ആദികൈലാസ് മാരത്തൺ; തോമസിന് അഭിമാനനേട്ടം

മാനന്തവാടി : ഉത്തരാഖണ്ഡ് സർക്കാരും ടൂറിസ്റ്റ് വകുപ്പും ചേർന്ന് സംഘടിപ്പിച്ച ആദികൈലാസ് മാരത്തണിൽ ജില്ലയ്ക്ക് അഭിമാനനേട്ടവുമായി എടവക ദ്വാരക സ്വദേശി പള്ളിത്താഴത്ത് തോമസ്. സമുദ്രനിരപ്പിൽനിന്ന് 15,000 അടി ഉയരത്തിൽ മൈനസ് എട്ടുഡിഗ്രിവരെ ഉയർന്ന തണുപ്പിൽ കൂറ്റൻ കൊടുമുടികൾ കയറിയും ഇറങ്ങിയുമുള്ള ഓട്ടത്തിനാലാണ് തോമസിന്‌ ഒന്നാംസ്ഥാനം ലഭിച്ചത്. അറുപതുവയസ്സിനു മുകളിലുള്ളവരുടെ മത്സരത്തിൽ 42 കിലോമീറ്റർ ദൂരം തോമസ് ഓടിത്തീർത്തത് നാലുമണിക്കൂർ 24 മിനിറ്റ് 14 സെക്കൻഡ് കൊണ്ടാണ്. അൻപതുവയസ്സിനു മുകളിലുള്ളവരുടെ മത്സരത്തിൽ ജയിച്ചയാളെക്കാൾ വേഗത്തിലാണ് തോമസ് ഓടി ലക്ഷ്യംകണ്ടത്.

കഴിഞ്ഞ 18-ന് നടന്ന വേദാന്ത ഡൽഹി ഹാഫ് മാരത്തൺ ഒരു മണിക്കൂർ 30 മിനിറ്റ് 53 സെക്കൻഡിൽ ഓടിത്തീർത്ത് ഒന്നാംസ്ഥാനം നേടിയതിനുശേഷമാണ് വിശ്രമമൊന്നുമില്ലാതെ ഹിമാലയത്തിലേക്ക് പുറപ്പെട്ടത്. നേപ്പാളിന്റെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ധാർച്ചുലയിൽ ഒരുദിവസം താമസിച്ച് നേപ്പാൾ ഗ്രാമങ്ങളിലൂടെ ഒരു ദിവസം പരിശീലനം നടത്തിയശേഷം ആദി കൈലാസിന് അടുത്തുതന്നെയുള്ള നാബി വില്ലേജിലെ ഹോംസ്റ്റേയിൽ താമസിച്ചു. തുടർന്ന് ഹിമാലയത്തിന്റെ മലഞ്ചെരുവുകളിൽ മൂന്നുദിവസം പരിശീലനം നടത്തി.

ഉത്തരാഖണ്ഡ് സ്വദേശികളായ പട്ടാളക്കാർ ഉൾപ്പെടെയുള്ള ഓട്ടക്കാരെത്തന്നെ ഓടിത്തോൽപ്പിച്ചാണ് തോമസിന്റെ മിന്നുന്ന ജയം. അൻപതിനായിരം രൂപയാണ് അറുപതാംവയസ്സിൽ സമ്മാനമായി നേടിയത്. തോണിച്ചാൽ എമ്മാവൂസ് വില്ല സ്പെഷ്യൽ സ്കൂളിൽ ഡ്രൈവറായി ജോലിചെയ്യുകയാണ് തോമസ്. ലില്ലി തോമസാണ് ഭാര്യ. ജില്ലാശിശുസംരക്ഷണവകുപ്പിലെ അശ്വതി, ആർക്കിടെക്ടായ അനുതോമസ് എന്നിവർ മക്കളാണ്.