മെഡിക്കൽ കോളേജിനായി ആക്‌ഷൻ കമ്മിറ്റിയുടെ കിടപ്പുസമരം

കല്പറ്റ : വയനാട് ഗവ. മെഡിക്കൽ കോളേജ് മടക്കിമലയിൽ ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി നൽകിയ ഭൂമിയിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മടക്കിമല മെഡിക്കൽ കോളേജ് ആക്‌ഷൻ കമ്മിറ്റി കിടപ്പുസമരം നടത്തി. ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ സ്ഥലത്തിലേക്കുള്ള കവാടത്തിലായിരുന്നു കിടപ്പുസമരം.
മെഡിക്കൽ കോളേജ് വിഷയത്തിൽ പ്രിയങ്കാ ഗാന്ധി എം.പി., മന്ത്രി ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. എന്നിവർ നിലപാട് വ്യക്തമാക്കണമെന്നും ആക്‌ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
മെഡിക്കൽ കോളേജിന് ആവശ്യമായ ഭൂമി മാനന്തവാടിയിലും പരിസരപ്രദേശങ്ങളിലും ലഭ്യമാകാത്ത സാഹചര്യത്തിൽ, മടക്കിമലയിലെ ഭൂമിയിൽ മെഡിക്കൽ കോളേജിന്റെ കെട്ടിട നിർമാണത്തിന് സംസ്ഥാന സർക്കാർ അടിയന്തരമായി അനുമതി നൽകണമെന്നും ആക്‌ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ഒൻപതു മുതൽ 12 വരെയായിരുന്നു സമരം.
ഡയറ്റ് മുൻ പ്രിൻസിപ്പൽ പ്രൊഫ. പി. ലക്ഷ്മണൻ ഉദ്ഘാടനംചെയ്തു. ആക്‌ഷൻ കമ്മിറ്റി ചെയർമാൻ ഇ.പി. ഫിലിപ്പ്കുട്ടി, ട്രഷറർ അഡ്വ. കെ. ബാബു, ഫാ. ജോസ് തേരകം വികലാംഗ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഹംസ, അഡ്വ. ജോസ്, അബ്ദുൽകാദർ മടക്കിമല, ലത്തീഫ് പഞ്ചാര, പടിഞ്ഞാറത്തറ പൂഴിത്തോട് സമരസമിതി കമ്മിറ്റി കൺവീനർ സാജു പടിഞ്ഞാറത്തറ ഷാന്റി ചേനമ്പാടി തുടങ്ങിയവർ സംസാരിച്ചു. മടക്കിമലയിൽ മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കുന്നതിന് സർക്കാർ തീരുമാനം എടുക്കുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ആക്‌ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.