റോഡിന്റെ ശോച്യാവസ്ഥ; പഞ്ചായത്ത് ഓഫീസിലേക്ക് പിച്ചതെണ്ടൽ സമരം

പനമരം : റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് പനമരം ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് നാട്ടുകാരുടെ പിച്ചതെണ്ടൽ സമരം. പനമരം പാതിരിയമ്പം-രണ്ടാംമൈൽ റോഡ് നിവാസികളാണ് കർമസമിതി രൂപവത്കരിച്ച് പ്രതിഷേധവുമായെത്തിയത്.
റോഡ് തകർന്നിട്ടും കുഴികളുണ്ടായിട്ടും ഫണ്ടില്ലെന്നുപറഞ്ഞ് പ്രവൃത്തികൾ നടത്താത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. ഫണ്ട് ഇല്ലാത്ത പഞ്ചായത്തിന് പ്രതീകാത്മകമായി പനമരം ടൗണിൽ പിച്ചയെടുത്ത് കിട്ടുന്ന തുക ഏൽപ്പിക്കുന്നതായിരുന്നു സമരം. പനമരം പഞ്ചായത്തിലെ എട്ട്, ഒൻപത് വാർഡുകളിൽപ്പെടുന്നതാണ് പാതിരിയമ്പം-രണ്ടാം മൈൽ റോഡ്.
ഒന്നരക്കിലോമീറ്ററോളം നീളുന്ന റോഡിൽ 2013-ലാണ് അവസാനമായി കുറച്ചുഭാഗം പ്രവൃത്തി നടത്തിയത്. 2025-26 സാമ്പത്തികവർഷം ഗ്രാമപ്പഞ്ചായത്ത് 15 ലക്ഷം രൂപ വകയിരുത്തിയെങ്കിലും പ്രവൃത്തി നടന്നില്ല. 70 വർഷത്തോളം പഴക്കമുള്ളതാണ് റോഡ്.
150-ൽപ്പരം ആദിവാസികുടുംബങ്ങളും കർഷകരും തൊഴിലാളികളും അടങ്ങുന്ന ജനവാസമേഖലയിലേക്കുള്ള ഏക യാത്രാമാർഗമാണ് ഈ റോഡ്. സമരം കർമസമിതി ചെയർമാൻ ബേബി തുരുത്തിയിൽ ഉദ്ഘാടനംചെയ്തു. വൈസ് ചെയർമാൻ ജിനേഷ് കണ്ടേത്ത് അധ്യക്ഷതവഹിച്ചു.
കൺവീനർ എം.ആർ. സുബിൻ, ജോയിന്റ് കൺവീനർ കെ.യു. അരുൺ, ടോമി പൂണേലിൽ, ജോയി കോക്കാട്ട്, രാജൻ മൂവാങ്കര, അനീഷ് തലാപ്പിൽ, രാജു കുന്നുമ്മൽ, ഷിനോജ് ഒളികെട്ടിപുന്നയിൽ, ഒ.ടി. ബിജു, പ്രകാശൻ, അപ്പച്ചൻ തലാപ്പിൽ, കെ.കെ. ജോയി എന്നിവർ സംസാരിച്ചു.