ജപ്പാനിലെ ‘ഹാപ്പി ഹിൽ’ ഉൾപ്പെടെ കാട്ടുപന്നി നശിപ്പിച്ചു

ദേശീയ പുരസ്കാരജേതാവിന് തീരാനഷ്ടം

അമ്പലവയൽ : മുപ്പതു വർഷത്തിലേറെയായി നെഞ്ചോട് ചേർത്തുപിടിച്ച് സംരക്ഷിച്ചുപോന്ന നാടൻ നെൽവിത്തുകൾ ഒറ്റരാത്രികൊണ്ട് ഇല്ലാതായതിന്റെ സങ്കടത്തിൽ ദേശീയപുരസ്‌കാര ജേതാവായ കർഷകൻ.

ചീരാൽ കല്ലിങ്കര മാത്തൂക്കുളങ്ങര സുനിൽകുമാറിന്റെ നെൽപ്പാടത്താണ് കഴിഞ്ഞദിവസം കാട്ടുപന്നികൾ വ്യാപകനാശനഷ്ടം വരുത്തിയത്. ജപ്പാനിൽനിന്നുൾപ്പെടെ കൊണ്ടുവന്ന് പരിപാലിച്ച അപൂർവ ഇനങ്ങൾ ഉൾപ്പെടെയുള്ളവയാണ് കാട്ടുപന്നികൾ നശിപ്പിച്ചത്.

തനതു നെൽവിത്തുകൾ സംരക്ഷിക്കുന്നതിന് പ്ലാന്റ് ജീനോം സേവിയർ ദേശീയപുരസ്കാരം ലഭിച്ച കർഷകനാണ് സുനിൽകുമാർ. വയനാടിന്റെ തനതു നെൽവിത്തിനങ്ങൾ ഉൾപ്പെടെ ഇരുനൂറിലധികം ഇനങ്ങളാണ് തന്റെ പാടത്ത് കൃഷിചെയ്തു പരിപാലിക്കുന്നത്. ഇത്തവണ സുഹൃത്തുവഴി ലഭിച്ച ജപ്പാനിലെ പ്രശസ്തമായ 'ഹാപ്പി ഹിൽ റൈസ്' ഇനമുൾപ്പെടെയുള്ളവ സുനിൽകുമാറിന്റെ പാടത്ത് കതിരിട്ടിരുന്നു. ഈ ഭാഗത്താണ് കഴിഞ്ഞദിവസം കാട്ടുപന്നികൾ ഇറങ്ങി പൂർണമായും നശിപ്പിച്ചത്. അപൂർവയിനം നെൽച്ചെടികൾ പന്നികൾ കുത്തിമറിച്ചിടുകയായിരുന്നു. പൂർണമായും ജൈവരീതിയിലാണ് സുനിൽകുമാർ ഈ വിത്തുകൾ സംരക്ഷിക്കുന്നത്. മൂന്ന് തവണയോളം കളപറിച്ചും ജീവാമൃതംമാത്രം നൽകിയും ഏറെ അധ്വാനിച്ചാണ് ഈ വിത്തുകളെല്ലാം കതിരിടുന്ന പാകംവരെ എത്തിച്ചത്. വലിയ സാമ്പത്തികനഷ്ടത്തിന് പുറമെ, മറ്റെങ്ങുംകിട്ടാത്ത അപൂർവയിനം നെൽവിത്തുകൾ നശിച്ചുപോയതാണ് ഈ കർഷകനെ കൂടുതൽ സങ്കടത്തിലാക്കുന്നത്.

മൂന്നു പതിറ്റാണ്ടിലേറെയായി താൻ നെൽകൃഷി ചെയ്യുന്നുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ഇതാദ്യമായാണെന്ന് സുനിൽകുമാർ പറയുന്നു.

പകൽസമയങ്ങളിൽ പക്ഷികളുടെ ശല്യമാണ്. രാത്രിയായാൽ കാട്ടുപന്നിക്കൂട്ടവും എത്തും. കാലാവസ്ഥാവ്യതിയാനം കാരണം നെൽകൃഷി വൻ പ്രതിസന്ധി നേരിടുന്നതിനിടയിലാണ് ഇരട്ടപ്രഹരമായി വന്യജീവി ശല്യവുമെത്തുന്നത്.

കാട്ടുപന്നികളെ പേടിച്ച് രാത്രികാലങ്ങളിൽ കൃഷിയിടത്തിൽ കാവൽ നിൽക്കുകയാണ് ഇപ്പോൾ സുനിൽകുമാറും കുടുംബവും. പരിസരത്തെ തോട്ടങ്ങൾ കാടുപിടിച്ചുകിടക്കുന്നതിനാൽ വന്യജീവികൾ അവിടെ തമ്പടിക്കുകയാണ്. വർഷങ്ങളായി കൃഷിചെയ്യാത്ത തോട്ടങ്ങളിലെ കാടുവെട്ടിത്തെളിക്കണമെന്ന് ഗ്രാമസഭയിലുൾപ്പെടെ ആവശ്യമുന്നയിച്ചെങ്കിലും ഒന്നും നടന്നില്ല.

നശിച്ചുപോയതിൽ അപൂർവയിനങ്ങളും

രത്നചൂടി, രാംലി, തൊണ്ണൂറാംതൊണ്ടി, പാൽത്തൊണ്ടി, കോതാണ്ടൻ, മല്ലിക്കുറുമ, മുരണികൈമ തുടങ്ങി വിപണിയിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്ന നിരവധി നാടൻ ഇനങ്ങളാണ് ഇവിടെ കൃഷി ചെയ്തിരുന്നത്. ഇതിൽ വയനാടിന്റെ തനത് ഇനങ്ങൾ മാത്രം 40 എണ്ണമുണ്ട്.

കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ ഇനങ്ങൾ ഇത്തവണ നട്ടുപിടിപ്പിച്ചെങ്കിലും വന്യജീവി ആക്രമണം കാരണം പല ഇനങ്ങളിൽ നിന്നും ഒരു കതിരുപോലും കൊയ്യാൻപറ്റാത്ത അവസ്ഥയിലാണ് ഈ കർഷകൻ.