വള്ളികുന്നം മൃഗാശുപത്രി ഉദ്ഘാടനം വൈകുന്നു

കെട്ടിടംപണി തീർന്നിട്ട് രണ്ടരമാസം

വള്ളികുന്നം : കെട്ടിടനിർമാണം പൂർത്തിയാക്കി രണ്ടരമാസം കഴിഞ്ഞിട്ടും വള്ളികുന്നം മൃഗാശുപത്രിയുടെ പ്രവർത്തനം തകർച്ചയിലായ പഴയ കെട്ടിടത്തിൽത്തന്നെ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 50 ലക്ഷം രൂപ ചെലവഴിച്ച് മൃഗസംരക്ഷണവകുപ്പാണ് മൃഗാശുപത്രിക്ക് ആധുനികരീതിയിലുള്ള കെട്ടിടം നിർമിച്ചത്.

നിലവിലുള്ള മൃഗാശുപത്രിക്കെട്ടിടത്തിനു പിന്നിലാണ് പുതിയ കെട്ടിടം നിർമിച്ചത്. കഴിഞ്ഞ ഒാഗസ്റ്റിൽ കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരിച്ചതാണ്. ഉദ്ഘാടനം വൈകുന്നതാണ് മൃഗാശുപത്രിയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്കു മാറ്റുന്നതിനു തടസ്സമാകുന്നത്.

നിലവിൽ മൃഗാശുപത്രി പ്രവർത്തിക്കുന്ന കെട്ടിടം കാലപ്പഴക്കംമൂലം തകർച്ചയിലായിട്ടു വർഷങ്ങളായി. കെട്ടിടത്തിനു 62 വർഷത്തെ പഴക്കമുണ്ട്. തടികൊണ്ടു നിർമിച്ച മേൽക്കൂരയുടെ ഉത്തരം ദ്രവിച്ച് ഏതു സമയവും നിലംപൊത്താവുന്ന നിലയിലാണ്.

മഴക്കാലത്ത് ചോർന്നൊലിക്കുന്ന കെട്ടിടത്തിന്റെ ഓടു മാറ്റിയിടാൻപോലും പറ്റാത്തവിധം മേൽക്കൂര നിർമിച്ചിരിക്കുന്ന തടികൾ ദ്രവിച്ച അവസ്ഥയിലാണ്. മച്ചു പൊളിഞ്ഞ് കഷണങ്ങളായി താഴേക്കു പതിക്കുകയാണ്. 1963-ലാണ് ഓടുമേഞ്ഞ മൂന്നു മുറിയുള്ള ആദ്യകെട്ടിടം നിർമിച്ചത്. ആദ്യകാലത്ത് വെറ്ററിനറി സബ്‌സെന്ററായാണ് പ്രവർത്തിച്ചിരുന്നത്. ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ മാത്രമാണ് അന്ന് ഇവിടെയുണ്ടായിരുന്നത്. 1988-ലാണ് വെറ്ററിനറി ഡിസ്‌പെൻസറിയായി ഉയർത്തി ഡോക്ടറെ നിയമിച്ചത്.

2004-ലാണ് ഓടുമേഞ്ഞ കെട്ടിടത്തോടു ചേർന്ന് രണ്ടുമുറി കോൺക്രീറ്റ് കെട്ടിടംകൂടി പണിഞ്ഞത്. പശുവളർത്തൽ ഉപജീവനമാർഗമായി സ്വീകരിച്ച രണ്ടായിരത്തിലധികം കുടുംബങ്ങളാണ് വള്ളികുന്നത്തുള്ളത്. അഞ്ചു ക്ഷീരോത്പാദകസംഘങ്ങളാണ് ഇവിടെയുള്ളത്. ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ അളക്കുന്ന സംഘവും വള്ളികുന്നം ക്ഷീരോത്പാദകസംഘമാണ്. പശുക്കൾ കൂടാതെ, ഒട്ടേറെ വളർത്തുമൃഗങ്ങളാണ് ഇവിടെയുള്ളത്. മൃഗാശുപത്രിയിൽ നിലവിൽ ഒരു ഡോക്ടറും ഒരു ലൈവ്‌സ്‌റ്റോക്ക് ഇൻസ്‌പെക്ടറും മറ്റു രണ്ടു ജീവനക്കാരുമാണുള്ളത്. നിലവിലുള്ള ഡിസ്‌പെൻസറി പോളിക്ലിനിക്കായി ഉയർത്തണമെന്നത് ക്ഷീരകർഷകരുടെ വർഷങ്ങളായുള്ള ആവശ്യമാണ്.

പോളിക്ലിനിക്കായി ഉയർത്തിയാൽ സീനിയർ സർജൻ ഉൾപ്പെടെ മൂന്നു ഡോക്ടർമാരുടെ സേവനവും മികച്ച ലബോറട്രി സൗകര്യവും ലഭിക്കുമെന്നു മാത്രമല്ല, 24 മണിക്കൂറും ഡോക്ടറുടെ സേവനം ഉറപ്പാക്കാനും കഴിയും. ഈ ആവശ്യം ഉന്നയിച്ച് ക്ഷീരോത്പാദകസംഘങ്ങളും ക്ഷീരകർഷകരും ബന്ധപ്പെട്ട അധികൃതർക്ക് പരാതികൾ നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നിലവിലുള്ള ഡിസ്‌പെൻസറി പോളിക്ലിനിക്കായി ഉയർത്തുമെന്ന പ്രതീക്ഷയിലാണ് മേഖലയിലെ ക്ഷീരകർഷകർ.