മദർ മേരി Comes To Me: ഒരു മകൾ അമ്മയ്‌ക്കെഴുതാതെ പോയ പ്രേമലേഖനം

#ഡോ.ദീപു ജോർജ്
അരുന്ധതി റോയ്, മദർ മേരി കംസ് ടു മീ(Book Cover)
അരുന്ധതി റോയ്, മദർ മേരി കംസ് ടു മീ(Book Cover)

കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ഇറങ്ങിയ പുസ്തകങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പുസ്തകം ഏതെന്ന് ചോദിച്ചാൽ അത് 'Mother Mary Comes to Me' ആണെന്ന് ഞാൻ പറയും. അരുന്ധതി റോയിയുടെ കയ്യൊപ്പോട് കൂടിയ ആ പുസ്തകം, ഒരു നിധി പോലെ ഞാൻ എന്നും എന്റെ ലൈബ്രറിയിൽ സൂക്ഷിക്കും.ഇത്രയും ആരാധിക്കുന്ന ഒരു എഴുത്തുകാരിയുടെ അനിർവ്വചനീയമായ വിധം, വശ്യസുന്ദരമായ കൃതിക്ക് മലയാളത്തിൽ ആസ്വാദനം എഴുതുക ഒട്ടും എളുപ്പമല്ല.ആരാണ് നിങ്ങൾക്ക് അരുന്ധതി റോയ്? പ്രിയപ്പെട്ട എഴുത്തുകാരി, ആക്ടിവിസ്റ്റ്, അരാജകവാദി, കശ്മീർ അനുഭാവി, നർമ്മദ ബച്ചാവോ ആന്ദോളൻ(NBA) വക്താവ്, സ്വതന്ത്രചിന്തക....ഈ പറഞ്ഞതിൽ ഒന്നോ ,അതിലധികമോ ആണ് ഞാൻ ഉൾപ്പെടെ പലർക്കും അരുന്ധതി റോയി. ഒരേസമയം അരുന്ധതി, ഇതെല്ലാം ആകാൻ കാരണം അവർ മേരി റോയ് എന്ന വിപ്ലവകാരിയായ, ആരെയും കൂസാത്ത തന്റേടിയായ മേരി റോയ്യുടെ മകൾ ആയി ജനിച്ചത് കൊണ്ടാണ്. “ജനുസ്സിന്റെ കൊണം “.ആ കാലഘട്ടത്തിൽ ഒറ്റപ്പെട്ട അമ്മയായി, രണ്ട് കുഞ്ഞു മക്കളെ ഒറ്റക്ക് വളർത്തിയ യഥാർത്ഥ പോരാളി. പുരുഷ മേധാവിത്വ തിരുവിതാംകൂർ സമൂഹത്തോടും , സ്വന്തം കുടുംബത്തോടും, കലശലായ ആസ്ത്മയോടും ,ഒരേ സമയം നിരന്തരം മാറി മാറി പോരടിച്ച് -മുട്ടക്കുന്ന് പോലൊരു സ്ഥലത്ത്, അച്ചായൻ കോട്ടയായ കോട്ടയത്ത്, പള്ളിക്കൂടം - കാലഘട്ടത്തിനു വളരെ മുൻപേ സഞ്ചരിച്ച ഒരു വിദ്യാലയം -പണി തീർത്ത ഇരുമ്പ് വനിത. സ്വപ്നസഞ്ചാരിയായ ഒരു മാതൃകാ അധ്യാപിക.

“In these pages, my mother, my gangster, shall live. She was my shelter and my storm” എന്നാണ് ഈ പുസ്തകത്തിന് അരുന്ധതി ആമുഖം കുറിച്ചിരിക്കുന്നത്.

Read also:‘ജീവിതത്തിൽ മഷി മുക്കി മനസ്സിന്റെ വിരലുകൾ കൊണ്ട് കഥയെഴുതിയ പപ്പേട്ടൻ’

അച്ഛന്റെ ശാസനയും ,അമ്മയുടെ ലാളനയും ലഭിച്ചു വളരേണ്ട ബാല്യത്തിൽ ആ മക്കൾ രണ്ടാൾക്കും ലഭിച്ചതോ?

