News Lunch@1 | ബിജെപി നേതാവ് സി. സദാനന്ദന്‍ രാജ്യസഭയിലേക്ക്
1. കേരളത്തില്‍നിന്നുള്ള ബിജെപി നേതാവ് സി. സദാനന്ദന്‍ രാജ്യസഭയിലേക്ക്. ഇദ്ദേഹം ഉള്‍പ്പെടെ നാലുപേരെയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. രാജ്യസഭയിലെ നോമിനേറ്റഡ് സീറ്റുകളിലുണ്ടായ ഒഴിവിനെ തുടര്‍ന്നാണ് ഇത്. നിലവില്‍ സംസ്ഥാന ബിജെപി വൈസ് പ്രസിഡന്റാണ് സദാനന്ദന്‍. ഇക്കഴിഞ്ഞ ദിവസമാണ് സദാനന്ദന്‍ ഈ സ്ഥാനത്തെത്തിയത്.
2. മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിക്ക് മുസ്ലിം ലീഗ് ഭൂമി വാങ്ങാന്‍ മാര്‍ക്കറ്റ് വിലയുടെ ഇരട്ടിയിലധികം തുക നല്‍കിയെന്ന് ആരോപണം. തോട്ടഭൂമിയുടെ സ്വഭാവത്തിലുള്ള സ്ഥലത്തിന്, സെന്റിന് 65000 രൂപ വരെയാണ് വില. എന്നാല്‍, മുസ്ലിം ലീഗ് ഭൂമി വാങ്ങിയത് ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം രൂപ നല്‍കിയാണ്. പാണക്കാട് സാദിഖലി തങ്ങളുടെ പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്തതിലൂടെ രണ്ട് കോടി രൂപയുടെ പാഴ്ചെലവുണ്ടായെന്നും വിമര്‍ശനമുണ്ട്.
3. തമിഴ്‌നാട് തിരൂവള്ളൂരില്‍ ചരക്ക് ട്രെയിനിന് തീപ്പിടിച്ചു. ചെന്നൈയില്‍നിന്ന് ആന്ധ്രയിലേക്ക് പുറപ്പെട്ട ട്രെയിനിനാണ് തീപ്പിടിച്ചത്. രാവിലെ 5.30 ഓടെയായിരുന്നു സംഭവം. ഡീസല്‍ കയറ്റിവന്ന വാഗണുകളാണ് കത്തിയത്. സംഭവത്തെത്തുടര്‍ന്ന് ആരക്കോണത്തിനും ചെന്നൈയ്ക്കും ഇടയിലുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം.
4. തീപ്പിടിച്ചുണ്ടായ അപകടത്തെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ജൂലായ് 13 ഞായറാഴ്ച ചെന്നൈയില്‍നിന്ന് പുറപ്പെടുന്ന എട്ട് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. കേരളത്തില്‍നിന്ന് ഉള്‍പ്പെടെയുള്ള ചില ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ഈ ട്രെയിനുകള്‍ ചെന്നൈ സെന്‍ട്രലിന് മുന്‍പ് യാത്ര അവസാനിപ്പിക്കുമെന്നും ചില ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടതായും ദക്ഷിണ റെയില്‍വേ അറിയിച്ചു.