സർക്കാർ ഫണ്ട് വിനിയോഗം അറിയാൻ പൗരന്മാർക്ക് പൂർണ അവകാശം -മുഖ്യ വിവരാവകാശ കമ്മിഷണർ

കേണിച്ചിറ : സർക്കാർഫണ്ടുകളുടെ വിനിയോഗം എങ്ങനെയെന്ന് അറിയാനുള്ള പൂർണ അവകാശം പൗരന്മാർക്കുണ്ടെന്നും അവകാശം വിനിയോഗിക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും സംസ്ഥാന മുഖ്യ വിവരാവകാശകമ്മിഷണർ വി. ഹരിനായർ പറഞ്ഞു. ദേശീയ വിവരാവകാശ വാരാചരണത്തിന്റെ ഭാഗമായി സംസ്ഥാന വിവരാവകാശ കമ്മിഷന്റെ നേതൃത്വത്തിൽ പൂതാടി അങ്ങാടിശ്ശേരി ഉന്നതിയിലെ എം.പി.സി.യിൽ നടത്തിയ വിവരാവകാശ ബോധവത്കരണം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
വിവരാവകാശ നിയമപ്രകാരം സമർപ്പിക്കുന്ന അപേക്ഷകൾക്ക് സർക്കാർ ഉദ്യോഗസ്ഥർ 30 ദിവസത്തിനകം മറുപടി നൽകണം. മറുപടി നൽകുന്നതിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരിൽനിന്ന് നിയമപ്രകാരം പിഴ ഈടാക്കാൻ വ്യവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടി.എസ്.ബി. ഫണ്ടുകൾ ശരിയായ രീതിയിലാണോ വിനിയോഗിക്കുന്നതെന്ന് പരിശോധിക്കാൻ ജനങ്ങൾ ജാഗ്രതപുലർത്തണമെന്ന് വിവരാവകാശ കമ്മിഷണർ ഡോ. എം. ശ്രീകുമാർ പറഞ്ഞു. അപേക്ഷകൾക്ക് നിശ്ചിത സമയത്തിനകം മറുപടി നൽകാതിരുന്നാൽ നിയമപ്രകാരം പ്രതിദിനം 250 രൂപ നിരക്കിൽ പിഴ ചുമത്താൻ വ്യവസ്ഥയുണ്ടെന്ന് കമ്മിഷണർ അഡ്വ. ടി.കെ. രാമകൃഷ്ണൻ പറഞ്ഞു. വിവരാവകാശ അപേക്ഷകൾ നിയമം അനുശാസിക്കുന്ന രീതിയിൽ സമർപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കമ്മിഷണർ ഡോ. സോണിച്ചൻ പി. ജോസഫും വിശദീകരിച്ചു. അങ്ങാടിശ്ശേരി, തെങ്ങുമൂട്, വിജയൻകുന്ന് ഉന്നതിയിലുള്ളവർ പങ്കെടുത്തു.
പ്രമോട്ടർമാരുടെ നിയമനം, തൊഴിൽ, തൊഴിലുറപ്പു വേതനം, വീടുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കാതെ കരാറുകാർ പിന്മാറുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നതിയിലുള്ളവർ ഉന്നയിച്ചു. പൂതാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതിയധ്യക്ഷ ശോഭനാ ദേവി, വാർഡ് അംഗങ്ങളായ സുമ രാജു, നിഷിത സുരേന്ദ്രൻ, എം.പി. സുലൈഖ, പി. ബിനിത വിജയൻ, ബോളൻ, വിവരാവകാശ കമ്മിഷൻ മുൻ ലീഗൽ എക്സ്പേർട്ട് കെ. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.