മുഴുകുടിയനും ചിത്തരോഗിയും അലഞ്ഞു തിരിഞ്ഞ് നടന്നവനുമായ മിക്കി റോയ് എന്ന ആസാമിലെ ചായത്തോട്ട മാനേജർ അച്ഛന്റെ അടുത്ത് നിന്ന് ഒളിച്ചോടിയ അമ്മ, ഊട്ടിയിൽ ഈ കുഞ്ഞുങ്ങളെയും കൊണ്ട് എത്തിപെടുന്നു. മൂത്ത മകൻ ലളിതിന് ഒൻപതു മാസം മാത്രമുള്ളപ്പോൾ ആണ്,അരുന്ധതി തന്റെ ഉദരത്തിൽ ഉള്ള കാര്യം അവർ അറിയുന്നത്. ഗർഭഛിദ്രം ചെയ്യാൻ അവർ പരമാവധി ശ്രമിച്ചിരുന്നു. അദ്ധ്യാപികയായി ജോലി ചെയ്ത് അവർ പിഞ്ച് മക്കളെ നോക്കാൻ ശ്രമിക്കുമ്പോഴാണ് ,സ്വന്തം ആങ്ങളയും അമ്മയും അവരുടെ ഊട്ടിയിലെ വീട്ടിൽ നിന്നും ആ കുടുംബത്തെ ഇറക്കി വിടാൻ എത്തുന്നത്. (പ്രാണിപഠനശാസ്ത്രജ്ഞൻ ആയിരുന്ന മേരി റോയുടെ അച്ഛന്റെ ഗാർഹികപീഡനം സഹിക്ക വയ്യാതെ , വീട് വിട്ടിറങ്ങാനാണ്, അവർ ആദ്യം വന്ന കല്യാണ ആലോചനക്ക് തന്നെ സമ്മതം മൂളിയത്, എന്നോർക്കണം. അവർക്കാണീ ദുരവസ്ഥ!)

Read also:സലിൽ ചൗധരി: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം, നാടകക്കാരനും കവിയും ചിന്തകനും ആയി കൂടെ നടന്ന ഒരാൾ

മേരി റോയിൽ നിന്നും ലളിത് കുമാർ റോയി എന്ന സഹോദരനും അരുന്ധതിയും അനുഭവിച്ച മാനസിക, ശാരീരിക പീഡനങ്ങൾക്ക് സമാനതകളില്ല. ആ കുട്ടികൾ കേട്ടിട്ടുള്ള തെറിവിളികൾക്ക് , അവർ അവരുടെ ആസ്ത്മ രോഗാവസ്ഥ ഒളിമറയാക്കി. സ്വന്തം നിലനിൽപ്പിനായി അവർ മരണം വരെ പോരാടിയപ്പോഴും വാശിക്ക് ഒരു കുറവും വരുത്തിയില്ല. മക്കളെ രണ്ട് പേരെയും അവർ വെറുപ്പിച്ച് അകറ്റി നിർത്തി. ആ പകയുടെ കനലുകൾ ഇന്നും മക്കൾ രണ്ടുപേരുടെയും മനസ്സിൽ പൊള്ളലായി അവശേഷിക്കുന്നത് ഈ പുസ്തകത്തിലൂടെ നമുക്ക് വായിച്ചെടുക്കാം. അത്രക്ക് പൊള്ളിച്ചിട്ടുണ്ട് അമ്മയുടെ പെരുമാറ്റങ്ങൾ (അല്ലെങ്കിൽ രാത്രിയിൽ ,ശിക്ഷയായി നടുവഴിയിൽ ആരെങ്കിലും പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ ഇറക്കി വിടുമോ?)

