ചേകാടിക്കാർക്ക് യാത്രാദുരിതം തുടർക്കഥ

തകർന്ന റോഡുകൾ നന്നാക്കാൻ നടപടിയില്ല
പുല്പള്ളി : വനാന്തര ഗ്രാമമായ ചേകാടിയിലേക്കുള്ള യാത്രാദുരിതത്തിന് ശാശ്വതപരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു. ചേകാടിയിലേക്കുള്ള വടാനക്കവല റോഡും കുറുവ റോഡും തകർന്നിട്ട് കാലമേറെയായി. ചേകാടി പാലത്തിന്റെ അപ്രോച്ച് റോഡിന്റെ അവസ്ഥയും അതിശോചനീയമാണ്. റോഡ് തകർന്ന് വലിയ കുണ്ടുംകുഴിയുമായി തീർന്നിട്ട് വർഷങ്ങളായെങ്കിലും നവീകരിക്കുന്നതിനായി നടപടികളൊന്നുമുണ്ടാകുന്നില്ല. ഇതുവഴി വാഹനങ്ങളുമായി കടന്നുപോവുകയെന്നത് ഏറെ ദുഷ്കരമായിത്തീർന്നിരിക്കുകയാണ്. റോഡിലെ കുഴികളിൽ ചാടിയുള്ള യാത്ര നടുവൊടിക്കും.
വനമേഖലയിലൂടെ കടന്നുപോകുന്ന ചേകാടിയിലേക്കുള്ള റോഡുകളിൽ പകൽസമയത്തുപോലും കാട്ടാനയടക്കമുള്ള വന്യമൃഗങ്ങൾ വിഹരിക്കുന്നത് പതിവുകാഴ്ചയാണ്. അപകടകാരികളായ വന്യമൃഗങ്ങളുടെ മുന്നിലകപ്പെട്ടാൽ തകർന്ന റോഡിലൂടെ വാഹനമോടിച്ച് രക്ഷപ്പെടാനാവില്ലെന്നാണ് ഇതുവഴി യാത്രചെയ്യുന്നവർ പറയുന്നത്. പുല്പള്ളി ഗ്രാമപ്പഞ്ചായത്ത് 2026-27 സാമ്പത്തികവർഷത്തിൽ വടാനക്കവല വഴിയുള്ള പാളക്കൊല്ലി -ചേകാടി റോഡിന് 70 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. എന്നാൽ പാടേ തകർന്നുകിടക്കുന്ന ഈ റോഡ് നവീകരിക്കാൻ ഈ പരിമിതമായ ഫണ്ട് മതിയാകില്ല. ചേകാടിയിലേക്കുള്ള റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് വീതികൂട്ടി നവീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്. ഈ റോഡ് ഏറ്റെടുത്ത് നവീകരിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്ത് പൊതുമരാമത്ത് വകുപ്പിനെ സമീപിച്ചിരുന്നെങ്കിലും ഇതുവരെ അനുകൂലമായ നടപടികളൊന്നുമുണ്ടായിട്ടില്ല.
പുല്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിലുള്ളവർക്ക് ചേകാടി വഴി കർണാടകയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. ചേകാടി പാലം കടന്ന് ഒരു കിലോമീറ്റർ പിന്നിട്ടാൽ കർണാടക അതിർത്തിയായ ബാവലിയിലെത്താം. ദിവസവും അനേകം വാഹനങ്ങൾ ഇതുവഴി കർണാടകയിൽ പോയിവരുന്നുണ്ട്. ഒരു കെ.എസ്.ആർ.ടി.സി.യും രണ്ട് സ്വകാര്യബസുകളും ചേകാടി വഴി സർവീസ് നടത്തുന്നുണ്ട്. റോഡിന്റെ ശോച്യാവസ്ഥമൂലം ഈ സർവീസുകൾ നിലച്ചുപോകുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. യാത്രാദുരിതത്തിന് സ്ഥിരമായ പരിഹാരമുണ്ടാകുന്നതുവരെ താത്കാലികമായി റോഡിലെ കുഴികളടച്ച് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
റോഡ് വീതികൂട്ടി നവീകരിക്കണം -സി.എം.പി.
പുല്പള്ളി: വടാനക്കവല -ചേകാടി റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നവീകരിക്കണമെന്ന് സി.എം.പി. പുല്പള്ളി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. കർണാടകയിലേക്ക് എളുപ്പത്തിൽ എത്തിപ്പെടാനുള്ള വഴിയാണിത്. ഈ റോഡിന്റെ ശോച്യാവസ്ഥമൂലം പ്രദേശവാസികളും വിനോദസഞ്ചാരികളുമെല്ലാം വലയുകയാണ്. റോഡ് വീതികൂട്ടി നവീകരിക്കുന്നതിനുള്ള സ്ഥലം വിട്ടുനൽകാൻ വനംവകുപ്പ് തയ്യാറാകണം. ആധുനിക നിലവാരത്തിൽ ഈ റോഡ് നിർമിക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകീകരണം ഉണ്ടാകണമെന്നും ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ഈ വിഷയത്തിൽ ഇടപെടൽ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാസെക്രട്ടറി ടി.കെ. ഭൂപേഷ് ഉദ്ഘാടനംചെയ്തു. ജോസ് കെ. മാത്യു അധ്യക്ഷതവഹിച്ചു. ഏരിയാ സെക്രട്ടറി ഷൈജു വി. കൃഷ്ണൻ, സിബു കാട്ടാംകോട്ടിൽ, ജോർജ് തെക്കേമല, ബാലൻ നെച്ചിക്കാട്ട്, കെ.കെ. കൃഷ്ണൻകുട്ടി, കെ. ചന്ദ്രശേഖരൻ, സജിത്ത് കളരിപ്പാട്ട്, പി.ആർ. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
അവഗണിക്കരുത്
ചേകാടിയുടെ യാത്രാദുരിതം പരിഹരിക്കുന്നതിന് എം.എൽ.എയും പൊതുമരാമത്ത് വകുപ്പും അടിയന്തരമായി ഇടപെടണം. ചേകാടി നിവാസികളുടെ ദൈനംദിന യാത്രകൾക്ക് മാത്രമല്ല, പ്രദേശത്തിന്റെ സമഗ്ര വികസനത്തിനും റോഡുകളുടെ നവീകരണം അത്യാവശ്യമാണ്. ചേകാടിയിലേക്ക് നിരവധി വിനോദസഞ്ചാരികളാണ് എത്തുന്നത്. ഇവർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കണമെങ്കിൽ റോഡുകളുടെ നിലവാരം മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്. പൊതുമരാമത്ത് വകുപ്പ് അടിയന്തരമായി ഈ റോഡ് ഏറ്റെടുത്ത് നവീകരിക്കണം. ചേകാടിയോടുള്ള അവഗണന തുടരുകയാണെങ്കിൽ ശക്തമായ ജനകീയപ്രക്ഷോഭത്തിന് നേതൃത്വംനൽകും.
പി.എൻ. പ്രേംജി ഗ്രാമപ്പഞ്ചായത്തംഗം