സഞ്ജയ് ഗാന്ധി, മാധവറാവു സിന്ധ്യ,...; വിമാന ദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെട്ട നേതാക്കൾ

സഞ്ജയ് ഗാന്ധി, മാധവറാവു സിന്ധ്യ, വൈ.എസ് രാജശേഖര റെഡ്ഡി, വിജയ് രൂപാണി. വിമാന ദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെട്ട ഉന്നത നേതാക്കന്മാരുടെ എണ്ണം ഒട്ടേറെയുണ്ട് ഇന്ത്യയിൽ. അതിലേക്കാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ പേരുകൂടി പുതുതായി എഴുതി ചേർക്കുന്നത്.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി. നേതാവുമായ അജിത് പവാർ സാങ്കേതിക തകരാറിനേ തുടർന്ന് ബാരാമതി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്ങിന് ശ്രമിക്കവെയാണ് അജിത് പവാർ സഞ്ചരിച്ച വിമാനം തകർന്നുവീണ് കത്തിയമർന്നത്.

കഴിഞ്ഞവർഷം രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിലാണ് ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിക്ക് ജീവൻ നഷ്ടമാവുന്നത്. സർദാർ വല്ലഭ് ഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന വിമാനത്തിലെ 242 യാത്രക്കാരിൽ ഒരാളായിരുന്നു രൂപാണിയും. വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനം തകർന്നുവീഴുകയായിരുന്നു.

കോൺഗ്രസ് നേതാവും മുൻ‌ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകനുമായ സഞ്ജയ് ഗാന്ധിക്ക് ജീവൻ നഷ്ടമാവുന്നതും ഒരു വിമാനാപകടത്തിലാണ്. 1980 ജൂൺ 23ന് സ്വന്തമായി പറത്തിയ വിമാനം തകർന്നു വീണാണ് സഞ്ജയ് മരണപ്പെടുന്നത്. സഫ്ദർജംഗ് വിമാനത്താവളത്തിന് സമീപം ഡൽഹി ഫ്ലൈയിംഗ് ക്ലബ് വിമാനത്തിൽ അഭ്യാസപ്രകടനത്തിന് ശ്രമിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ ചെറുവിമാനം തകർന്നു വീണത്.

മുതിർന്ന കോൺഗ്രസ് നേതാവും മുൻ സിവിൽ വ്യോമയാന മന്ത്രിയുമായിരുന്ന മാധവറാവു സിന്ധ്യ 2001 സെപ്റ്റംബർ 30 ന് കാൺപൂരിൽ ഒരു രാഷ്ട്രീയ റാലിക്ക് പോകുന്നതിനിടെ ഉണ്ടായ വിമാനാപകടത്തിലാണ് മരണപ്പെടുന്നത്. ഉത്തർപ്രദേശിലെ മണിപ്പൂരിക്ക് സമീപം മോശം കാലാവസ്ഥയെ തുടർന്ന് 10 സീറ്റുള്ള സ്വകാര്യ വിമാനം തകർന്നുവീഴുകയായിരുന്നു. നിലവിലെ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവാണ് മാധവ് റാവു സിന്ധ്യ.

2009 സെപ്റ്റംബർ 2 നാണ് മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡി സഞ്ചരിച്ചിരുന്ന ബെൽ 430 ഹെലികോപ്റ്റർ നല്ലമല വനമേഖലയിൽ വെച്ച് കാണാതാവുന്നത്. പിന്നീട് അത് തകർന്നുവീണതായും റെഡ്ഡി ഉൾപ്പെടെ അഞ്ച് പേർ മരിച്ചതായും സ്ഥിരീകരിച്ചു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിപദത്തിലിരിക്കേയായിരുന്നു വൈ.എസ്. രാജശേഖര റെഡ്ഡിയുടെ വിയോഗം.

2011 ഏപ്രിൽ 30നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)-യുടെ നേതാവും അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന ദോർജി ഖണ്ഡു സഞ്ചരിച്ച ഹെലികോപ്റ്റർ കാണാതാവുന്നത്. പിന്നീട് അഞ്ച് ദിവസത്തിന് ശേഷം അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തി. തവാങ്ങിൽനിന്ന് അരുണാചൽ തലസ്ഥാനമായ ഇറ്റാനഗറിലേക്ക് പോകവേയാണ് കമേങ് ജില്ലയിൽവെച്ച് ഖണ്ഡു സഞ്ചരിച്ച ഹെലികോപ്ടർ തകർന്നുവീണത്.

കേരളത്തിൽ നിന്നുള്ള പ്രമുഖ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും മുൻ രാജ്യസഭാംഗവുമായിരുന്ന ദേവകി ഗോപിദാസും വിമാനപകടത്തിലാണ് നമ്മെ വിട്ടുപിരിയുന്നത്. 1973 മേയ് 31ന് തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലേക്കുള്ള ഇന്ത്യൻ എയർലൈൻസ് 737 ബോയിംഗ് വിമാനം രാത്രി 10 മണിക്ക് പാലം വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കവേ 5 കി.മീ അകലെ ആകാശമദ്ധ്യത്തിൽ വച്ച് തീപിടിച്ച് താഴേക്ക് പതിക്കുകയായിരുന്നു

ലോക്‌സഭാ സ്പീക്കറും ടിഡിപി നേതാവുമായിരുന്ന ജിഎംസി ബാലയോഗി ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയില കൈകാലുരിന് സമീപത്ത് ഉണ്ടായ ഒരു ഹെലികോപ്റ്റർ അപകടത്തിലാണ് മരിക്കുന്നത്. 2002 മാർച്ച് മൂന്നിനായിരുന്നു സംഭവം. കിഴക്കൻ ഗോദാവരി ജില്ലയിലെ ഭീമാവാരത്ത് ഒരു മതസമ്മേളനത്തിൽ പങ്കെടുത്ത ശേഷം ട്രെയിനിൽ സെക്കന്തരാബാദിലേക്ക് മടങ്ങാൻ തീരുമാനിച്ച അദ്ദേഹം അവസാന നിമിഷം വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു.

2004 സെപ്റ്റംബർ 22-ന് ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട മേഘാലയയിലെ മുൻ ഗ്രാമവികസന മന്ത്രിയായിരുന്നു സിപ്രിയൻ സാങ്മ. ഷില്ലോങ്ങിനടുത്ത് ബരാപാനി തടാകത്തിന് സമീപം നടന്ന അപകടത്തിൽ അദ്ദേഹത്തോടൊപ്പം മറ്റ് ഒമ്പത് പേരും മരിച്ചിരുന്നു. ഗുവാഹത്തിയിൽ നിന്ന് ഷില്ലോങ്ങിലേക്കുള്ള യാത്രയിലായിരുന്നു അദ്ദേഹം.

ഉത്തർപ്രദേശിലെ സഹാറൻപൂരിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് വ്യവസായിയും ഹരിയാന മന്ത്രിയുമായ ഓം പ്രകാശ് ജിൻഡാൽ മരിക്കുന്നത്. മറ്റൊരു മന്ത്രി സുരേന്ദർ സിങ്ങും അപകടത്തിൽ മരിച്ചിരുന്നു.

Content Highlights: Explore the history of prominent Indian leaders, including Ajit Pawar and Sanjay Gandhi, who tragically lost their lives in aviation accidents. Discover the impact of these events.