ഊട്ടിയിൽ നിന്നും നാട്ടിൽ എത്തുന്ന മേരി റോയ് പള്ളിക്കൂടം സ്കൂൾ കോട്ടയത്ത് തുടങ്ങുന്നു. ലാറി ബേക്കർ ഹോളോ കട്ടകൾ വെച്ച് പണികഴിച്ചെങ്കിലും ,ആ സ്ഥാപനം കെട്ടിപടുത്തത് മേരി റോയുടെ വിയർപ്പിലും ,ആദർശങ്ങളിലും ,ദീർഘവീക്ഷണത്തിലും തന്നെ ആണ് .ആ സ്ഥാപനത്തിന്റെ വളർച്ചക്കായി അവർ ആരുമായും കൊമ്പ് കോർക്കാൻ തയ്യാറായിരുന്നു. കളക്ടർ ആയിരുന്ന അൽഫോൺസ് കണ്ണന്താനവുമായി ഉടക്കി, jesus christ superstar നാടകം കളിക്കാനുള്ള അനുവാദത്തിന്റെ കോടതി അനുമതി നേടിയെടുത്തത്- അവരുടെ പ്രിൻസിപ്പാൾ മുറിയിൽ ജയഘോഷത്തിന്റെ കാഹളമായി തൂക്കിയിട്ടിരുന്നു അവർ .കോടതി വിധി നടപ്പാക്കുന്നതും , സഹോദരനെ തറവാട്ട് വീട്ടിൽ നിന്നും ഇറക്കി വിടുന്നതും നേരിട്ട് കാണാൻ സ്വന്തം വണ്ടിയിൽ ഡിയർ കണ്ണാടി ധരിച്ച് ഗുണ്ടസംഘ തലവനെ പോലെ അമ്മ ഇരുന്നിരുന്ന കാര്യം അരുന്ധതി കുറിച്ചിട്ടുണ്ട് . ഐസക് അമ്മാവന്റെ മലബാർ കോസ്റ്റ് കമ്പനിയും അവർ പൂട്ടിച്ചു . ഒരു തെരുവ് നായയുമായി ബന്ധം സ്ഥാപിച്ചതിന്, പ്രിയ വളർത്തു നായയായ ഡിഡോയെ അവർ വെടി വെച്ചു കൊല്ലുന്നുണ്ട് !

സമൂഹഭ്രഷ്ടയായ സ്ത്രീ സുപ്രീം കോടതിവരെ പോയിട്ടാണ് സ്വന്തം സഹോദരനും ,അമ്മയ്ക്കും ,പള്ളിക്കും ,പട്ടക്കാർക്കും ,നാട്ടുനടപ്പിനും, എതിരെ പൊരുതി, തിരുവിതാംകൂർ ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമം /അനന്തരാവകാശം നേടി എടുക്കുന്നത്.

ആരാധനാ മൂർത്തികളായ അമ്മദൈവങ്ങളുടെ ഇന്ത്യയിൽ ഇതാ ഒരു കാളി വിഗ്രഹം പോലെ മേരി റോയ് ,ഇവിടെ പ്രതിഷ്ഠിക്കപ്പെടുന്നത്.

ഇനി ഈ പുസ്തകത്തിലെ രണ്ടാം കഥാനായികയിലേക്ക് വരാം.’ഒരുന്ധതി’എന്ന് ബംഗാളി ചായ്വിൽ വിളിച്ച നമ്മുടെ സ്വന്തം അരുന്ധതി .

അമ്മയിൽ നിന്നും ദൂരെ ഓടി അകലാൻ ആണ് അരുന്ധതി ഡൽഹിയിൽ ആർക്കിടെക്ചർ പഠിക്കാൻ ഇറങ്ങി തിരിക്കുന്നത്. കയ്യിൽ ഒരു കത്തി മാത്രമാണ് നിസാമുദ്ദീനിൽ വന്നിറങ്ങുന്ന ആ പെൺകുട്ടിക്ക് കാവൽ .

