നഷ്ടപ്പെട്ട ഫോണുകൾ ഉടമകൾക്ക് കൈമാറി വൈത്തിരി പോലീസ്

കല്പറ്റ : ചെന്നൈ, കോഴിക്കോട് എന്നിവിടങ്ങളിൽനിന്ന് നഷ്ടമായ മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമകൾക്ക് തിരികെനൽകി വൈത്തിരി പോലീസ്. ഫോൺ തിരികെലഭിച്ചതിന് ചെന്നൈ സ്വദേശി സത്യ വീഡിയോ സന്ദേശത്തിലൂടെ കേരളാ പോലീസിനും ഫോൺ കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥർക്കും നന്ദി അറിയിച്ചു.
സത്യയുടെ പിതാവിന്റെ മൊബൈൽ ഫോണാണ് കഴിഞ്ഞ ജൂണിൽ ചെന്നൈയിലെ സെലയൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നഷ്ടമായത്. തുടർന്ന് സെലയൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റർ പോർട്ടലിൽ ഫോൺ നഷ്ടപ്പെട്ടതായി രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഫോൺ വൈത്തിരി പോലീസ് സ്റ്റേഷൻ പരിധിയിലാണെന്ന് കണ്ടെത്തി. തുടർന്ന് സെലയൂർ പോലീസ് സ്റ്റേഷനിൽനിന്നുള്ള പെറ്റീഷൻ വൈത്തിരി പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ സിവിൽ പോലീസ് ഓഫീസർ പി.പി. ആഷിഖിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഫോൺ മലപ്പുറം തിരൂരങ്ങാടിയിൽനിന്ന് കണ്ടെത്തിയത്.