റോഡുകൾ നന്നാക്കി, പാലങ്ങൾ വന്നു പക്ഷേ, യാത്രാദുരിതത്തിന് അറുതിയില്ല

വെൺമണി : പുതിയ റോഡുകളും പാലങ്ങളും വന്നെങ്കിലും വെൺമണിയിലെ യാത്രാദുരിതത്തിനു പരിഹാരമായില്ല. കെ.എസ്.ആർ.ടി.സി., സ്വകാര്യ ബസുകളുടെ കുറവാണ് സാധാരണക്കാരെ വലയ്ക്കുന്നത്. നേരത്തേയുണ്ടായിരുന്ന പല സർവീസുകളും നിലച്ചു. മുൻപ് കോടുകുളഞ്ഞി വഴി പന്തളത്തേക്ക് ഒട്ടേറെ ബസുകൾ ഉണ്ടായിരുന്നു. മാവേലിക്കരയിൽനിന്ന് വെൺമണി വഴി പന്തളത്തേക്ക് സ്വകാര്യ
ബസുകളും ഉണ്ടായിരുന്നു. ഇപ്പോൾ ഈ സർവീസുകളെല്ലാം നിന്നു. ഇപ്പോഴുള്ള ഏക സർവീസ് ചെങ്ങന്നൂരിൽനിന്നു പാറച്ചന്ത-ഇല്ലത്തുമേപ്പുറം വഴി വെൺമണി കല്യാത്ര ജങ്‌ഷനിൽ വന്നു
തിരിച്ചുപോകുകയാണ്. കോടുകുളഞ്ഞി വഴിയുള്ള സർവീസ് നാമമാത്രമായി. കഴിഞ്ഞകാലങ്ങളിൽ വെൺമണി വഴി സർവീസ് നടത്തിയിരുന്ന അര ഡസനിൽക്കൂടുതൽ ബസുകളാണ് നിർത്തിയത്. ഇതിൽ സ്വകാര്യ ബസുകളുമുണ്ട്. കായംകുളം-പത്തനംതിട്ട, ആലപ്പുഴ-പത്തനംതിട്ട, ചെങ്ങന്നൂർ-തിരുവനന്തപുരം, ചെങ്ങന്നൂർ-വെട്ടിക്കോട് ക്ഷേത്രം, ചെങ്ങന്നൂർ-അടൂർ, ചെങ്ങന്നൂർ-ചാരുംമൂട്, ചെങ്ങന്നൂർ-വെൺമണി സ്റ്റേ ബസ് രണ്ടെണ്ണം എന്നിവ നിർത്തിയവയിൽ ഉൾപ്പെടുന്നു. ഇതുമൂലം കഷ്ടപ്പെടുന്നത് വിദ്യാർഥികളും സാധാരണക്കാരുമാണ്. രാത്രി ഏഴു കഴിഞ്ഞാൽ ചെങ്ങന്നൂരിൽനിന്ന് വെൺമണിയിലേക്ക് ഓട്ടോ പിടിക്കേണ്ട സാഹചര്യമാണ്.
ബസ് സർവീസുകൾ നിലച്ചതോടെ വെൺമണിയിലുള്ളവർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാതെപോകുന്നു. പ്രിയദർശിനി പദ്ധതിയുടെ സൗജന്യ യാത്രാനുകൂല്യവും നഷ്ടപ്പെടുകയാണ്. അതേസമയം, കോടികൾ മുടക്കിയാണ് വെൺമണിയെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പാലങ്ങൾ പണിതിരിക്കുന്നത്. ശാർങ്ഗക്കാവ് പാലം ഉദ്ഘാടനം ചെയ്തെങ്കിലും അതുവഴി ബസ് സർവീസ് തുടങ്ങിയില്ല. ചാരുംമൂട് ഭാഗത്തേക്ക് ഈ പാലത്തിലൂടെ ബസ് സർവീസ് തുടങ്ങാം. മാങ്കാംകുഴിയുമായി ബന്ധിപ്പിക്കുന്ന ചക്കുളത്തുകടവ് പാലം ഉടൻ തുറക്കും. ഈ സാഹചര്യത്തിൽ വെൺമണിയിലെ യാത്രാദുരിതത്തിനു പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.