വന്യജീവികളെ ഇനി വെളിച്ചത്തുകാണാം

വന്യജീവി സാന്നിധ്യം പതിവായ ഇടങ്ങളിൽ വനംവകുപ്പ് സൗരവിളക്കുകൾ സ്ഥാപിച്ചു
മാനന്തവാടി : ഇരുട്ടിൽ വന്യജീവികളെ പേടിച്ച് നടക്കാൻ പ്രയാസപ്പെട്ടിരുന്ന ജനങ്ങൾക്ക് ആശ്വാസമായി വനംവകുപ്പിന്റെ ഇടപെടൽ. പതിവായി വന്യജീവി സാന്നിധ്യം അനുഭവപ്പെടുന്ന ജനവാസകേന്ദ്രങ്ങളിൽ പ്രകാശമൊരുക്കിയാണ് വനംവകുപ്പ് ജനങ്ങൾക്ക് സഹായകമായത്. വെളിച്ചമില്ലാത്തതിനാൽ വന്യജീവികളുടെ മുന്നിൽപ്പെട്ടുണ്ടാകുന്ന അപകടം ഒഴിവാക്കാനാണ് സൗരോർജ തെരുവുവിളക്കുകൾ സ്ഥാപിച്ചത്.
നോർത്ത് വയനാട് വനം ഡിവിഷൻ മാനന്തവാടി റാപ്പിഡ് റെസ്പോൺസ് ടീമുമായി സഹകരിച്ച് അറവനാഴി, പനവല്ലി, അവരമൂല, എമ്മടി, ഷാണമംഗലം, ബാവലി, മാനിവയൽ, മുത്തുമാരി, തച്ചറക്കൊല്ലി, കുമ്പന്നൂർ, പഞ്ചാരക്കൊല്ലി, പണിയൻ കുഴിമല, മൈലറ്റുമല, പെരിഞ്ചേരിമല, കോട്ടയിൽ എന്നീ സ്ഥലങ്ങളിലാണ് കീ സ്റ്റോൺ ഫൗണ്ടേഷന്റെ സഹായത്തോടെ 15-ഓളം സൗരോർജത്തെരുവ് വിളക്കുകൾ സ്ഥാപിച്ചത്.
സംഘർഷസാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ ഗ്രാമതലയോഗങ്ങൾ ചേർന്നും പരിചരണത്തിനും സംരക്ഷണത്തിനും ജനപ്രതിനിധികളുടെ പങ്കാളിത്തമുറപ്പാക്കിയുമാണ് നോർത്ത് വയനാട് ഡി.എഫ്.ഒ. ആർ. സന്തോഷ് കുമാറിന്റെ നിർദേശപ്രകാരം ബേഗൂർ, മാനന്തവാടി, പേര്യ റെയ്ഞ്ചുകളിലെ വിവിധ ഭാഗങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചത്. സൗരവിളക്കുകൾ സ്ഥാപിച്ചതോടെ രാത്രിയിൽ വന്യജീവികളുടെ സാന്നിധ്യം എളുപ്പത്തിൽ തിരിച്ചറിയാനും, അതുവഴി വൻദുരന്തങ്ങളും അപകടങ്ങളും ഒഴിവാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ എൻ.വി. സത്യൻ, വി.ആർ. ഷാജീവ്, പി. സുബൈർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ഇ.സി. രാജു, സിജോ തോമസ്, രാജേഷ്, കീ സ്റ്റോൺ ഫൗണ്ടേഷൻ സീനിയർ പ്രോഗ്രാം ഓഫീസർ കെ.ജി. രാമചന്ദ്രൻ, ജീവനക്കാരായ പി.ബി. സനീഷ്, എൻ.എം. വിഷ്ണു ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ. പ്രകാശൻ, എസ്.ആർ. നവീൻ, ജി.എൽ. പ്രശാന്ത്, കെ. സുനിൽ കുമാർ, പ്രശാന്തൻ, വി.പി. സനൂപ് എന്നിവർ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകി.