നാരങ്ങാ മിഠായിയോ വിദേശമിഠായിയോ ഒന്നുമല്ല, ഇവ വാഴത്തോട്ടത്തിലെ ബീഡിതെറുപ്പുകാർ, ശ്രദ്ധ വേണം

#സുരേഷ് മുതുകുളം
വാഴയിലയിലെ ഇലതീനിപ്രാണിയുടെ മുട്ടകൾ
വാഴയിലയിലെ ഇലതീനിപ്രാണിയുടെ മുട്ടകൾ

ണ്ടാൽ നാവിലിട്ടാൽ അലിഞ്ഞിറങ്ങുന്ന നല്ല നാരങ്ങാ മിഠായിയോ മറ്റേതോ മുന്തിയ വിദേശമിഠായിയോ ആണെന്നേ തോന്നൂ. എന്നാൽ, സംഗതി ഇതൊന്നുമല്ല വാഴ ചെങ്കണ്ണി അല്ലെങ്കിൽ ബനാന സ്കിപ്പർ എന്ന ഇലതീനിപ്രാണിയുടെ മുട്ടകളാണെന്നു പറഞ്ഞാൽ വിശ്വസിക്കുമോ

സ്വതന്ത്രമായി ഇലവീശി വളരാനിഷ്ടപ്പെടുന്ന വാഴയുടെ ഇലയരികുകൾ നിറയെ കാതിൽ കുണുക്കുതൂക്കിയതുപോലെ ചുരുളുകൾ കണ്ടാൽ ഉറപ്പാക്കാം, ഈ ഇലചുരുട്ടി വിദ്വാൻ വാഴത്തോട്ടത്തിൽ വിളയാടാൻ തുടങ്ങിയിരിക്കുന്നുവെന്ന്.

വാഴയിലയുടെ അരികുകൾ ഒരു ബീഡിതെറുപ്പുകാരന്റെ വൈഭവത്തോടെ ചുരുട്ടിച്ചുരുട്ടി സിഗരറ്റ് കുറ്റികളുടെ മാതൃകയിലാക്കുകയാണ് ഈ ഇലച്ചെകുത്താന്റെ വിരുത്. ഇത്തരം സിഗരറ്റ് ചുരുളുകൾ ഇങ്ങനെ വാഴയിലയിൽ നിറഞ്ഞുനിൽക്കുന്നതു കാണാം. എന്നിട്ട് ചുരുളുകൾക്കുള്ളിലിരുന്ന് പുഴു, ഇലപ്പച്ച നൊട്ടിനുണയും. തിളക്കമുള്ള കറുപ്പുതലയനായ പച്ചപ്പുഴുവിന് ചന്തംചാർത്താൻ എന്നപോലെ പ്രകൃതി അതിന്റെ പുറത്ത് ഒരുതരം വെളുത്ത പൊടി പൗഡർപോലെ പൂശിയിട്ടുമുണ്ടാകും.

ഫലത്തിൽ വാഴയ്ക്ക് ക്ഷീണം, വിളർച്ച, അവശത, വിളവുകുറവ്, തീരേ ചെറിയ കുലകൾ, അതുതന്നെ വേണ്ടവിധം പഴുക്കാതെ പോകുക എന്നുവേണ്ട ആകെ പ്രശ്നം. സംഗതി വെറുമൊരു പുഴുവല്ലേ എന്നാണ് ചോദ്യമെങ്കിൽ നിങ്ങൾക്കു തെറ്റി. വാഴപ്പഴവ്യവസായത്തെ തുരങ്കംവെക്കുന്ന ശല്യക്കാരനായാണ് ചെങ്കണ്ണിയെ സംരംഭകലോകം പറയുന്നത്. സഞ്ചാരപ്രിയനുമാണ് വാഴച്ചെങ്കണ്ണി. ഇലയിൽ പറ്റിക്കൂടിയ മുട്ടകളായും വാഴക്കന്ന് വഴിയുമെല്ലാം ഇത് കര-കപ്പൽ-വ്യോമ മാർഗം എല്ലായിടത്തും എത്തിച്ചേരും.

പറയുന്നതുപോലെ അത്ര എളുപ്പമല്ലെങ്കിലും ചുരുളുകൾ കയ്യെത്തിനീക്കാൻ കഴിഞ്ഞാൽ നന്ന്. ജൈവകീടനാശിനിയായ ബിടി-ബാസിലസ് തുരിഞ്ചിയെൻസിസ് സ്‌പ്രേ ചെയ്ത് നിയന്ത്രിക്കാൻ ശുപാർശയുണ്ട്. മൂന്നുമില്ലി ഒരു ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച്, വേപ്പെണ്ണയും സോപ്പും ചേർത്ത മിശ്രിതം തളിക്കുന്നതും ഗുണംചെയ്യും.

അല്പം രാസപ്രയോഗം നിർബന്ധമെങ്കിൽ ക്ലോറാൻ ട്രാനിലിപ്രോൾ 18.5 SC എന്ന പുതുതലമുറ കീടനാശിനി മൂന്നുമില്ലി 10 ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് ഇലകളിൽ തളിക്കാം. ജൈവകീടനാശിനിയായ സ്പിനോസാഡും ഫലപ്രദമാണ്.

Content Highlights: Identify and control banana skipper infestations. Learn effective organic and chemical methods for healthy banana plants and increased yields.