സ്വാതന്ത്ര്യം പൂർണ്ണമായും ആഘോഷിക്കുന്ന യൗവ്വനം തുറന്നെഴുതിയിട്ടുണ്ട് അരുന്ധതി ‘സ്വന്തം ഡൽഹി ഗാഥ’ പേജുകളിൽ. ആൺസുഹൃത്തുക്കൾ ആണവൾക്ക് കൂടുതൽ. ആഴത്തിൽ ഉള്ള സൗഹൃദങ്ങൾ അവൾ അന്നും ,എന്നും ഭയന്നിരുന്നു. സ്വന്തം കുടുംബത്തിലെ ശിഥിലത , പ്രതിജ്ഞാബദ്ധത നൽകാനുള്ള ഭയം, അവളെ ബന്ധങ്ങളുടെ കെട്ടുറപ്പിൽ നിന്നും അകറ്റി കൊണ്ടേയിരുന്നു. ജെസി, കാർലോ, സഞ്ജയ്, പ്രദീപ് എന്നിവരിൽ ആരുമായി പ്രണയത്തിന് അപ്പുറത്തേക്ക് ദാമ്പത്യത്തിലേക്ക് ഒരു ബന്ധം ഉരുത്തിരിയുന്നില്ല. ഇടക്കിടക്ക് വന്നിരുന്ന കത്തുകളിൽ കുത്ത് വാക്കുകളും ശകാരങ്ങളും മാത്രമേ അമ്മയും നിറച്ചിരുന്നുള്ളൂ.Read also:'സാംസ്‌കാരികനായിക' എന്ന പൊല്ലാപ്പ്; സാറാ ജോസഫിന് പിന്തുണയുമായി മുതിർന്ന എഴുത്തുകാർ 

അമ്മയും മകളും തമ്മിൽ ഒരു തരം ‘Stockholm syndrome’ പോലൊരു ബന്ധം ആയിരുന്നു എപ്പോഴും. ഒരേ ഒരു ആശ്രയത്തിനെ അവൾ എങ്ങനെ തള്ളിക്കളയും?

ഇംഗ്ലീഷ് മാത്രം അറിയാവുന്ന അരുന്ധതി ഡൽഹിയിൽ കഴിഞ്ഞകാലത്തെ കുറിച്ച് സുദീർഘമായി തന്നെ ഇവിടെ കുറിച്ചിട്ടുണ്ട്. ചെറുപ്പത്തിന്റെ ചാപല്യങ്ങളും ,തഴക്കദോഷങ്ങളെ കുറിച്ചും തുറന്നെഴുതിയിട്ടുണ്ട്.

വേദന സംഹാരിയില്ലാതെ ചെയ്ത സ്വന്തം ഗർഭഛിദ്രത്തെ കുറിച്ചും, ജെസി എന്ന കാമുകനോടൊപ്പമുള്ള ഗോവൻ ജീവിതവും, പ്രദീപ് എന്ന വിവാഹിതനോടൊപ്പമുള്ള കാലവും, അദ്ദേഹത്തിന്റെ മക്കളോടുള്ള സമീപനവും

കലർപ്പില്ലാതെ ,തുറന്നെഴുതിയ അദ്ധ്യായങ്ങൾ ഞെട്ടിക്കുന്നതാണ്.

ഒരിടത്തും തങ്ങാൻ കൂട്ടാക്കാത്ത ഒരിലപോലെ അവർ കാറ്റത്ത് അങ്ങിങ് പറന്നു ,പറന്നു നടക്കുന്നത് കാണാം.

പഠന ശേഷം സിനിമകൾ ചെയ്തഅരുന്ധതി പേരെടുത്ത് വരുക ആയിരുന്നു- മാസ്സി സാഹിബ് , ആനി , ബർഗാഡ് , ഇലക്ട്രിക്ക് മൂൺ-എന്നിവ മികച്ച അഭിപ്രായം നേടി എങ്കിലുംസാമ്പത്തിക വിജയങ്ങൾ ആയിരുന്നില്ല .

അമ്മയുടെയും പ്രദീപിന്റെയും പ്രേരണയിൽ ആണ് അവർ സ്വന്തം തട്ടകമായ മീനച്ചിൽ ആറും ,കരയും തന്നെ ആദ്യ പുസ്തകത്തിൽ ചേർത്തത്. അതായിരുന്നു അവരുടെ ലോകം.

