അപ്രതീക്ഷിത വിയോഗം; വിശ്വസിക്കാനാവാതെ നാട്

മാനന്തവാടി: കമ്മനയെന്ന ഗ്രാമത്തിന് കാർഷിക വിലാസമുണ്ടാക്കിയ പദ്മശ്രീ ജേതാവ് ചെറുവയൽ രാമന്റെ വേർപാട് വിശ്വസിക്കാനാതെ നാട്.
തിരക്കേറിയ കാർഷിക ജീവിതത്തിനിടയിലും കൃഷിയറിവുകൾ തേടിയെത്തുന്ന വിദ്യാർഥികളുൾപ്പെടെയുള്ളവരെ രാമൻ നിരാശരാക്കിയില്ല. കാർഷിക അറിവുകൾക്കൊപ്പം കട്ടൻകാപ്പിയും പകർന്നു നൽകി രാമൻ എല്ലാവരുടെയും പ്രിയപ്പെട്ട 'രാമേട്ട'നായി. ഇടയ്ക്കിടെ തേടിവരുന്ന അംഗീകാരങ്ങൾ രാമന് വീണ്ടും വീണ്ടും വയലിലേക്ക് ഇറങ്ങാനുള്ള ഊർജമായിരുന്നു. 2018-ൽ വിദേശത്തുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് മരണത്തെ മുഖാമുഖം കണ്ട രാമൻ പൂർവാധികം ഊർജത്തോടെയാണ് പാടത്തും പറമ്പിലും ഇറങ്ങിയത്. ബ്രസീലിൽ നടന്ന വൈവിധ്യ കോൺഗ്രസിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. ദുബായിൽ എം.എ. യൂസഫലി ഇടപെട്ട് നടത്തിയ ചികിത്സയിലൂടെയാണ് രാമൻ തിരികേ ജീവിതത്തിലേക്ക് നടന്നത്. 17-ാം വയസ്സിൽ എംപ്ലോയ്മ്മെന്റ് എക്സ്ചേഞ്ച് വഴി ലഭിച്ച ജോലി അച്ഛന്റെ നിർദേശപ്രകാരം ഒഴിവാക്കി പാടത്തേക്കിറങ്ങിയ രാമന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു തുടർന്ന് ജീവിതത്തിലുണ്ടായ വിജയം. പാരമ്പര്യ നെൽവിത്തിനങ്ങൾ സംരക്ഷിച്ച ചെറുവയൽ അത് ആവശ്യക്കാർക്കൊക്കെ നൽകി.
കൃഷി ചെയ്തു വിളവെടുത്തശേഷം വാങ്ങിയ വിത്തുകൾ തിരികേ നൽകണമെന്ന വ്യവസ്ഥയിലാണ് വിത്ത് നൽകിയിരുന്നത്. അങ്ങനെയാണ് അമ്പതിലധികം നെൽവിത്തിനങ്ങൾ സംരക്ഷിച്ച് അദ്ദേഹം വയനാടിന്റെ വിത്തിനങ്ങളും ജൈവ വൈവിധ്യവും സംരക്ഷിച്ചത്. ചിലർ വാക്കുപാലിക്കാതെ പറ്റിച്ചെങ്കിലും അതിലൊന്നും ആ കർഷകൻ പരിഭവം കാണിച്ചില്ല. ചെളി നിറഞ്ഞ വെള്ളത്തോർത്തുമുണ്ടും വെള്ളകുപ്പായവുമായി ജന മനസ്സുകളിൽ കുടിയേറാൻ എളുപ്പത്തിൽ രാമനായി. അഭിപ്രായ വ്യത്യാസങ്ങൾ തുറന്ന് പറഞ്ഞാലും ആരാലും വെറുക്കപ്പെടാത്തവനായി രാമൻ നിറഞ്ഞു നിന്നു.
ഞായറാഴ്ച വയറുവേദനയെത്തുടർന്ന് മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ രാമനെ പിന്നീട് കല്പറ്റയിലെ ലിയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് ഇവിടെ നിന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കമ്മനയുടെ നാട്ടുവഴികളിൽ കൈക്കോട്ടേന്തി രാമേട്ടൻ ഇനിയുണ്ടാവില്ലെന്ന് വിശ്വസിക്കാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല.