News Lunch @ 1 | പണിമുടക്ക്: കേരളത്തിൽ കാര്യമായ അക്രമമുണ്ടായില്ലെന്ന് എൽഡിഎഫ് കൺവീനർ

1. എന്‍ജിനീയറിങ് അടക്കം കേരളത്തിലെ പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള കീം പ്രവേശന  പരീക്ഷ ഫലം ഹൈക്കോടതി റദ്ദാക്കി. കീമിന്റെ പ്രോസപെക്ടസില്‍ അടക്കം വരുത്തിയ മാറ്റങ്ങള്‍ ചോദ്യം ചെയ്തു കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്. പുതുക്കിയ വെയിറ്റേജ് രീതിയാണ് ഹൈക്കോടതി റദ്ദാക്കിയത്.  വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടികാട്ടിയാണ് ഈ നടപടി. ജസ്റ്റിസ് ഡി.കെ സിങ്ങിന്റേതാണ് ഉത്തരവ്.

2. പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്ത്  എവിടെയും കാര്യമായ അക്രമങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍. ഇന്ന് പണിയെടുക്കാന്‍ പാടില്ല. കഴിഞ്ഞ അഞ്ചുമാസമായി പണിമുടക്കിനായി തൊഴിലാളികള്‍ പ്രചാരണത്തിലാണ്. അത്തരത്തിലുള്ള തൊഴിലാളികളുടെ മുന്നില്‍ പണിമുടക്കിനെ വെല്ലുവിളിച്ചെത്തിയാല്‍ സ്വാഭാവികമായി ചില പ്രതികരണങ്ങള്‍ ഉണ്ടാകും. അത് മാത്രമാണ് സംഭവിച്ചിട്ടുള്ളതെന്നും ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.

3. തദ്ദേശീയമായി വികസിപ്പിച്ച അന്തര്‍വാഹിനികളെ തകര്‍ക്കാനുപയോഗിക്കുന്ന റോക്കറ്റ് സംവിധാനം വിജയകരമായി പരീക്ഷിച്ചു. ജൂണ്‍ 23 മുതല്‍ ജൂലൈ എഴ് വരെ നടത്തിയ പരീക്ഷണ പരമ്പരയില്‍ റോക്കറ്റ് സംവിധാനം ലക്ഷ്യങ്ങളെല്ലാം പൂര്‍ത്തിയാക്കി. എക്സ്റ്റന്‍ഡഡ് റേഞ്ച് ആന്റി സബ്മറൈന്‍ റോക്കറ്റ് (ERASR) ആണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. നാവികസേന കപ്പലായ ഐഎന്‍എസ് കവരത്തിയില്‍നിന്നാണ് റോക്കറ്റ് പരീക്ഷണണങ്ങള്‍ നടന്നത്. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ആണ് റോക്കറ്റ് വികസിപ്പിച്ചത്.

4. ജാനകി സിനിമാ വിവാദത്തില്‍ നിലപാട് മയപ്പെടുത്തി സെന്‍സര്‍ ബോര്‍ഡ്. സിനിമയിലെ കഥാപാത്രത്തിന്റെ പേരിനൊപ്പം ഇനീഷ്യല്‍ ചേര്‍ക്കണമെന്നും ചിത്രത്തിലെ അവസാനഭാഗത്തെ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും സെന്‍സര്‍ ബോര്‍ഡിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു

Content Highlights: News Lunch at one