ചരിത്രം അടഞ്ഞുതന്നെ

പൈതൃക, ചരിത്ര മ്യൂസിയം തുറന്നു പ്രവർത്തിച്ചത് ഒരുമാസം മാത്രം
മാവേലിക്കര : 2015-20 കാലത്തെ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ അഭിമാന പദ്ധതിയായിരുന്ന ഓണാട്ടുകര കാർഷിക, പൈതൃക, ചരിത്ര മ്യൂസിയം ആറുവർഷമായി അടഞ്ഞുകിടക്കുന്നു. 2020-ലെ കേരളപ്പിറവിദിനത്തിൽ ഉദ്ഘാടനം ചെയ്ത മ്യൂസിയം കഷ്ടിച്ച് ഒരുമാസം മാത്രമാണ് പൊതുജനങ്ങൾക്ക് സന്ദർശനത്തിനായി തുറന്നുകൊടുത്തത്. ആ വർഷം ഡിസംബറിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും പുതിയ ഭരണസമിതി അധികാരമേൽക്കലും നടന്നതോടെ മ്യൂസിയത്തിന്റെ വാതിലുകൾക്ക് പൂട്ടുവീണു.
അന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ. രഘുപ്രസാദിന്റെ ആശയമാണ് സാംസ്കാരികമേഖലയിലെ പ്രമുഖരുടെ പിന്തുണയോടെ യാഥാർഥ്യമായത്. ഓണാട്ടുകരയുടെ പരമ്പരാഗത കാർഷിക, ജലസേചന ഉപകരണങ്ങളും ഉൾനാടൻ മത്സ്യബന്ധന സാമഗ്രികളും അളവു-തൂക്ക ഉപകരണങ്ങളും അന്യംനിന്നുപോയ ഗാർഹിക ഉപകരണങ്ങളും നാടിന്റെ വിവിധ മേഖലകളിൽനിന്നു മ്യൂസിയത്തിനായി ശേഖരിച്ചിരുന്നു.
പഴയകാല ഗ്രാമീണജീവിതത്തിന്റെ അടയാളങ്ങളായ ചുമടുതാങ്ങി, മാടക്കട, കൈവണ്ടി, പടിപ്പുര, തുളസിത്തറ, പശുത്തൊഴുത്ത്, പത്തായം, അരിപ്പെട്ടി തുടങ്ങി 150-ൽപ്പരം വസ്തുക്കൾ മ്യൂസിയത്തിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. മ്യൂസിയത്തിന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ ഓണാട്ടുകര പുസ്തകമൂലയിൽ ഓണാട്ടുകരയിലെ 234 എഴുത്തുകാരുടെ 587 പുസ്തകങ്ങളുമുണ്ട്. ശില്പി അനിൽ കട്ടച്ചിറ പൂർത്തീകരിച്ച ആറടി ഉയരമുള്ള ധ്യാനാവസ്ഥയിലുള്ള ബുദ്ധപ്രതിമയും മ്യൂസിയത്തിന്റെ പ്രധാന ആകർഷണമായിരുന്നു.
ജനകീയാസൂത്രണ പദ്ധതിയുടെ രജതജൂബിലി സ്മാരകമായി 18 ലക്ഷം രൂപ ചെലവഴിച്ചാണ് മ്യൂസിയം യാഥാർഥ്യമാക്കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശഭരണ സ്ഥാപനം ഇത്തരമൊരു പദ്ധതി ഏറ്റെടുത്തു നടപ്പാക്കിയത്. പ്രവൃത്തിദിവസങ്ങളിൽ രാവിലെ പത്തുമുതൽ വൈകീട്ട് അഞ്ചുവരെ പൊതുജനങ്ങൾക്ക് സൗജന്യമായി മ്യൂസിയം കാണാനുള്ള സൗകര്യവുമുണ്ടായിരുന്നു. വിദ്യാർഥികൾക്ക് പഠനസംബന്ധമായ പ്രോജക്ടുകൾ തയ്യാറാക്കാനും ഗവേഷകർക്ക് കാർഷിക, ഗ്രാമീണ ജീവിതത്തെ അടുത്തറിയാനും ഏറെ സഹായകരമായിരുന്ന മ്യൂസിയം അടഞ്ഞുകിടക്കുന്നത് ചരിത്രാന്വേഷികളെ ഒട്ടൊന്നുമല്ല വേദനിപ്പിക്കുന്നത്.
നവീകരണത്തിന് ഫണ്ടനുവദിച്ചു
മ്യൂസിയത്തിന്റെ പല ഭാഗങ്ങളും ജീർണാവസ്ഥയിലായതിനാൽ നവീകരിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ട്. താമസിയാതെ നവീകരണം പൂർത്തീകരിച്ച് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി മ്യൂസിയം തുറന്നു കൊടുക്കും.
കെ. മധുസൂദനൻ
പ്രസിഡന്റ്, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത്