വഖഫ് നിയമ ഭേദഗതി സാമൂഹ്യ വിഷയം; ഭരണഘടനയും നിയമസംവിധാനവുമാകണം അന്തിമം- ഫാദർ തോമസ് തറയിൽ

വഖഫ് നിയമ ഭേദഗതി ബിൽ ബുധനാഴ്ച പാർലമെൻറിൽ അവതരിപ്പിക്കാനിരിക്കെ പാർട്ടി ചിന്തകൾക്ക് അതീതമായി എല്ലാ എംപിമാരും തങ്ങളോട് സഹകരിക്കണമെന്നാവശ്യപ്പെട്ട് സിബിസി വക്താവ് ഫാദർ തോമസ് തറയിൽ. മുനമ്പത്ത് 600-ലധികം കുടുംബങ്ങളുടെ ഭൂമിയിന്മേലുള്ള റവന്യൂ അവകാശങ്ങളെല്ലാം അന്യായമായി തടഞ്ഞുവെച്ചിരിക്കുകയാണ്. ഫാറൂഖ് കോളേജിന് ദാനമായി കിട്ടിയ ഭൂമിയാണെന്നും അതുകൊണ്ടാണ് വിറ്റതെന്നും കോളേജ് തന്നെ പറഞ്ഞിട്ടുണ്ട്. എല്ലാ വസ്തുതകളും വ്യക്തമായിരിക്കെ എന്തിന്റെ അടിസ്ഥാനത്തിലാണ് അത് വഖഫ് ഭൂമിയാണെന്ന് പറയുന്നത്? ഇത്തരത്തിൽ ഏകപക്ഷീയമായി നിശ്ചയിക്കാൻ കഴിയുന്ന വകുപ്പുകൾ ഈ നിയമത്തിൽ നിന്ന് എടുത്തുകളയണമെന്നാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. 

'വഖഫ് ഭൂമിയുമായി എന്തെങ്കിലും തർക്കം വന്നാൽ വഖഫ് ട്രൈബ്യൂണലാണ് പരിഹരിക്കേണ്ടതെന്നും അവരുടെ തീരുമാനം അന്തിമമായിരിക്കുമെന്നും പറയുന്നത് ഈ ജനാധിപത്യ രാജ്യത്ത് ശരി‌യല്ല. ഇവിടത്തെ ഒരു സിവിൽ കോടതികളിലും അത് ചോദ്യം ചെയ്യാൻ പറ്റില്ലെന്നാണ് പറയുന്നത്. അത് ശരിയല്ല. ഇതൊരു സാമൂഹ്യ വിഷയമാണ്. അതുകൊണ്ട് എല്ലാ പാർട്ടികളും ഈ വിഷയത്തെ ആഴത്തിൽ പഠിക്കണം. വ‌ഖഫ് നിയമത്തെ മുഴുവനായി ഭേ​ദ​ഗതി ചെയ്യണമെന്ന് പറയുന്നില്ല. മതപരമായ കാര്യങ്ങളിൽ നമ്മളാരും ഇടപെടുന്നില്ല. ഈ ജനാധിപത്യ രാജ്യത്ത് ഇന്ത്യൻ ഭരണഘടനയും നിയമസംവിധാനവുമാണ് അന്തിമമാകേണ്ടത്. അല്ലാതെ ഏതെങ്കിലുമൊരു മതത്തിന്റെ സംവിധാനമല്ല. സഭ എപ്പോഴും പാർശ്വവത്കരിക്കപ്പെട്ട ജനങ്ങൾക്കൊപ്പമായിരിക്കും', ഫാദർ തോമസ് തറയിൽ വ്യക്തമാക്കി. 

Inshort: Father Thomas Tharayil urges MPs to support amendments to the Waqf Act, citing concerns over land rights and the Act`s potential impact on democratic principles.

Content Highlights:  Father Thomas Tharayil urges MPs to support amendments to the Waqf Act