കണ്ണില്ലാ ക്രൂരത; ആദിവാസിസ്ത്രീയുടെ മൃതദേഹം ആംബുലൻസിൽ കയറ്റിയില്ലെന്ന് ആരോപണം

കുടുംബവും നഗരസഭാധികൃതരും മന്ത്രിക്ക് പരാതി നൽകി
കല്പറ്റ : ആദിവാസിസ്ത്രീയുടെ മൃതദേഹം കയറ്റാനാകില്ലെന്ന് പറഞ്ഞ് ആംബുലൻസ് നിഷേധിെച്ചന്ന് ആരോപിച്ച് പ്രതിഷേധം. ശനിയാഴ്ച മരിച്ച കല്പറ്റ മുണ്ടേരി ഉന്നതിയിലെ അമ്മിണിയുടെ (53) മൃതദേഹമാണ് പട്ടികവർഗ വകുപ്പിന്റെ ആംബുലൻസിൽ കയറ്റാൻ ഡ്രൈവർ വിസമ്മതിെച്ചന്നാണ് ബന്ധുക്കൾ ആരോപിച്ചത്. ഇതോടെ വീട്ടിൽനിന്ന് ശ്മശാനത്തിലേക്കുള്ള രണ്ടുകിലോമീറ്റർ ദൂരം മൃതദേഹം തോളിലേറ്റിയാണ് കൊണ്ടുപോയത്. തലയിലെ മുഴയ്ക്ക് ശസ്ത്രക്രിയ നടത്തിയതിനാൽ മുറിവിൽനിന്ന് രക്തം വരുന്നുണ്ടെന്നും മുളവടിയിൽ മൃതദേഹം കിടത്തിയാൽ സീറ്റ് കീറുമെന്നും പറഞ്ഞാണ് ആംബുലൻസിൽ കയറ്റാതിരുന്നതെന്ന് അമ്മിണിയുടെ ഭർത്താവ് ജയചന്ദ്രൻ ആരോപിച്ചു.
പണിയസമുദായത്തിന്റെ ആചാരപ്രകാരം മൃതദേഹം പായയിൽ പൊതിഞ്ഞ് മുളവടികൊണ്ട് കെട്ടിയാണ് ചടങ്ങുകൾ ചെയ്യേണ്ടതെന്നും ആംബുലൻസിന്റെ സീറ്റുകീറാതിരിക്കാൻ മൃതദേഹം മടിയിൽ കിടത്താമെന്ന് പറഞ്ഞിട്ടും വണ്ടിയിൽ കയറ്റാൻ അനുവദിച്ചില്ലെന്നും ജയചന്ദ്രൻ പറഞ്ഞു. അതേസമയം ആംബുലൻസിൽ കയറ്റാതിരുന്നിട്ടില്ലെന്നും എട്ടടി നീളമുണ്ടായിരുന്ന മുളങ്കമ്പുകൾ വണ്ടിയിൽ കൊള്ളാത്തതിനാലാണ് സ്ട്രച്ചറിൽ വെക്കണമെന്ന് ആവശ്യപ്പെട്ടതെന്നുമാണ് ആംബുലൻസ് ഡ്രൈവർ ചന്ദ്രന്റെ വിശദീകരണം. മുളകൾക്ക് ഏഴടിയിൽ കൂടുതൽ നീളമില്ലായിരുന്നെന്നും വലിയ ആംബുലൻസിൽ മൃതദേഹം കയറ്റാൻ പ്രയാസമില്ലായിരുന്നെന്നും കുടുംബം പറഞ്ഞു. മറ്റൊരു പരിപാടിക്ക് പോകാനുണ്ടെന്ന് പറഞ്ഞ് ഡ്രൈവർ ആംബുലൻസുമായി പോവുകയായിരുന്നെന്നും കുടുംബം ആരോപിച്ചു.
മരിച്ച അമ്മിണിയുടെ ഭർത്താവ് ജയചന്ദ്രനും നഗരസഭാ അധികാരികളും ചേർന്ന് തിങ്കളാഴ്ച ജില്ലയിലെത്തിയ വകുപ്പുമന്ത്രി കെ.എ. തുളസിക്ക് പരാതി നൽകി. നഗരസഭാ അധികാരികളുടെ പരാതി സ്വീകരിച്ച മന്ത്രി വിഷയം ഗൗരവമുള്ളതണെന്നും അന്വേഷിച്ചശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. നഗരസഭാധ്യക്ഷൻ പി. വിശ്വനാഥൻ, ഉപാധ്യക്ഷ എസ്. സൗമ്യ, സ്ഥിരംസമിതിയധ്യക്ഷമാരായ ടി.ജി. ബീന, എ.ആർ. ബിനി, കൗൺസിലർ പി. ഗീത തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മന്ത്രിയുമായി സംസാരിച്ചത്.