ടൗൺഷിപ്പ്: വീടുകളുടെ നറുക്കെടുപ്പ് നവംബർ ഒന്നിനകം

രണ്ടാംഘട്ട വീടുകളുടെ നിർമാണം 31-നകം പൂർത്തിയാക്കും- മന്ത്രി ടി. സിദ്ദിഖ്
കല്പറ്റ : ടൗൺഷിപ്പിൽ നിർമിക്കുന്ന രണ്ടാംഘട്ട വീടുകളുടെ നിർമാണം 31 നകം പൂർത്തിയാക്കി നവംബർ ഒന്നിനകം നറുക്കെടുപ്പ് നടത്തുമെന്ന് മന്ത്രി ടി. സിദ്ദിഖ്. ചൂരൽമല-മുണ്ടക്കൈ ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. 149 വീടുകളുടെ നിർമാണം, പ്ലാസ്റ്ററിങ്, പെയിന്റിങ് ഉൾപ്പെടെയുള്ളവ അന്തിമഘട്ടത്തിലാണെന്നും അങ്കണവാടി, മാർക്കറ്റ്, പൊതുശൗചാലയം, കളിസ്ഥലം, ഹെൽത്ത് സെന്റർ തുടങ്ങിയവയുടെ നിർമാണം നവംബറോടെ പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു.
അന്തിമ ഗുണഭോക്തൃപട്ടിക പൂർത്തിയാക്കുന്നതിനായി വ്യാഴം, വെള്ളി ദിവസങ്ങളിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ ജില്ലയിലെത്തി പ്രാദേശിക ജനപ്രതിനിധികൾ, ദുരന്തബാധിതർ എന്നിവരുമായി ചർച്ച നടത്തും.
ദുരന്ത ബാധിതർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി 15 കോടി രൂപ ചെലവിൽ നിർമിക്കുന്ന സ്കിൽ പാർക്കിന്റെ ടെൻഡർ നടപടികൾ സമയബദ്ധമായി നടപ്പാക്കാൻ മന്ത്രി നിർദേശിച്ചു. റോഡുകളുടെ നിർമാണം ഡിസംബറോടെ പൂർത്തിയാകും. ടൗൺഷിപ്പിൽ പരേഡ് ഗ്രൗണ്ട്, കല്പറ്റ ജി.എൽ.പി.എസ്. എന്നിവ നിർമിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു. മുണ്ടക്കൈ, വെള്ളാർമല സ്കൂളുകളുടെ പുനർനിർമാണവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാൻ യോഗം തീരുമാനിച്ചു.
ആനക്കാംപൊയിൽ -കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണ് സുരക്ഷിതമായി മാറ്റാൻ നിർമാണ കമ്പനി പ്രതിനിധികളോട് മന്ത്രി ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തികൾ ആരംഭിക്കാൻ അധികൃതർക്ക് മന്ത്രി നിർദ്ദേശം നൽകി. കള്ളാടിയിൽ ദുരന്തബാധിതരായ കുടുംബങ്ങൾക്ക് സൗജന്യ റേഷൻ ലഭ്യമാക്കുന്നതിൽ പരാതികൾ ഉണ്ടാകരുതെന്ന് മന്ത്രി നിർദ്ദേശിച്ചു.
ജില്ലയിലെ ഷെൽട്ടർ ഹോമുകൾ, അഗ്നിരക്ഷാ നിലയങ്ങൾ എന്നിവയുടെ നിർമാണ പ്രവൃത്തികൾ യോഗം വിലയിരുത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ, കളക്ടർ വി. ചെൽസാസിനി എന്നിവർ പങ്കെടുത്തു.
ഭൂമി തരംമാറ്റൽ അപേക്ഷകൾ സമയബദ്ധമായി തീർപ്പാക്കും- മന്ത്രി ടി. സിദ്ദിഖ്
കല്പറ്റ : ജില്ലയിലെ റവന്യൂഭൂമി തരം മാറ്റൽ അപേക്ഷകൾ സമയബദ്ധമായി തീർപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ടി. സിദ്ദിഖ്. സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി നടന്ന ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തരംമാറ്റവുമായി ബന്ധപ്പെട്ട് ലഭിച്ച 25,000-ഓളം അപേക്ഷകളിൽ തീരുമാനമെടുക്കുകയായിരുന്നു സർക്കാർ ലക്ഷ്യമിട്ടതെന്നും എന്നാൽ, 50,000 ത്തിലധികം അപേക്ഷകൾ അതിവേഗം തീർപ്പാക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞിരത്തിനാൽ ഭൂമി പ്രശ്‌നം പരിഹരിക്കാൻ റിട്ട. ജുഡീഷ്യൽ ഓഫീസറുടെ നേതൃത്വത്തിൽ അന്വേഷണ സമിതി രൂപവത്കരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലയിൽ 162 കുടുംബങ്ങൾക്ക് പട്ടയങ്ങൾ വിതരണം ചെയ്തു. 150 ലാൻഡ് ട്രൈബ്യൂണൽ, ആറ് ലാൻഡ് അസൈൻമെന്റ്, മൂന്ന് വീതം മിച്ചഭൂമി, ദേവസ്വം പട്ടയങ്ങളാണ് വിതരണം ചെയ്തത്.
2011 മുതൽ ഇത് വരെ ജില്ലയിൽ 16,296 പട്ടയങ്ങളാണ് വിതരണം ചെയ്തത്. സുൽത്താൻബത്തേരി കുപ്പാടിയിലെ കിടങ്ങിൽ ഉന്നതിയിലെ കുടുംബങ്ങൾക്ക് ഭൂമിയുടെ നിയമപരമായ ഉടമസ്ഥാവകാശം ലഭിച്ചു. ഉന്നതിയിലെ നാല് പട്ടികവർഗ കുടുംബങ്ങൾക്കാണ് പത്ത് സെന്റ് വസ്തുവിന് പട്ടയം ലഭിച്ചത്.
വിവിധ എസ്റ്റേറ്റുകളുമായി ബന്ധപ്പെട്ട കേസ്, നടപടികൾ, ന്യായവില തർക്കങ്ങൾ സംബന്ധിച്ച് കാബിനറ്റ് തലത്തിലും റവന്യൂ തലത്തിലും ചർച്ച ചെയ്തിട്ടുണ്ട്. ഡിജിറ്റൽ റവന്യൂ ഓഫീസുകൾ മുഖേന സിംഗിൾ വിൻഡോ സംവിധാനത്തിലൂടെ പൊതുജനങ്ങൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ, രേഖകൾ എന്നിവ വേഗത്തിൽ ലഭ്യമാക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കല്പറ്റ നഗരസഭാധ്യക്ഷൻ പി. വിശ്വനാഥൻ, കളക്ടർ വി. ചെൽസാസിനി, മാനന്തവാടി നഗരസഭ ഉപാധ്യക്ഷ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, സ്ഥിരംസമിതിയധ്യക്ഷ ലേഖ രാജീവ്, എൽ.ആർ. ഡെപ്യൂട്ടി കളക്ടർ കെ. മനോജ് കുമാർ, കല്പറ്റ നഗരസഭ കൗൺസിലർ എ.വി. ദീപ എന്നിവർ പങ്കെടുത്തു.