വരൾച്ചാ പ്രതിരോധത്തിനായി മന്ത്രിയുടെ അധ്യക്ഷതയിൽ യോഗംചേർന്നു

കടമാൻതോട് പദ്ധതിയുടെ ഡി.പി.ആറിനുള്ള തുക വർധിപ്പിക്കും
പുല്പള്ളി : മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്തിലെ അതിർത്തിമേഖലകളിൽ ജലസേചനത്തിനായി ആലത്തൂർ-ശശിമല ഇറിഗേഷൻ പദ്ധതി നടപ്പാക്കും. പുല്പള്ളി-മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ വരൾച്ചാലഘൂകരണ പദ്ധതികൾ ആവിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ജലവിഭവവകുപ്പ് മന്ത്രി മോൻസ് ജോസഫിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം. കബനി നദിയിൽനിന്ന് വെള്ളമെടുത്ത് പഞ്ചായത്തിലെ എട്ട് വാർഡുകളിലെ 3500 ഏക്കർ സ്ഥലത്ത് ജലസേചനം നടത്താൻ സാധിക്കുന്നതാണ് ആലത്തൂർ-ശശിമല ഇറിഗേഷൻ പദ്ധതി. ഈ പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമികപഠനങ്ങൾ ഇതിനോടകം പൂർത്തിയാക്കിയിട്ടുള്ളതാണ്.
കടമാൻതോട്, തൊണ്ടാർ ജലസേചന പദ്ധതികളുടെ ഡി.പി.ആർ. തയ്യാറാക്കുന്നതിനായി അനുവദിച്ച തുക ഉയർത്തുന്നതിനുള്ള നടപടികളും സ്വീകരിക്കും. നിലവിൽ ഡി.പി.ആർ. തയ്യാറാക്കുന്നതിനായി 2.34 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ, 5.6 കോടി രൂപയാണ് ഡി.പി.ആർ. തയ്യാറാക്കുന്നതിനായി ചെലവുവരുക. അധികംവരുന്ന തുക സംബന്ധിച്ച്, പ്രപ്പോസൽ പരിഷ്കരിച്ച് ധനവകുപ്പിന്റെ അനുമതി ലഭിക്കുന്നതിനായി മന്ത്രി ഇടപെടൽ നടത്തും. വരൾച്ചാപ്രതിരോധത്തിനുള്ള അടിയന്തരപരിഹാരമായി പുല്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ നിലവിലുള്ള ജലസേചനപദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കും. ഇതിന്റെ ഭാഗമായി പഴയ മോട്ടോറുകളും പമ്പ് സെറ്റുകളും മാറ്റിസ്ഥാപിക്കും. ഇതിനുപുറമേ കബനിനദിയിൽ തടയണ നിർമിക്കുന്നതിനുള്ള ശ്രമങ്ങളും തുടരും.
അടുത്തമാസം ജില്ലയിലെത്തുമ്പോൾ മുള്ളൻകൊല്ലി പ്രദേശം സന്ദർശിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ., പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ, പുല്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി ചാരുവേലിൽ, മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, ജില്ലാപഞ്ചായത്തംഗം ഗിരിജാ കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വർഗീസ് മുരിയൻകാവിൽ, ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാർ, ഗ്രാമപ്പഞ്ചായത്തംഗങ്ങൾ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.