വിവാദങ്ങൾക്കിടെ എന്ന് തുറക്കും പാമ്പൻ പാലം? 'എൻജിനീയറിങ് വിസ്മയം' പുതിയ പാലമാകുമ്പോൾ
രാജ്യത്തെ എൻജിനിയറിങ് മികവിന്റെ വിസ്മയങ്ങളിൽ ഒന്നായിരുന്നു രാമേശ്വരത്തെ പാമ്പൻ പാലം. ഒരു നൂറ്റാണ്ടിലേറെ കരുത്തിന്റെ പര്യായമായി നിലകൊണ്ട നിർമിതി. പക്ഷേ, കാലപ്പഴക്കം പാമ്പൻ പാലത്തേയും തളർത്തി. എന്നാൽ, വിട്ടുകൊടുക്കാൻ മനസ്സില്ലാതെ പാക് കടലിടുക്കിന് കുറുകേ പഴയതിനെ വെല്ലുന്ന പുതിയ പാമ്പൻ പാലം പടുത്തുയർത്തി ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. പുതിയ പാലത്തിലൂടെ ട്രെയിനോടിച്ച് പരീക്ഷണ ഓട്ടവും വിജയകരമായി പൂർത്തിയാക്കി. ഗതാഗതത്തിന് തുറന്നുകൊടുക്കാനും അനുമതിയായി. ഇതോടെ ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ് രാജ്യത്തിന്റെ അഭിമാന പദ്ധതിയായ പുതിയ പാമ്പൻ പാലം. കപ്പലുകൾക്ക് വഴിയൊരുക്കാൻ പാലത്തിന്റെ മധ്യഭാഗം ഒന്നാകെ ഉയർത്താനും, പിന്നീടത് താഴ്ത്തി സാധാരണ നിലയിലാക്കി ട്രെയിനുകൾക്ക് കടന്നുപോകാനും സാധിക്കുന്ന അത്യാധുനിക വെർട്ടിക്കൽ ലിഫ്റ്റ് സംവിധാനമുള്ള പാലമാണിത്. രാജ്യത്ത് ഇത്തരമൊരു കടൽപ്പാലവും ഇതാദ്യം.
എന്നാൽ പാലം നിർമാണത്തിലെ വീഴ്ചകളെപ്പറ്റി റെയിൽവേ സുരക്ഷാ കമ്മിഷണർ ഉന്നയിച്ച ചില ആശങ്കകൾ പുതിയ വിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. പാലത്തിന്റെ ആസൂത്രണം മുതൽ വീഴ്ചകളുണ്ടെന്നാണ് റെയിൽവേ ദക്ഷിണമേഖലാ സുരക്ഷാ കമ്മീഷണർ എഎം ചൗധരിയുടെ റിപ്പോർട്ട്. പഴയ പാമ്പൻപാലം എൻജിനിയറിങ് മികവിന്റെ മാതൃകയായിരുന്നെങ്കിൽ പുതിയപാലം അങ്ങനെയല്ലെന്നാണ് ചൗധരി റിപ്പോർട്ടിൽ അഭിപ്രായപ്പെട്ടത്.
Content Highlights: new pamban bridge rameshwaram saftey concerns video explainer