'ലാലേട്ടന്‍ യെസ് മൂളി, ഒ.കെ ആക്‌സെപ്റ്റഡ് എന്നുപറഞ്ഞു'; സിദ്ദിഖിന്റെ രാജിയില്‍ ജയന്‍ ചേര്‍ത്തല

സിദ്ദിഖിനെതിരേ ഉയര്‍ന്ന ആരോപണം സംബന്ധിച്ച കാര്യങ്ങള്‍ ഇന്നലെ മാത്രമാണ് അറിയുന്നതെന്ന് നടനും അമ്മ വൈസ് പ്രസിഡന്റുമായ ജയന്‍ ചേര്‍ത്തല. പരാതി ഗൗരവത്തോടെ കാണണമെന്ന് അപ്പോള്‍ തന്നെ ജഗദീഷും ബാബുരാജുമായും സംസാരിച്ചിരുന്നു. രാത്രിതന്നെ സിദ്ദിഖിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. അതിരാവിലെ ഫോണ്‍ വന്നപ്പോഴാണ് സിദ്ദിഖ് രാജിവെക്കാന്‍ തീരുമാനിച്ച വിവരം അറിയുന്നത്. ലാലേട്ടനെ വിളിച്ചറിയിച്ചു. ലാലേട്ടന്‍ യെസ് മൂളി, രാജിവെക്കുകയാണെന്ന് അറിയിച്ചപ്പോള്‍ ഒകെ ആക്‌സെപ്റ്റഡ് എന്നാണ് പറഞ്ഞത്. അങ്ങനെയാണ് ഇതിന്റെ നടപടിക്രമങ്ങള്‍ ഇതുവരെ വന്നതെന്നും ജയന്‍ ചേര്‍ത്തല പറഞ്ഞു.
അമ്മ എപ്പോഴും ഇരകള്‍ക്കൊപ്പമാണ്. കുറ്റാരോപിതരാണെങ്കില്‍ രാജിവെച്ച് മാറുക എന്നതാണ് അമ്മയുടെ രീതി. അന്വേഷണം നേരിട്ട് നിരപരാധിയാണെങ്കില്‍ അതിനുശേഷം തിരിച്ചുവന്നോളു, അല്ല അപരാധിയാണെങ്കില്‍ ആ വഴിക്ക് പോകട്ടെ. ഒരിക്കലും തെറ്റുകാരെ പിന്തുണയ്ക്കാന്‍ അമ്മ നില്‍ക്കില്ല. എന്നാല്‍ അമ്മയ്ക്ക് പ്രതികരണ ശേഷി വളരെ കുറവാണെന്നും ഇക്കാര്യം സംഘടനയില്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാണിച്ച ജയന്‍ ചേര്‍ത്തല കുറേകാര്യങ്ങളില്‍ അമ്മയില്‍ തിരുത്തലുകള്‍ വേണമെന്നും ആവശ്യപ്പെട്ടു.