ഗ്യാനേഷ് കുമാർ രാജിവെക്കണം -എൽ.ഡി.എഫ്. ജനാധിപത്യ സംരക്ഷണറാലി

കല്പറ്റ : മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ്. ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കല്പറ്റയിൽ ജനാധിപത്യ സംരക്ഷണറാലി നടത്തി. രാജ്യത്തെ ഭരണഘടനയും ജനാധിപത്യവ്യവസ്ഥയും അട്ടിമറിക്കുന്ന മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരേ മുദ്രാവാക്യമുയർന്നു. എസ്.ഐ.ആറിലൂടെ കൃത്രിമം കാണിച്ച് ജനാധിപത്യത്തെ തകർക്കുന്ന ഗ്യാനേഷ് കുമാറിനെ ഉടൻ പുറത്താക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. നഗരസഭാ ഓഫീസ് പരിസരത്തുനിന്ന്‌ ആരംഭിച്ച റാലി ഹെഡ് പോസ്റ്റോഫീസ് പരിസരത്ത് സമാപിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറി കെ. റഫീഖ് ഉദ്ഘാടനം ചെയ്തു.

പി.കെ. മൂർത്തി അധ്യക്ഷനായി. ജില്ലാ കൺവീനർ സി.കെ. ശശീന്ദ്രൻ, കെ.കെ. ഹംസ, സി.എം. ശിവരാമൻ, ഷാജി ചെറിയാൻ, കെ. സുഗതൻ തുടങ്ങിയവർ സംസാരിച്ചു.