ചെറുപുഴയിലെ ചെക്ക്ഡാമുകൾക്ക് വേണം സംരക്ഷണം

പനമരം : പനമരം ചെറുപുഴയിലെ ചെക്ക്ഡാമുകൾ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പനമരം -നെല്ലിയമ്പം റോഡിലെ ചെറുപുഴയിലെ ചെക്ക് ഡാമുകളാണ് ചീപ്പിട്ട് വെള്ളം തടഞ്ഞുവെച്ച് സംരക്ഷിക്കണമെന്ന ആവശ്യം ഉയരുന്നത്. ചെറുപുഴയിൽ രണ്ടു ചെക്ക്ഡാമുകളാണ് നിലവിലുള്ളത്. ഒന്ന് മാത്തൂരിലെ കട്ടക്കളത്തിന് സമീപവും, മറ്റൊന്ന് ചോയിക്കൊല്ലിയിലുമാണ്. ഇവ രണ്ടും കാലങ്ങളായി യാതൊരു പ്രയോജനവുമില്ലാതെ കിടക്കുകയാണ്.

മാത്തൂരിലെ ചെക്ക്ഡാം മൂന്നു പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണ്. എന്നാൽ കാര്യമായ കേടുപാടുകൾ ഒന്നുംതന്നെ കാലമിത്ര പിന്നിട്ടിട്ടും ഉണ്ടായിട്ടില്ല. വെള്ളം തടഞ്ഞു നിർത്തിയാൽ മാത്തൂരിലെയും, അങ്ങാടിവയലിലെയും ഏക്കർ കണക്കിന് കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കാനാവും. ഒപ്പം സമീപത്തെ നൂറുകണക്കിന് കുടുംബങ്ങൾക്ക് കിണറുകളിൽ ജലലഭ്യത ഉറപ്പാക്കാനും ഇതോടെ സാധിക്കും.

മുൻപ് ഇവിടെ പമ്പ് ഹൗസും കനാലും ഉണ്ടായിരുന്നു. ഇതിലൂടെ വെള്ളം പമ്പ് ചെയ്തായിരുന്നു കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിച്ചിരുന്നത്. എന്നാൽ ഈ പദ്ധതി ഇപ്പോൾ യാതൊരു ഉപകാരവും ഇല്ലാതെ കിടക്കുകയാണ്. കാരാപ്പുഴ ഭാഗത്തുനിന്നും ഒഴുകിയെത്തുന്ന വെള്ളം ഇവിടെ തടഞ്ഞുനിർത്തിയാൽ വലിയ പുഴയെ മാത്രം ആശ്രയിക്കുന്ന കർഷകർക്ക് ചെറുപുഴയും ആശ്രയമാകും. ചെക്ക്ഡാം പരിസരത്ത് പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യവും, മുളയും മറ്റ് മരത്തടികളും വന്നടിഞ്ഞ് വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തിയിരിക്കുകയാണ്. ഇതുമൂലം പുഴയുടെ ഇരുഭാഗവും വ്യാപകമായി ഇടിയുന്നുമുണ്ട്. അതിനാൽ ഇവ മാറ്റി പുഴയെ സംരക്ഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.