മനുഷ്യ-വന്യജീവി സംഘർഷം മൂന്നുതരത്തിൽ നേരിടും -മന്ത്രി ഷിബു ബേബിജോൺ

കോഴിക്കോട് : അനുദിനം സങ്കീർണവിഷയമായി മാറിക്കൊണ്ടിരിക്കുന്ന മനുഷ്യ-വന്യജീവി സംഘർഷം മൂന്നുതരത്തിൽ നേരിടാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ. കർഷകസുരക്ഷ-വന്യജീവി സംഘർഷ ലഘൂകരണം: സംസ്ഥാനതല കോൺക്ലേവ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കണ്ടെയ്ൻമെന്റുകളാക്കി മാറ്റി വനത്തിനകത്തുതന്നെ മൃഗങ്ങളെ നിർത്തുക എന്നതാണ് ആദ്യത്തേത്. അല്ലെങ്കിൽ പുറത്തേക്കുവരുന്നത് ഏതൊക്കെ ഘടകങ്ങൾ കൊണ്ടാണെന്ന് മനസ്സിലാക്കി അവിടെത്തന്നെ നിർത്താനുള്ള കാര്യങ്ങൾ ചെയ്യുക.

രണ്ടാമതായി സംഘർഷം കാരണമുള്ള ആഘാത ലഘൂകരണമാണ് ലക്ഷ്യമിടുന്നത്. കേരളത്തിലെ വനത്തെ 14 ലാൻഡ്സ്കേപ്പുകളായിട്ടാണ് തിരിച്ചിട്ടുള്ളത്. ആ 14-ൽ ഏറ്റവും തീവ്രമായ സംഘർഷമേഖലകൾ അടയാളപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും തീവ്രമായതും അതിന്‌ തൊട്ടുതാഴെയുള്ളതുമായ 55 പഞ്ചായത്തുകളാണ് കേരളത്തിലുള്ളത്. ഈ 55 പഞ്ചായത്തുകൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് പലതലത്തിലുള്ള പ്രതിരോധസംവിധാനങ്ങൾ സർക്കാർ ഒരുക്കും. മൂന്നാമതായി സമയബദ്ധവും ആവശ്യമായതുമായ നഷ്ടപരിഹാരം നൽകും.

വനമേഖലയോട് ചേർന്ന് ജീവിക്കുന്ന കർഷകർക്ക് അധികവരുമാനം ഉറപ്പാക്കാൻ ഇക്കോ-ടൂറിസവുമായി ബന്ധപ്പെടുത്തി ‘ഹോംസ്റ്റേ ബാക്ക് പാക്കിങ്’ പൈലറ്റ് പദ്ധതി ഉടൻ ആരംഭിക്കും. വിനോദസഞ്ചാരികൾക്ക് കർഷകരുടെ വീടുകളിൽ താമസിച്ച് അവിടത്തെ ഭക്ഷണംകഴിച്ച് കഴിയുന്നതിനൊപ്പം വനത്തിൽ സഞ്ചരിക്കാനും അവസരം നൽകും. കർഷകർക്ക് ബദൽ വരുമാനമാർഗമൊരുക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

വന്യമൃഗങ്ങൾ നശിപ്പിക്കാത്ത നാരകം ഉൾപ്പെടെയുള്ള കാർഷികവിളകളുടെ വിപണനസൗകര്യങ്ങളും പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിലെ ഒരു കർഷകരുടെയും പാർപ്പിടമോ ഒരിഞ്ച് കാർഷികഭൂമിയോ പരിസ്ഥിതിസംവേദക മേഖലയിൽ (ഇ.എസ്.എ.) നിലനിർത്താൻ സംസ്ഥാന സർക്കാർ അനുവദിക്കില്ലെന്ന് അധ്യക്ഷതവഹിച്ച കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. വനം-റവന്യൂ വകുപ്പുകൾ തമ്മിലുള്ള ഭൂമിസംബന്ധമായ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുമെന്ന് റവന്യൂവകുപ്പ് മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു.

തേങ്ങ ഒന്നിന് 15 രൂപ നഷ്ടപരിഹാരം, കൊക്കോ തടത്തിന് 30 രൂപ

കോഴിക്കോട് : വന്യജീവി ആക്രമണത്തിൽ കൃഷിനാശത്തിനുനുള്ള നഷ്ടപരിഹാരത്തുകയിൽ 100 ശതമാനം വർധന വരുത്താൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു.

മുഖ്യമന്ത്രി, കൃഷിമന്ത്രി, ധനകാര്യമന്ത്രി എന്നിവരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരത്തുക ഇരട്ടിയാക്കാൻ തീരുമാനിച്ചത്.

കുരങ്ങ്‌ ഉൾപ്പെടെയുള്ള വന്യജീവികൾ തേങ്ങ കൊണ്ടുപോയാൽ ഒരു തേങ്ങയ്ക്ക് 15 രൂപ നൽകാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. നിലവിൽ തെങ്ങ് തള്ളിയിട്ടാൽ നഷ്ടപരിഹാരം നൽകിയിരുന്നെങ്കിലും തേങ്ങയ്ക്ക് നൽകിയിരുന്നില്ല. അതുപോലെ കൊക്കോ നശിപ്പിച്ചാൽ ഇനിമുതൽ നഷ്ടപരിഹാരം ലഭിക്കും. ഇതുവരെ കൊക്കോ കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകിയിരുന്നില്ല. തടമൊന്നിന് 30 രൂപയാണ് ഇനി ലഭിക്കുക.

നിലവിൽ വകുപ്പിൽനിന്ന് കിട്ടുന്ന ചെറിയ നഷ്ടപരിഹാരത്തിനായി ആളുകൾ വർഷങ്ങൾ കാത്തിരിക്കേണ്ട സ്ഥിതിയാണ്. കാത്തിരുന്ന്‌ മടുത്ത്‌ പലരും നഷ്ടപരിഹാരം വേണ്ടെന്നുവെക്കുകയാണ് ചെയ്യുന്നത്. ഇതിന് പരിഹാരംകാണാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. 2012-ൽ ഉമ്മൻചാണ്ടിയുടെ കാലത്താണ് നഷ്ടപരിഹാരത്തിന് തുക നിശ്ചയിച്ച് ഒരു പട്ടിക തയ്യാറാക്കിയത്. 2015-ൽ ഇതിൽ 10 ശതമാനം വർധനവരുത്തി. പിന്നെ ഇത്രയുംകാലമായിട്ടും ഒരു വർധനയും ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.