ചൂരൽമലയുടെ നൊമ്പരം ഉള്ളിലൊതുക്കി ഹർഷാന ഡോക്ടറായി

അമ്പലപ്പുഴ : ഹർഷാന ഡോക്ടറായി തിരികെയെത്തുമ്പോൾ പൂവണിയുന്നത് ഒരു ഗ്രാമത്തിന്റെ സ്വപ്നമാണെങ്കിലും ആ സന്തോഷം പങ്കുവെക്കാൻ ചൂരൽമലയെന്ന ഗ്രാമം ഇന്ന് ഓർമ്മകളിലേയുള്ളൂ. ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസ്. ബിരുദം ഏറ്റുവാങ്ങിയ ഹർഷാന, വയനാട് ചൂരൽമലയിലെ ആദ്യ എം.ബി.ബി.എസ്. വിദ്യാർഥിനിയാണ്. ചൂരൽമലയെന്നൊരു നാടുണ്ടായിരുന്നെങ്കിൽ ഡോ. ഹർഷാനയെ അവർ ആഘോഷമായി സ്വീകരിക്കുമായിരുന്നു.

ഉരുൾപൊട്ടലിൽ നാടും വീടും നഷ്ടപ്പെട്ട ഹർഷാനയ്ക്ക് ബന്ധുക്കളിൽ പലരെയും നഷ്ടപ്പെട്ടിരുന്നു. തോട്ടം തൊഴിലാളികളായിരുന്ന അലിയാർകുട്ടിയുടെയും റഹീമയുടെയും മകളായ ഹർഷാന, ചൂരൽമല വെള്ളാർമല സ്‌കൂളിലെ പൂർവവിദ്യാർഥിനിയാണ്. പത്താംക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഉണ്ടായിരുന്നു. ചൂരൽമലയിൽനിന്ന് ആദ്യമായി എം.ബി.ബി.എസ്. പ്രവേശനം ലഭിച്ച ഹർഷാനയെ ഉരുൾപൊട്ടലിനു മുൻപത്തെ വർഷം അന്ന് വെള്ളാർമല സ്‌കൂൾ അധ്യാപകനായിരുന്ന വി. ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ അനുമോദിച്ചിരുന്നു.

തേയില എസ്റ്റേറ്റിലെ പാഡി റൂമിലാണ് ഹർഷാനയുടെ കുടുംബം കഴിഞ്ഞിരുന്നത്. ചൂരൽമലയിൽ ഇവർ പുതുതായി നിർമിച്ച വീട്ടിൽ താമസം തുടങ്ങുംമുൻപാണ് ഉരുളെടുത്തത്.

ഉരുൾപൊട്ടലുണ്ടായ സമയത്ത് ഹർഷാന ആലപ്പുഴ മെഡിക്കൽ കോളേജ് ഹോസ്റ്റലിലായിരുന്നു. ദുരന്തമടങ്ങി നാട്ടിലെത്തിയപ്പോഴത്തെ കാഴ്ച ഇന്നും മായാത്ത നോവാണ്.

പ്രതിസന്ധികളോടു പൊരുതിനേടിയ വിജയമാഘോഷിക്കാൻ നാടും നാട്ടാരും വിദ്യാലയവും ഇല്ലാത്തതിന്റെ വേദന ഉള്ളിലൊതുക്കിയാണ് ഹർഷാന എം.ബി.ബി.എസ്. ബിരുദം ഏറ്റുവാങ്ങിയത്. മാതാപിതാക്കൾക്കും അധ്യാപകൻ വി. ഉണ്ണിക്കൃഷ്ണനുമൊപ്പമാണ് ചടങ്ങിനെത്തിയത്.

കല്പറ്റ ടൗണിൽ പൂർത്തിയാകുന്ന ടൗൺഷിപ്പിൽ ഇവർക്ക് വീടനുവദിച്ചിട്ടുണ്ട്.