിന്റെ മകൻ" എന്നീ കൃതികൾ
അതിമനോഹരമായ ഒരു വായനാനുഭാവത്തോടൊപ്പം, വീഴ്ചകളിൽ നിന്ന് എഴുന്നേൽക്കാൻ പ്രചോദനമേകുന്നവയുമാണ്.

Read also:‘ജീവിതത്തിൽ മഷി മുക്കി മനസ്സിന്റെ വിരലുകൾ കൊണ്ട് കഥയെഴുതിയ പപ്പേട്ടൻ’

Content Highlights: Continuation of Babu Abraham's life journey from his debut work, focusing on his years in Paris., Raw and honest depiction of struggles, addictions, broken relationships, and profound personal losses., Highlights the resilience of the human spirit, unexpected kindness from strangers, and critiques of expatriate religious politics.