ഗോഡ് ഓഫ് സ്മോൾ തിങ്സ് നമ്മെ കാണിച്ച വലിയ ലോകം.

ബുക്കർ സമ്മാനത്തിലേക്ക് എത്താനുള്ള പ്രയത്നങ്ങളും , ഡേവിഡ് ഗോഡ്വിൻ വഹിച്ച പങ്കും, പരിഭാഷകളും ,ഒരു നല്ല പ്രസാധകൻ ചെയ്യുന്ന കാര്യങ്ങളുടെയും ലോകം വായനക്കാരന് കാണിച്ചു തരുന്നുണ്ട് അരുന്ധതി.

ഇന്ത്യൻ രാഷ്ട്രീയം അരുന്ധതിയെ അകറ്റിമാറ്റി നിർത്താൻശ്രമിച്ചാലും ,

അരുന്ധതി തന്റെ രാഷ്ട്രീയവും ഫിക്ഷൻ അല്ലാത്ത എഴുത്തുകളേയും ഇവിടെയും മറക്കുന്നില്ല.

നക്സൽ ബാരി , നർമ്മദ ബച്ചാവ് ആന്ദോളൻ , കാശ്മീർ ആസാദി വിഷയങ്ങൾ , തീവ്ര വലതു പക്ഷത്തെയും കോടതികളെയും നമുക്ക് അവർ ഓരോരോ അദ്ധ്യായങ്ങളിൽ വരച്ചിടുന്നുണ്ട്.

ഒരു കഥാപാത്രത്തെ കുറിച്ച് കൂടി എഴുതിക്കോട്ടെ?

ജി. ഐസക്ക് എന്ന അമ്മാച്ചനെയും നമ്മൾ മറക്കരുത് - റോഡ്സ് സ്കോളർ ആയ അദ്ദേഹം ആണ് ജീവിതത്തിൽ തൊട്ടതെല്ലാം തോൽവി ആക്കിയപ്പോഴും അരുന്ധതിയുടെ ആദ്യകാല വായനാലോകത്തെ പുസ്തകങ്ങളുടെ മാർഗദർശി എന്ന മട്ടിൽ നാം വായനക്കാർ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ഗോഡ് ഓഫ് സ്മാള് തിങ്സിലെ ‘ ചാക്കോ ‘എന്ന കഥാപാത്രം അദ്ദേഹം ആണ്.

ഒരു പുസ്തകപ്രേമിയായ എനിക്ക് ഏറ്റവും ഹൃദയ സ്പർശിയായി തോന്നിയ രണ്ട് നിമിഷങ്ങൾ പറയട്ടെ- രോഗിയായ അമ്മ മേരി റോയ് നാട്ടിൽ നിന്നും താങ്ങി പിടിച്ചു കൊണ്ട് വന്നു കൊടുക്കുന്ന ടൈപ്പ് റൈറ്ററും, പുസ്തകം വെക്കാൻ മാത്രം ഉപയോഗിച്ച ഫ്രിഡ്ജും ആണ്. പുസ്തകങ്ങളിൽ മുഴുകുമ്പോൾ മാത്രം ആണ് അവർ യഥാർത്ഥ സ്വപ്നസ്വാതന്ത്ര്യം അനുഭവിച്ചിരുന്നത് എന്ന് അരുന്ധതി കുറിക്കുന്നു. മറ്റൊന്നും അവരുടെ മനസ്സിനെ നിറച്ചിരുന്നില്ല, മറ്റൊന്നും മനോവ്യഥകളെ ഒഴുക്കി കളഞ്ഞിരുന്നുമില്ല.

വിയോഗദുഃഖത്തെക്കുറിച്ചുള്ള സ്വന്തം ഓർമ്മക്കുറിപ്പുകൾ ഒരിക്കലും ഒരു കാഥികയ്ക്കും എഴുതുക എളുപ്പമല്ല. ലോകം എമ്പാടും ഇപ്പോൾ അത്തരം പുസ്തകങ്ങൾ പ്രചുരപ്രചാരം നേടുന്നത് നമുക്ക് കാണാം.

