കാട്ടുപന്നി ശല്യത്തിൽ വലഞ്ഞ് വെൺമണിയിലെ കർഷകർ

വെൺമണി : വെൺമണി പഞ്ചായത്തിൽ കാട്ടുപന്നികൾ കൂട്ടമായെത്തി കൃഷി നശിപ്പിച്ചതോടെ കർഷകർ കണ്ണീരിൽ. വെൺമണി വി.എഫ്.സി.കെ. വിപണിയുടെ പിൻഭാഗത്തെ കൃഷിയിടങ്ങളിലെ വാഴയും പച്ചക്കറികളും കിഴങ്ങുവർഗങ്ങളും നശിപ്പിച്ചു. നാലാംവാർഡ് ചാങ്ങമല കിഴക്കേഭാഗം ചക്കാലത്തു ഡാനിയേൽ സദനത്തിൽ ശാന്തമ്മയുടെ പുരയിടത്തിലും പന്നികൾ കയറി കപ്പ, ചേമ്പ്, വാഴ എന്നിവ നശിപ്പിച്ചു. മൂന്നാംവാർഡിലും ആറാം വാർഡിലും പന്ത്രണ്ടാംവാർഡിലും സമാന സ്ഥിതിയാണുള്ളത് പഞ്ചായത്തിലെ എല്ലാ വാർഡുകളിലും കാട്ടുപന്നിശല്യം രൂക്ഷമാണ്. ഇക്കാരണത്താൽ കർഷകർ കൃഷിയിറക്കാൻ മടിക്കുകയാണ്.
ആക്രമണകാരികളായ പന്നികളെ വെടിവെച്ചുകൊല്ലുന്നതിനു മാനദണ്ഡങ്ങളോടെ സർക്കാർ ഉത്തരവ് നൽകിയെങ്കിലുംഇവയുടെ ശല്യം കുറയ്ക്കാൻ കഴിഞ്ഞിട്ടില്ല. ഓരോ വർഷവും കൂടിവരുകയാണ്. സന്ധ്യകഴിഞ്ഞാൽ ആളുകൾക്കു പുറത്തിറങ്ങാനും ഭയമാണ്. എപ്പോൾ വേണമെങ്കിലും ഇവ ആക്രമണകാരികളാകും. വെൺമണിയിൽ പന്നിയെ കൊല്ലുന്നതിനു പഞ്ചായത്ത് ഷൂട്ടറെ നിയോഗിച്ചിരുന്നു. എന്നാൽ, പന്നിശല്യം കൂടിവരുന്ന സാഹചര്യത്തിൽ കൂടുതൽ ഷൂട്ടർമാരെ നിയോഗിക്കണമെന്നാണ് കർഷകരുടെ ആവശ്യം. പന്നികൾ നശിപ്പിക്കുന്ന കൃഷിക്ക് വനംവകുപ്പിൽനിന്നു നഷ്ടപരിഹാരം ലഭിക്കുമെങ്കിലും ഇതു കിട്ടാൻ കടമ്പകളേറെയാണ്.
പന്നി നശിപ്പിച്ച കൃഷിയിടത്തിൽനിന്നുള്ള കർഷകന്റെ ഫോട്ടോ, കൃഷി ഓഫീസറുടെ റിപ്പോർട്ട് തുടങ്ങിയ വിവരങ്ങൾ ഓൺലൈനായി വനംവകുപ്പിനു നൽകണം. അപേക്ഷ നൽകിയാലും നഷ്ടപരിഹാരം ലഭിക്കാൻ കാലതാമസമെടുക്കും. അതേസമയം പഞ്ചായത്ത് ഷൂട്ടറെ നിയോഗിച്ചിട്ടുണ്ടെന്നും പന്നികളുടെ ശല്യം പൂർണമായി ഇല്ലാതാക്കാൻ സാധിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി. വർഗീസ് പറഞ്ഞു.