മേപ്പാടി ടൗണിലെ ഉയരവിളക്ക് കണ്ണടച്ചിട്ട് ഒരുമാസം

മേപ്പാടി : ടൗണിലെ ഉയരവിളക്ക് അണഞ്ഞിട്ട് ഒരു മാസം കഴിഞ്ഞിട്ടും തെളിയിക്കാൻ നടപടി സ്വീകരിച്ചില്ല. രാത്രി ഒൻപതുമണിയോടെ കടകമ്പോളങ്ങൾ അടച്ചുകഴിഞ്ഞാൽ ടൗൺ ഇരുട്ടിലാകുന്ന അവസ്ഥയാണുള്ളത്.

2016-17-ൽ മുൻ എം.എൽ.എ. സി.കെ. ശശീന്ദ്രന്റെ പ്രാദേശിക വികസനനിധിയിൽനിന്നാണ് ഈ ഉയരവിളക്ക് അനുവദിച്ചത്. ടൗണിലെ ഏറ്റവും പ്രധാനപ്പെട്ട ജങ്‌ഷനിൽ സ്ഥാപിച്ച ഈ വിളക്ക് യാത്രക്കാർക്കും കച്ചവടക്കാർക്കും ഏറെ പ്രയോജനപ്രദമായിരുന്നു.

രാത്രിസമയങ്ങളിൽ ചൂരൽമല ഭാഗത്തേക്ക് ബസ്, ടാക്സി സർവീസുകൾ കുറവായതിനാൽ നെല്ലിമുണ്ട, ചുളിക്ക, തഞ്ഞിലോട്, മീനാക്ഷി, കള്ളാടി, പുത്തുമല, ഏലവയൽ, നീലിക്കാപ്പ്, ചൂരൽമല എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് പലപ്പോഴും മണിക്കൂറുകളോളം വാഹനം കാത്തുനിൽക്കേണ്ടിവരാറുണ്ട്. പാതയോരത്തും കട വരാന്തകളിലുമാണ് ഇവർ വാഹനങ്ങൾ കാത്തുനിൽക്കാറുള്ളത്.

ഉയരവിളക്ക് അണഞ്ഞതോടെ യാത്രക്കാർ ഇരുട്ടിൽ ഏറെനേരം കഴിയേണ്ട ദുരവസ്ഥയാണുള്ളത്. ഉയരവിളക്ക് കത്തിക്കാൻവേണ്ട നടപടി ദ്രുതഗതിയിൽ സ്വീകരിക്കണമെന്ന് വ്യാപാരികളും യാത്രക്കാരും ആവശ്യപ്പെട്ടു.

 മേപ്പാടി ടൗണിലെ അണഞ്ഞുപോയ ഹൈമാസ്റ്റ് വിളക്ക്