(The years -by annie ernaux നൊബേൽ സമ്മാനിത , When breath becomes air -പോൾ കലാനിധി , Wave -സോണാലി ദേരനിയഗാല , Notes on grief- ചീമാമണ്ഡ ഞ്ചോസി അടിച്ചേ ആണ് ചില ഉദാഹരങ്ങൾ )

പക്ഷേ അത്തരം ഒരു പ്രതിഭാസത്തിന്റെ പിറകെ പോകുന്ന ഒരാളൊന്നുമല്ല അരുന്ധതി.(നാല് വർഷം എടുത്താണ് അവർ

god of small things - ‘കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ’ , പത്തു വർഷം എടുത്താണ് ministry of utmost happiness ‘അത്യാനന്ദത്തിൻ്റെ ദൈവവൃത്തി ‘ പൂർത്തിയാക്കിയത്. )ഈ പുസ്തകം എഴുതി തീർക്കാൻ അവർ രണ്ട് ദശാബ്ദത്തോളം എടുത്തിട്ടുണ്ടാകും.

അരുന്ധതി എഴുതിയിരിക്കുന്നത് ആത്മകഥ ആണ്. അതവരുടെ ജീവിതത്തിലെ ഏടുകൾ ആണ്. അതിൽ ഒരു അന്തിമ വിധികർത്താക്കൾ ആകാൻ നമുക്ക് അവകാശവും ഇല്ല. അവരെയും അവരുടെ അമ്മയേയും മനസ്സിലാക്കാൻ താല്പര്യമുള്ള വയനക്കാർക്ക് ഒരു മുതൽക്കൂട്ട് ആണ് ഈ പുസ്തകം.

തന്റെ ക്ഷിപ്രകോപിയും പീഡകയുമായ അമ്മക്ക് ഒരു മകൾക്ക് ഒരിക്കലും എഴുതി ,വായിച്ചു കേൾപ്പിക്കാൻ സാധിക്കാതെ പോയ ഒരു പ്രേമലേഖനമായി ,നിങ്ങൾക്ക് ഈ പുസ്തകത്തെ കാണാം. ഒരു ബുദ്ധിമുട്ടുള്ള ബന്ധത്തിന്റെ തീർപ്പായും..

നിങ്ങളിനിയും ഈ പുസ്തകം വാങ്ങി വായിച്ചിട്ടില്ലെങ്കിൽ വേഗം ആകട്ടെ. ഇതവസാനിക്കുമ്പോൾ, തന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രത്തെ നഷ്ടപ്പെട്ട അരുന്ധതിയുടെ വ്യഥ നിങ്ങൾക്ക് അനുഭവവേദ്യമാകും .

ഈ പുസ്തകം അവസാനിക്കുമ്പോഴും നിങ്ങൾക്ക് ഒരാളുടെ പക്ഷം പിടിക്കാൻ ഒക്കാത്ത രീതിയിലുള്ള രചനാമികവാണ് മറ്റൊരു സൗന്ദര്യം.

ബുക്കർ ജയിച്ചപ്പോഴും സുപ്രീം കോടതിയിൽ കേസ് ജയിച്ചപ്പോഴും മേരി റോയ് മകളോട് പറഞ്ഞത് പോലെ..

സ്നേഹമില്ലാത്ത ഒരു ഇരുമ്പിന്റെ കാവൽമാലാഖ ആയി അമ്മ ഇന്നും മുകളിൽ നിന്നും കാക്കുന്നുണ്ടാവും … പറയുന്നുണ്ടാവും ഇന്നും

“ Well done Baby girl “

(കൊച്ചി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ ജനറൽ മെഡിസിൻ വിഭാഗം മേധാവിയാണ് ലേഖകൻ)

Content Highlights: In-depth analysis of Arundhati Roy's memoir Mother Mary Comes to Me, Exploration of the turbulent and complex relationship between Arundhati Roy and her mother Mary Roy, Insights into the struggles, legal battles, and literary journey behind the God of Small Things author, Malayalam review highlighting the emotional resonance and raw honesty of the book