കാർ കടയിലേക്ക് പാഞ്ഞുകയറി; തിരുവോണദിനത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം | VIDEO

തിരുവോണദിനത്തിൽ കടയ്ക്കുമുന്നിൽനിന്ന് സാധനങ്ങൾ വാങ്ങുകയായിരുന്ന വയോധികയ്ക്ക് നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് ദാരുണാന്ത്യം. കട്ടിപ്പാറ കല്ലുള്ളതോട് താമസിക്കുന്ന തലയാട് ചെമ്പുങ്കര പുല്ലുമല സരോജിനി അമ്മയാണ് (79) കട്ടിപ്പാറ-തലയാട് റോഡ് ജങ്ഷനിലെ പനങ്ങാട് പടിക്കൽവയലിൽ അപകടത്തിൽ മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒൻപതുമണിയോടെ മൂത്തമകന്റെ കൺമുന്നിലായിരുന്നു ദുരന്തം.

സരോജിനി അമ്മയുടെ പടിക്കൽവയലിലുള്ള അടുത്തബന്ധു ഉത്രാടദിനത്തിൽ മരിച്ചിരുന്നു. ഈ വീട്ടിലേക്ക് മകൻ മോഹനനൊപ്പം പോകവേ സാധനങ്ങൾ വാങ്ങാനായി സരോജിനി അമ്മ പടിക്കൽവയലിലെ പറമ്പടിസ്റ്റോർ എന്ന പലചരക്കുകടയിൽ ഇറങ്ങുകയായിരുന്നു. മകൻ മോഹനൻ ഓട്ടോയിൽ നിന്നിറങ്ങി കടയ്ക്കുമുന്നിൽ നിന്നപ്പോൾ ഓട്ടോ ഡ്രൈവർ സാദിഖ് ഓട്ടോറിക്ഷയിൽ തന്നെ ഇരുന്നു. പലചരക്കുസാധനങ്ങൾ വാങ്ങി ബേക്കറിസാധനങ്ങൾകൂടി വാങ്ങാൻനിൽക്കുന്ന സമയത്താണ് അപകടമുണ്ടാവുന്നത്. 

എസ്റ്റേറ്റ്‌മുക്ക് റോഡ് ഭാഗത്തുനിന്ന് മലയോരഹൈവേ ഭാഗത്തേക്ക് പോവുകയായിരുന്ന കല്ലുള്ളതോട് സ്വദേശികൾ സഞ്ചരിച്ച കാർ വളവിനുസമീപം നിയന്ത്രണം വിട്ട് സരോജി സരോജിനി അമ്മ വന്ന ഓട്ടോറിക്ഷയുടെ മുൻവശത്തിടിച്ച്, ഓവുചാലിന്റെ നടപ്പാതയ്ക്ക് മുകളിലൂടെ കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കാറിനും കടയുടെ കോൺക്രീറ്റ് പില്ലറിനും ഇടയിൽ കുടുങ്ങി ഞെരിഞ്ഞമർന്ന സരോജിനി അമ്മയെ നാട്ടുകാർ ഓടിയെത്തിയാണ് പുറത്തെടുത്തത്. ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവർ സാദിഖിനും ചെറിയ പരിക്കേറ്റു. ഗുരുതരപരിക്കേറ്റ സരോജിനി അമ്മയെ ആദ്യം പൂനുരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന്, മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷി ക്കാനായില്ല.

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ശനിയാഴ്ച ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം ഉള്ളിയേരിയിലെ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. പരേതനായ പുല്ലുമലയിൽ ശേഖരൻ നായരാണ് ഭർത്താവ്. മക്കൾ: മോഹനൻ, സുഭാഷ്. മരുമക്കൾ: നന്ദിനി (അത്തോളി), ശാലിനി (ചമൽ). സഹോദരങ്ങൾ: കാർത്യായനി, തങ്ക, ശാന്ത, പരേതരായ ഭാസ്കരൻ നായർ, ദേവി അമ്മ, കമല.
വാഹനമോടിച്ചവരുടെ പേരിൽ ബാലുശ്ശേരി പോലീസ് അശ്രദ്ധമൂലമുള്ള അപകടമരണത്തിനും അശ്രദ്ധമായ ഡ്രൈവിങ്ങിനും കേസെടുത്തു. ദമ്പതികളാണ് കാറിലുണ്ടായത്. യുവതിയാണ് വാഹന മോടിച്ചിരുന്നതെന്നും ഇവർക്ക് ഡ്രൈവിങ്ങിൽ പരിചയക്കുറവുള്ളതായാണ് തോന്നിയതെന്നും സംഭവത്തിന് ദൃക്‌സാക്ഷികളായ നാട്ടുകാർ പറയുന്നു.

Content Highlights: Padikkal Vayal Incident: CCTV Footage Released