ബാങ്കിൽ മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ് പ്രതിയുമായി തെളിവെടുപ്പ് നടത്തി

പുല്പള്ളി : ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയായ, കനറാബാങ്കിലെ മുൻ അപ്രൈസർ കെ.ആർ. സഹജനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. റിമാൻഡിലായിരുന്ന സഹജനെ വെള്ളിയാഴ്ച രാവിലെയാണ് പുല്പള്ളി പോലീസ് ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽനിന്ന്‌ ഒരുദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയത്. തുടർന്ന്, പുല്പള്ളി പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യംചെയ്തശേഷം സഹജന്റെ ചുണ്ടക്കൊല്ലിയിലെ വീട്ടിലും കനറാബാങ്കിന്റെ പുല്പള്ളി ശാഖയിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി.

കനറാബാങ്കിന്റെ പുല്പള്ളി ശാഖയിലെ അപ്രൈസറായിരുന്ന പുല്പള്ളി കുറുവാശേരികുടിയിൽ കെ.ആർ. സഹജൻ (53) സുഹൃത്തുക്കളുടെ പേരിൽ ബാങ്കിൽ മുക്കുപണ്ടം പണയംവെച്ച് 28.9 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. കഴിഞ്ഞ മൂന്നുമാസത്തിനുള്ളിലാണ് സഹജൻ അഞ്ച് ആളുകളുടെ പേരിലായി സ്വർണപ്പണയവായ്പകൾ എടുത്തത്. റീജണൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന റീ അപ്രൈസറിലാണ് മുക്കുപണ്ടം കണ്ടെത്തിയത്. തട്ടിപ്പുകണ്ടെത്തിയതോടെ ബാങ്കിലെ അപ്രൈസർ ജോലിയിൽനിന്ന് സഹജനെ പിരിച്ചുവിട്ടിരുന്നു. ബാങ്ക് അധികൃതരുടെ പരാതിയിൽ പോലീസ് കേസെടുത്തതിനുപിന്നാലെ ഒളിവിൽപ്പോയ സഹജനെ പുല്പള്ളി എസ്.ഐ. എം.സി. പവനന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കഴിഞ്ഞ ഞായറാഴ്ച പാലക്കാട് നെല്ലായിൽനിന്നാണ് പിടികൂടിയത്.

സഹജൻ മുക്കുപണ്ടം പണയംവെക്കാനായി ഉപയോഗിച്ച അഞ്ച് ആളുകൾക്കും തട്ടിപ്പിൽ നേരിട്ടുപങ്കില്ലെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ബാങ്കിൽ ജോലിചെയ്യുന്നതിനാൽ തന്റെ പേരിൽ സ്വർണം പണയംവെക്കാൻ കഴിയില്ലെന്ന് പറഞ്ഞുവിശ്വസിപ്പിച്ചാണ് സുഹൃത്തുക്കളെ മറയാക്കി ഇയാൾ തട്ടിപ്പുനടത്തിയത്. സഹജനെ വിശ്വസിച്ച് സുഹൃത്തുക്കൾ വായ്പാരേഖകളിൽ ഒപ്പിട്ടുനൽകുക മാത്രമായിരുന്നു ചെയ്തത്. തെളിവെടുപ്പ് പൂർത്തിയാക്കിയശേഷം വെള്ളിയാഴ്ച വൈകുന്നേരത്തോടെ സഹജനെ ബത്തേരി കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡിൽ വിട്ടു.