കാവാലം-തട്ടാശ്ശേരി പാലം: കാത്തിരുന്ന നിർമാണപ്രവർത്തനം മന്ദഗതിയിൽ

കാവാലം : നാട്ടുകാർ ചോദിക്കുന്നു കാവാലം-തട്ടാശ്ശേരി പാലം യാഥാർഥ്യമായിക്കാണാൻ എത്രനാൾ കാക്കണം. ജൂൺ മാസത്തിൽ ആരംഭിച്ച നിർമാണപ്രവർത്തനം തുടക്കത്തിൽ അതിവേഗം പുരോഗമിക്കുന്നു എന്നു കരുതിയെങ്കിലും ആഴ്ചകൾ പിന്നിട്ടപ്പോഴേക്കും വേഗത കുറഞ്ഞതായാണ് നാട്ടുകാരുടെ ആക്ഷേപം. പാലംനിർമാണത്തിന്റെ ആദ്യഘട്ടം എന്ന നിലയിൽ ജൂൺ ആദ്യയാഴ്ച പൈലിങ് ജോലികൾ തുടങ്ങിയതാണ്.
തട്ടാശ്ശേരിയിലും മറുകരെ കാവാലത്തും ആറ്റിലുമായി 116-ഓളം പൈലുകളാണ് വേണ്ടത്. ആഴ്ചയിൽ മൂന്നുവീതം എന്ന നിലയിൽ എത്രയുംവേഗം പൈലുകളുടെ നിർമാണം പൂർത്തിയാക്കുമെന്നാണ് നിർമാണച്ചുമതലയുള്ള ഉദ്യോഗസ്ഥർ തുടക്കത്തിൽ പറഞ്ഞിരുന്നത്. ഇപ്പോൾ നാലുമാസം പിന്നിട്ടിട്ടും 20 പൈലുകൾ മാത്രമാണ് പൂർത്തിയാക്കിയിട്ടുള്ളത്. നിർമാണത്തിലെ മന്ദഗതിയാണ് ഇതു സൂചിപ്പിക്കുന്നത്. ഇതാണ് നാട്ടുകാരെ ആശങ്കപ്പെടുത്തുന്നത്.
ജങ്കാർ സർവീസ് മാറ്റാൻ വൈകുന്നതും ബില്ലു മാറാത്തതും തടസ്സമാകുന്നു
ജങ്കാർ സർവീസ് മാറ്റിസ്ഥാപിക്കാൻ വൈകുന്നതും പ്രവൃത്തിയുടെ ബിൽ മാറിനൽകാൻ സർക്കാർ കാലതാമസം എടുക്കുന്നതും നിർമാണം മന്ദഗതിയിലാകുന്നതിനു കാരണമാകുന്നുണ്ടെന്നാണ് അറിയുന്നത്. ഒരു ടീമിനെക്കൂടി കൊണ്ടുവന്ന് ആറ്റിലും പൈലിങ് ജോലി ആരംഭിക്കാനുള്ള ശ്രമത്തിലാണ് കരാർ ഏറ്റെടുത്ത കമ്പനി. അതിനായുള്ള സാധനസാമഗ്രികൾ ഇറക്കിയിട്ടിരിക്കുകയുമാണ്.
എന്നാൽ, ജങ്കാർ സർവീസ് മാറ്റാതെ ജോലി ആരംഭിക്കാൻ കഴിയില്ല. പാലം നിർമാണം തുടങ്ങുന്ന ഘട്ടത്തിൽത്തന്നെ ജങ്കാർ സർവീസ് മാറ്റുന്നതു സംബന്ധിച്ച് നടപടികൾ തുടങ്ങിയതാണ്. കുന്നുമ്മ 40-ൽ ബോട്ടുജെട്ടിക്കു സമീപത്തുനിന്ന് മറുകരെ കാവാലം ലിസിയോ പള്ളിക്കു സമീപമുള്ള റോഡുമായി ബന്ധിപ്പിച്ച് ജങ്കാർ സർവീസ് നടത്തുന്നതിനു സ്ഥലം കണ്ടെത്തിയിട്ടുണ്ട്.
അവിടെയുള്ള സ്ഥലമൊരുക്കി കല്ലുകെട്ടി കോൺക്രീറ്റ് ചെയ്യുന്ന ജോലി പുരോഗമിക്കുകയാണ്. ഈ മാസം അവസാനത്തോടെ ജങ്കാർ സർവീസ് അങ്ങോട്ടു മാറ്റാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.കരാർ കമ്പനിയുടെ ബിൽത്തുക വൈകുന്നത് പ്രവൃത്തിയുടെ മെല്ലെപ്പോക്കിനു കാരണമാകുന്നുണ്ട്. ബിൽ സമർപ്പിച്ച് നാളുകൾ കഴിഞ്ഞിട്ടും പണം ലഭിക്കാത്തത് കമ്പനിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
കടുത്ത യാത്രാദുരിതം
കാവാലം, നീലംപേരൂർ പഞ്ചായത്തുകളിലുള്ളവർക്ക് ആലപ്പുഴയിലോ സമീപത്തുള്ള താലൂക്ക് ആശുപത്രിയിലോ പോകണമെങ്കിൽ മറുകരെ എത്തണം. ജങ്കാർ സർവീസും കടത്തുവള്ളവും മാത്രമാണ് മറുകര താണ്ടാനുള്ള ജനങ്ങളുടെ ആശ്രയം. വൈകുന്നേരമായിക്കഴിഞ്ഞാൽ ജങ്കാർ സർവീസ് നിർത്തുന്ന സ്ഥിതിയാണ്. കടത്തുവള്ളവും ആവശ്യത്തിനുണ്ടാകില്ല. പഞ്ചായത്ത് അഞ്ചു വള്ളങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടെങ്കിലും ഒന്നോ രണ്ടോ വള്ളങ്ങൾ മാത്രമാണുണ്ടാകുക. യാത്രക്കാരെ കുത്തിനിറച്ച് കൊണ്ടുപോകുന്ന സ്ഥിതിയാണ്. കൂലി അഞ്ചുരൂപ മുതൽ വാങ്ങുന്നുമുണ്ട്.
പാലം യാത്രാക്ലേശത്തിനു പരിഹാരമാകും
കാവാലം പാലം എത്രയും പെട്ടെന്ന് യാഥാർഥ്യമാക്കണം. കാവാലം, നീലംപേരൂർ, പുളിങ്കുന്ന് പഞ്ചായത്തുകളിലുള്ളവർക്ക് എളുപ്പത്തിൽ കോട്ടയത്തേക്കും ആലപ്പുഴയിലേക്കും പോകുന്നതിന് പാലം എത്രയുംവേഗം യാഥാർഥ്യമാക്കേണ്ടത് ആവശ്യമാണ്. വിദ്യാർഥികൾക്കും രോഗികളായിട്ടുള്ളവർക്കും ഇത് ഏറെ ഗുണം ചെയ്യും.
ഗോപാലകൃഷ്ണപിള്ള
പൂതിയോട്, കാവാലം
പൊതുവികസനം സാധ്യമാകും
കാവാലം പാലം യാഥാർഥ്യമാകുന്നതിലൂടെ കുട്ടനാടിന്റെ പൊതുവികസനം സാധ്യമാകും. ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളേജുകളിലെ സേവനം കുട്ടനാട്ടുകാർക്ക് ഒരുപോലെ ലഭ്യമാകും.
ഷെരീഫ് കാവാലം
പൊതുപ്രവർത്തകൻ