കേന്ദ്രത്തിന്റെ പച്ചക്കൊടി

എ.സി. കനാൽ ദേശീയ പൈതൃക-വിനോദസഞ്ചാര ജലപാതയാക്കും

ആലപ്പുഴ : ആലപ്പുഴ-ചങ്ങനാശ്ശേരി (എ.സി.) കനാലിനെ ദേശീയ പൈതൃക-വിനോദസഞ്ചാര ജലപാതയായി വികസിപ്പിക്കുന്നതിനുള്ള നിർദേശത്തിന്‌ കേന്ദ്രസർക്കാരിന്റെ അനുകൂല പ്രതികരണം. എ.സി.കനാലിന്റെ പൈതൃക, വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തി പദ്ധതി നടപ്പാക്കുന്നതിനായി കേരള ടൂറിസം വകുപ്പുമായി ചേർന്ന് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാമെന്ന്‌ കേന്ദ്ര തുറമുഖ, കപ്പൽ ഗതാഗത, ജലപാതവകുപ്പ് മന്ത്രി സർബാനന്ദ സോണോവാൾ കൊടിക്കുന്നിൽ സുരേഷ് എം.പി.ക്ക് അയച്ച കത്തിൽ അറിയിച്ചു. ​എ.സി. കനാലിനെ പൈതൃക-വിനോദസഞ്ചാര ജലപാതയായി വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി. കേന്ദ്രമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.

ഐ.ഡബ്ല്യു.എ.ഐ.യുടെ വിലയിരുത്തൽ പ്രകാരം കിടങ്ങറ ഭാഗത്തെ 24-ാം കിലോമീറ്ററിലുള്ള താഴ്ന്ന പാലം കാരണം തടസ്സപ്പെടുന്ന ഭാഗം ഒഴികെ എ.സി. കനാൽ നിലവിൽ ഗതാഗതയോഗ്യമാണ്. കനാലിന്റെ നിലവിലുള്ള ജലഗതാഗതസാധ്യതകൾ വിനോദസഞ്ചാര ആവശ്യങ്ങൾക്കായി കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനുള്ള കാര്യങ്ങളും കേന്ദ്രസർക്കാർ പരിഗണിച്ചിട്ടുണ്ട്.

ദേശീയ ജലപാത-8 ആരംഭിക്കുന്ന ആലപ്പുഴയിൽ ഐ.ഡബ്ല്യു.എ.ഐ. ടെർമിനൽ വികസനം, പോളകൾ നീക്കംചെയ്യൽ, ഹൈഡ്രോഗ്രാഫിക് സർവേ, തീരസംരക്ഷണം തുടങ്ങിയ വിവിധ അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾ ഇതിനകം നടപ്പാക്കിയിട്ടുണ്ട്. കൂടാതെ, 15 കേന്ദ്രങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന നാവിഗേഷൻ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ക്രൂസ് ടൂറിസത്തിന് കൂടുതൽ പ്രോത്സാഹനം നൽകുന്നതിനായി വൈക്കം, തണ്ണീർമുക്കം, ആലപ്പുഴ, കായംകുളം എന്നിവിടങ്ങളിൽ നാല് എച്ച്.ഡി.പി.ഇ. ഫ്ലോട്ടിങ് ജെട്ടികൾ അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ഇവ ദേശീയ ജലപാത-3, ദേശീയ ജലപാത-8, ദേശീയ ജലപാത-9 എന്നിവയുമായി ബന്ധപ്പെടുത്തി വിനോദസഞ്ചാര ജലഗതാഗതം വികസിപ്പിക്കുന്നതിന് പ്രയോജനപ്പെടുത്താനാകും.

എ.സി. കനാലിന്റെ തീരപ്രദേശങ്ങളിൽ വാട്ടർ പ്രൊമനേഡുകൾ, വിനോദസഞ്ചാരികൾക്കുള്ള വിശ്രമ-വിനോദ സൗകര്യങ്ങൾ, അനുബന്ധ ഓൺഷോർ അടിസ്ഥാനസൗകര്യങ്ങൾ എന്നിവ ഒരുക്കുന്നതിന്‌് സംസ്ഥാന സർക്കാരിന്റെ ഇടപെടൽ അനിവാര്യമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ടൂറിസം മേഖലയിലെ പങ്കാളികൾ, പ്രാദേശികസമിതികൾ എന്നിവരെ ഉൾപ്പെടുത്തി പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ ക്രൂസ് സർവീസുകൾ ആരംഭിക്കുന്നതിനുള്ള സാധ്യതയും കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പദ്ധതി യാഥാർഥ്യമാക്കുന്നതിനായി കേരള ടൂറിസം വകുപ്പുമായും ബന്ധപ്പെട്ട കേന്ദ്ര ഏജൻസികളുമായും ഏകോപനം നടത്തി ആവശ്യമായ തുടർനടപടികൾ വേഗത്തിലാക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി. അറിയിച്ചു.