ഒരു മരത്തിൽ നിന്ന് 11000 പഴം വരെ; നൃത്തച്ചുവടുകളെ ഓർമിപ്പിക്കുന്ന ‘അച്ചാച്ചെറു’

'ഒന്ന്, രണ്ട്, മൂന്ന്... ചാ -ച -ചാ….’ ജനപ്രിയമായ ഒരു ആഫ്രോ-ക്യൂബൻ ലാറ്റിൻ നൃത്തത്തിന്റെ ദ്രുതഗതിയിലുള്ള ചുവടുവയ്പുകളാണിത്. ആവേശകരമായ സംഗീതത്തിനൊപ്പം അതിവേഗത്തിലുള്ള കാൽച്ചുവടുകളും ഊർജസ്വലമായ സംഗീതവും ചേർന്നതാണ് ഈ നൃത്തത്തിന്റെ പ്രത്യേകത. 'ഒന്ന്, രണ്ട്, മൂന്ന്, ചാ-ച-ചാ' എന്ന താളക്രമത്തിലാണ് ഇതിലെ ചുവടുകൾ ക്രമീകരിച്ചിരിക്കുന്നത്. 'ചാ-ച-ചാ 'നൃത്തച്ചുവടുകൾ ഒരു മധുരഫലത്തിന്റെ പ്രചാരവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയ ഉൾപ്പടെയുള്ള വിദേശരാജ്യങ്ങളിൽ പരക്കെ ഉപയോഗിച്ച് വരുന്നുണ്ട്. കൗതുകകരമായ ഈ പഴത്തിന്റെ പേര് 'അച്ചാചെറു' എന്നാണ്. അച്ചാചെറു ചുരുക്കി സ്നേഹപൂർവം 'അച്ചാച്ച' എന്നും വിളിക്കാറുണ്ട്. ഇതിന്റെ പേര് ആദ്യകാലത്തു കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും വലിയ പുതുമ ആയിരുന്നു. അതേവരെ ഒരു ചെടിക്കോ ഫലത്തിനോ കേട്ടിട്ടില്ലാത്ത ഒരു പ്രത്യേകതരം പേര്. എന്നാൽ അത് ഓർക്കാനും വിപണിയിൽ അനായാസം പേര് പറഞ്ഞു വിൽക്കാനും വഴിയോര കച്ചവടക്കാർക്ക് ആ പേര് എളുപ്പം പറയാനുമൊക്കെയാണ് 'അച്ചാച്ച' പഴത്തിന് 'ചാ-ച-ചാ' നൃത്തവുമായി ഉച്ചാരണത്തിലുള്ള സാമ്യം ഉപയോഗപ്പെടുത്തിയത്. 'ചാ-ചാ' എന്ന നൃത്തച്ചുവടുകളോർത്താൽ മതി 'അച്ചാച്ച' എന്ന പഴത്തെക്കുറിച്ചോർക്കാൻ എന്ന് എല്ലാവരും ഇതേക്കുറിച്ചു പറയാൻ തുടങ്ങി. ആഫ്രോ-ക്യൂബൻ നൃത്തത്തിന്റെ ആരാധകരായ ജനങ്ങളെല്ലാം ഒരർഥത്തിൽ അച്ചാച്ച പഴത്തിന്റെ ആരാധകരും പ്രചാരകരുമായി.
'നിങ്ങൾ 'ചാ-ച 'നൃത്തത്തെക്കുറിച്ചോർക്കൂ, അപ്പോൾ ആർക്കും ഈ പഴത്തെക്കുറിച്ചു ഓർക്കാനും പേര് ഉച്ചരിക്കാനും അനായാസം കഴിയും. ഇതായിരുന്നു പ്രചാരത്തിൽ ഉണ്ടായിരുന്ന വാചകം. അച്ചാച്ച പഴം കഴിച്ചാൽ അതിന്റെ ഊർജസ്വലമായ സ്വാദും നേരിയ പുളിരസവുമെല്ലാം നിങ്ങളെ ഉന്മേഷവാന്മാരാക്കും, നൃത്തം ചെയ്യാൻ പ്രേരിപ്പിക്കും . ഈയർഥത്തിൽ അച്ചാചെറു പഴത്തിന് 'നൃത്തം ചെയ്യുന്ന ഫലം 'അഥവാ 'ഡാൻസിങ് ഫ്രൂട്ട്' എന്നും പേര് കിട്ടി. ചുരുക്കത്തിൽ ആമസോണിലെ ബൊളീവിയൻ സ്വദേശിയെങ്കിലും ചാ-ച നൃത്തവുമായി ബന്ധപ്പെടുത്തിയത് നിമിത്തം ഓസ്ട്രേലിയയിലാണ് ഈ പഴം ഏറ്റവുമധികം വാണിജ്യപരമായി വളർത്തിയതും വിറ്റഴിച്ചതും എന്ന് പറയാം. ജനമനസ്സിൽ ആഴത്തിൽ പതിഞ്ഞ ഒരു കലാരൂപവുമായി ബന്ധപ്പെടുത്തിയതാണ് അവിടെ ഈ പഴം ഇത്രയേറെ പ്രചാരം നേടാൻ കാരണവും.
Content Highlights: Discover the exotic Achacha fruit, native to Bolivia and famously linked to the "Cha-Cha" dance. Learn about its unique taste, cultivation, and health benefits.