ആ മണം പേടിച്ചാരും ഈ വഴി നടപ്പീല! സ്‌നേഹവും വെറുപ്പും ഒരുപോലെ ഏറ്റുവാങ്ങിയ സ്വര്‍ഗതുല്യ സ്വാദുള്ള പഴം

#സുരേഷ് മുതുകുളം
മലേഷ്യയിലെ ബട്ടു പഹാട്ടിലെ ദുറിയൻ ഫാമിൽ ഒരു തൊഴിലാളി ദുറിയൻ പഴം മുറിച്ചതുമായി  | Photo :Mohd RASFAN / AFP
മലേഷ്യയിലെ ബട്ടു പഹാട്ടിലെ ദുറിയൻ ഫാമിൽ ഒരു തൊഴിലാളി ദുറിയൻ പഴം മുറിച്ചതുമായി | Photo :Mohd RASFAN / AFP

'സ്വര്‍ഗതുല്യമായ സ്വാദും നരകതുല്യമായ ഗന്ധവും!' ('A Hellish smell but a Heavenly taste') സാക്ഷാല്‍ വാനിലയുടെയും ബദാമിന്റെയും കരാമലിന്റെയും സമ്മിശ്രമായ സ്വാദ് എന്ന് ചിലര്‍; ഇനിയും ചിലര്‍ക്ക് വാനിലയുടെയും വെളുത്തുള്ളിയുടെയും കുരുമുളകിന്റെയും പതപ്പിച്ചെടുത്ത ക്രീമിന്റെയും സ്വാദാണ്; കഴിച്ചാല്‍ രസമുകുളങ്ങളെ ത്രസിപ്പിക്കുന്ന, ദീര്‍ഘനേരം തങ്ങിനില്‍ക്കുന്ന സവിശേഷ സ്വാദ് എന്ന് പറയുന്നവരും കുറവല്ല. പറഞ്ഞുവരുന്നത് 'ഫലങ്ങളിലെ രാജന്‍' (King of Fruits) എന്ന് പേരെടുത്ത ദുരിയന്‍ പഴത്തെക്കുറിച്ചാണ്. സ്വാദില്‍ ഇത്രയേറെ വൈവിധ്യം പുലര്‍ത്തുന്ന മറ്റു പഴങ്ങള്‍ കുറവ്. എന്നാല്‍ ഇതിന്റെ ഗന്ധത്തെക്കുറിച്ചറിഞ്ഞാലോ? ഇത്രയും സ്വാദൂറും പഴത്തിന് ഇങ്ങനെയൊരു ഗന്ധമോ എന്ന് ആരും കരുതിപ്പോകും. 'ദുര്‍ഗന്ധവാഹി' എന്നൊറ്റ വാക്കില്‍ പറയാമെങ്കിലും നേരത്തെ സ്വാദ് വര്‍ണിച്ചതുപോലെ ദുരിയന്‍ പഴത്തിന്റെ ഗന്ധവും പണ്ടേക്കു പണ്ടേ അനുഭവസ്ഥര്‍ വര്‍ണിച്ചിട്ടുണ്ട്. 'ദുര്‍ഗന്ധമുള്ള പാല്‍ക്കട്ടി, മലിനജലം, അഴുകിയ ഉള്ളി, ഗന്ധകം, ടര്‍പ്പന്റൈന്‍' - ഇങ്ങനെ ദുരിയന്‍ പഴത്തിന്റെ സ്വതസിദ്ധമായ ഗന്ധം വര്‍ണിക്കാന്‍ പല വസ്തുക്കളെയും അനുഭവസ്ഥര്‍ കൂട്ടുപിടിക്കുന്നു. 

പാവം ദുരിയന്‍, പ്രകൃതി നല്‍കിയ ദുര്‍ഗന്ധം ഏറ്റുവാങ്ങി, പലകുറി പഴികേട്ടു. എങ്കിലും ഇന്നും ലോകമെങ്ങുമുള്ള ഫലപ്രേമികളുടെ ഇഷ്ടഫലമാണ് ദുരിയന്‍ എന്ന കാര്യത്തില്‍ തെല്ലും സംശയമില്ല. ആര്‍ക്കെല്ലാം ദുരിയന്‍ മോശക്കാരനെന്ന് പറഞ്ഞാലും തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ദുരിയന്‍ 'ഫലങ്ങളിലെ രാജന്‍' എന്ന ഓമനപേരിലാണറിയപ്പെടുന്നത്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ മലേഷ്യ, തായ്‌ലന്റ്, ഇന്തോനേഷ്യ, കമ്പോഡിയ, വിയറ്റ്‌നാം, ശ്രീലങ്ക, ചൈനയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ജനപ്രിയ ഫലമാണ് ദുരിയന്‍. ലോകത്ത് ആകെ ഉല്പാദിപ്പിക്കുന്ന ദുരിയന്‍ പഴത്തിന്റെ 90 ശതമാനവും മലേഷ്യയുടെയും തായ്‌ലന്റിന്റെയും സംഭാവനയാണ്.

Content Highlights: Discover Durian fruit Explore its history, cultivation, and health benefits

Continue reading