തുറവൂർ-അരൂർ ഉയരപ്പാത: ഡിസംബറിൽ നിർമാണം പൂർത്തിയാകും

തുറവൂർ : ഒറ്റത്തൂണിൽ പണിയുന്ന രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാതയായ തുറവൂർ-അരൂർ ഉയരപ്പാതയുടെ നിർമാണം അന്തിമഘട്ടത്തിലേക്ക്. ഡിസംബറിൽ പണി പൂർത്തിയാകുമെന്നാണു ദേശീയപാതാ അതോറിറ്റി അധികൃതർ നൽകുന്ന സൂചന. 2026 ഫെബ്രുവരിയിൽ പണി പൂർത്തിയാക്കി ദേശീയപാതാ അതോറിറ്റിക്കു കൈമാറണമെന്നായിരുന്നു നിർമാണക്കമ്പനിയുമായുള്ള കരാർ.
എന്നാൽ, പല കാരണങ്ങളാലും നിർമാണം വൈകുകയായിരുന്നു. 13.23 കിലോമീറ്റർ നീളത്തിലും 24.5 മീറ്റർ വീതിയിലും ആറുവരിയായിട്ടാണ് പാത പൂർത്തീകരിക്കുന്നത്. 2,200 കോടി രൂപയാണ് നിർമാണച്ചെലവ്. ആദ്യ രൂപരേഖപ്രകാരം 12.75 കിലോമീറ്ററിലാണു പദ്ധതി വിഭാവനം ചെയ്തിരുന്നത്. അരൂർ മുതൽ തുറവൂർ കവലവരെ പാത എത്തിനിൽക്കുന്നുണ്ട്. ഇവിടെനിന്ന് അനുബന്ധറോഡു പണിയുകയായിരുന്നു ലക്ഷ്യം. എന്നാൽ, ഈ രീതിയിലുള്ള നിർമാണം തുറവൂർ മഹാക്ഷേത്രത്തിന്റെ പ്രസക്തി നഷ്ടമാക്കുമെന്നത് ജനങ്ങളിൽ ആശങ്കയുണ്ടാക്കി. ഇതോടെ ഭക്തരും വിവിധ സംഘടനകളും കോൺഗ്രസ് പാർട്ടിയും വിഷയത്തിലിടപെട്ടു.
തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതി പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ടി.ജി. പത്മനാഭൻനായരുടെ ആവശ്യപ്രകാരം കെ.സി. വേണുഗോപാൽ എം.പി. തുറവൂരിൽ സന്ദർശനം നടത്തി ജനങ്ങളിൽനിന്ന് അഭിപ്രായങ്ങൾ കേട്ടു. ജനങ്ങളുടെ ആശങ്കയിൽ കഴമ്പുണ്ടെന്നു മനസ്സിലാക്കി പുതിയ രൂപരേഖ തയ്യാറാക്കാനും തുക വകയിരുത്താനുംഎം.പി. കേന്ദ്രത്തിൽ സമ്മർദം ചെലുത്തി.
ഇതേത്തുടർന്ന്, പുതിയ രൂപരേഖ തയ്യാറാക്കുകയും കവലയിൽനിന്ന് തെക്കോട്ട് ആലയ്ക്കാപറമ്പു വരെ പാത നീട്ടാൻ തീരുമാനമാകുകയുമായിരുന്നു.
പുതിയ രൂപരേഖപ്രകാരം കവലയിൽനിന്ന് തെക്കോട്ട് 200 മീറ്റർ കൂടി തൂണിൽത്തന്നെ പാത നീങ്ങുകയും അവിടെനിന്ന് 280 മീറ്റർ അനുബന്ധ റോഡ് പണിയുകയും ചെയ്യും.
നിർമാണം പൂർത്തിയാകുന്നതോടെ പാതയുടെ നീളം 13.23 കിലോമീറ്ററായി ഉയരും. പാതയുടെ നിർമാണം നേരത്തേ പൂർത്തിയായ സ്ഥലത്ത് പകുതിയോളം ടാറിങ് പൂർത്തിയായിട്ടുണ്ട്. പാതയുടെ മധ്യത്തിലുള്ള മീഡിയനിൽ പെയിന്റിങ് ജോലികളും സൗരോർജ വിളുക്കുകൾ സ്ഥാപിക്കുന്ന ജോലികളും പുരോഗമിക്കുന്നുണ്ട്. ഉയരപ്പാതയ്ക്കു മുകളിൽ നിർമിക്കുന്ന ടോൾ പ്ലാസയുടെ 90 ശതമാനം ജോലികളും പൂർത്തിയായി. ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിന് ബ്രിഡ്ജ് നോയ്സ് ബാരിയർ സ്ഥാപിക്കുന്ന ജോലിയും പുരോഗമിക്കുന്നുണ്ട്.