ശുചീകരണത്തൊഴിലാളികളെ ചേർത്തുപിടിച്ചൊരു മാഗസിൻ പ്രകാശനം

സുൽത്താൻബത്തേരി : അകലെയല്ല അടുത്തുനിർത്തേണ്ടവരാണെന്ന സന്ദേശമുയർത്തി നഗരസഭാ ശുചീകരണത്തൊഴിലാളികളെക്കൊണ്ട് മാഗസിൻ പ്രകാശനംചെയ്ത് ബത്തേരിയിലെ കാലിക്കറ്റ് സർവകലാശാല ടീച്ചർ എജുക്കേഷൻ സെന്റർ. നഗരശുചിത്വത്തിനും പൊതുജനാരോഗ്യ സംരക്ഷണത്തിനുമായി അഹോരാത്രം പ്രയത്‌നിക്കുന്ന നഗരസഭാ ശുചീകരണ തൊഴിലാളികൾക്ക് ആദരമായാണ് വേറിട്ട പരിപാടി.

പ്രിൻസിപ്പൽ ഡോ. എം. ഗീതാഞ്ജലിയുടെ നേതൃത്വത്തിൽ നടത്തിയ ചടങ്ങ് സാമൂഹിക ഉത്തരവാദിത്വത്തിന്റെയും കരുതലിന്റെയും മാതൃകയായി.

സ്റ്റാഫ് എഡിറ്റർ എ. സുനീർബാബു, മാഗസിൻ എഡിറ്റർ പീയൂഷ് ഭാനു എന്നിവരും നേതൃത്വംനൽകി. മാഗസിൻ രൂപകല്പനയിലും പ്രസിദ്ധീകരണത്തിലും വിദ്യാർഥികളും അധ്യാപകരും ഒന്നിച്ച് നടത്തിയ പ്രവർത്തനങ്ങളും ചടങ്ങിൽ പങ്കുവെച്ചു. അധ്യാപകപ്രതിനിധി എ. മിനി, ശുചീകരണത്തൊഴിലാളികളുടെ പ്രതിനിധി അസീസ് എന്നിവർ സംസാരിച്ചു. നഗരസഭയുടെ ശുചിത്വപ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്ന തൊഴിലാളികളെ സമൂഹത്തിന് മുന്നിൽ ആദരവോടെ അവതരിപ്പിച്ച ബി.എഡ്. സെന്ററിന്റെ മാതൃക കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നഗരസഭാ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.എസ്. പ്രമോദ് പറഞ്ഞു.