കടുത്ത പ്രതികാരബുദ്ധി, മൂന്ന് കൊലയിലും കുറ്റബോധമില്ല: ചെന്താമരയ്ക്ക് വധശിക്ഷ അർഹിച്ചതോ?
‘ഒരു ചെകിടത്തടിച്ചാൽ മറ്റേ കരണം കാണിച്ചു കൊടുക്കാൻ ഞാൻ ഗാന്ധിജിയല്ല, ഇങ്ങോട്ടു വന്നാൽ വിടില്ല’ - കോടതിക്ക് മുന്നിലും വെല്ലുവിളി ഉയർത്തിയ ഒരാൾ. മൂന്നുപേരെ ക്രൂരമായി കൊല്ലപ്പെടുത്തിയിട്ടും കുറ്റബോധമില്ലാത്തൊരാൾ. ഇനിയും കൊല്ലാൻ മടിയില്ലാത്തൊരാൾ. തീവ്രമായ പ്രതികാരബുദ്ധിയും ഒബ്സസീവ് സ്വഭാവവുമുള്ള കൊടുംകുറ്റവാളി. അയാളെ പേടിച്ച് നാടുവിട്ട് പോയ നാട്ടുകാർ തന്നെ നിരവധി- ചെന്താമര. നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ.
പോത്തുണ്ടി തിരുത്തമ്പാടം ബോയൻ കോളനിയിലായിരുന്നു ചെന്താമരയുടെയും, അയാൾ കൊന്നു കളഞ്ഞ സുധാകരന്റെയും വീട്. തിരുപ്പൂരിൽ ഡ്രൈവറായിരുന്നു സുധാകരൻ.
ഭാര്യ സജിതയും അമ്മയും രണ്ട് പെൺകുട്ടികളും അടങ്ങുന്ന കുടുംബമായിരുന്നു സുധാകരന്റേത്. സജിതയേയാണ് ചെന്താമര ആദ്യം കൊല്ലപ്പെടുത്തിയത്. ആ കേസിൽ ജയിലിൽ കഴിയുന്നതിനിടെ ജാമ്യത്തിലിറങ്ങിയപ്പോൾ സുധാകരനെയും അമ്മയെയും കൊലപ്പെടുത്തി.ഇതിനെല്ലാം കാരണമായതോ, അന്ധവിശ്വാസം.
വീടിന്റെ വാതിൽ പൂട്ടി അകത്തിരിക്കുന്നതാണ് മിക്കസമയത്തും ചെന്താമരയുടെ ശീലം. നേരത്തേ നെല്ലിയാമ്പതി-പൊള്ളാച്ചി റൂട്ടിൽ സർവീസ് നടത്തിയിരുന്ന സ്വകാര്യബസിലെ ഡ്രൈവറായിരുന്നു ചെന്താമര. അന്നാണ് നെല്ലിച്ചോടുള്ള യുവതിയുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. വിവാഹശേഷം പ്രണയം സംശയത്തിലേക്ക് നീങ്ങി. ഭാര്യ തൊഴിലുറപ്പിനു പോകുന്നതുപോലും അയാൾക്കിഷ്ടമില്ലായിരുന്നു. ഇതേച്ചൊല്ലി വഴക്കിടുന്നത് പതിവായിരുന്നു. അങ്ങനെ ചെന്താമരയുടെ ഭാര്യ പിണങ്ങിപ്പോയി.
ഇവിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കടുത്ത അന്ധവിശ്വാസിയായിരുന്നു ചെന്താമര. നീണ്ട മുടിയുള്ള സ്ത്രീയാണ് തന്റെ കുടുംബ വഴക്കിന് കാരണമെന്ന് ഏതോ മന്ത്രവാദി പറഞ്ഞതോടെ സംശയം അയൽവാസി സജിതയായി. സംശയം മൂത്തു മൂത്ത് പകയായി, അത് സജിതയുടെ വീട്ടുകാരോടുള്ള വെെരാഗ്യമായി. സജിതയെയും കുടുംബത്തെയും ഇയാൾ ഇടയ്ക്കിടെ ഭീഷണിപ്പെടുത്തി. എന്നാൽ അത് ജീവനെടുക്കുന്നതിലേക്ക് എത്തുമെന്ന് ആരും കരുതിയില്ല.
2019 ഓഗസ്റ്റ് 31-നാണ് ചെന്താമര പകയുടെ കണക്ക് തീർക്കാനൊരുങ്ങിയത്. സുധാകരൻ തിരുപ്പൂരിൽ ജോലിസ്ഥലത്തും മക്കൾ സ്കൂളിലുമായിരുന്ന ആ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ സജിതയുടെ വീടിന്റെ പിറകുവശത്തുള്ള വാതിലിലൂടെ ചെന്താമര അകത്തുകയറി. സജിതയെ ആഞ്ഞു വെട്ടി. കഴുത്തിന്റെ പിൻഭാഗത്തും തോളിലും മാരകമായി പരിക്കേറ്റ സജിത സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മരണം ഉറപ്പാക്കിയ ശേഷം വീട്ടിൽതിരിച്ചുവന്ന് വെട്ടാനുപയോഗിച്ച കത്തി അലമാരയ്ക്കടിയിൽ ഒളിപ്പിച്ചു. രക്തക്കറ പുരണ്ട ഷർട്ട് കത്തിച്ചു. എന്നിട്ട് പോത്തുണ്ടി വനമേഖലയിൽ ഒളിച്ചു. രണ്ട് ദിവസത്തെ തിരിച്ചിലിനൊടുവിലാണ് പോലീസ് അന്ന് ചെന്താമരയെ പിടികൂടുന്നത്. കുറ്റകൃത്യവും ആസൂത്രണവുമെല്ലാം നടത്തിയത് ഒരാൾ തന്നെ. ഈ കേസിലാണ് പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചത്.
നടുക്കിയ ഇരട്ട കൊലപാതകം
സജിതയെ കൊലപ്പെടുത്തിയ കേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ വിചാരണ തടവുകാരനായിരിക്കുമ്പോഴും ചെന്താമരയുടെ പകയടങ്ങിയില്ല. സജിതയെ മാത്രമല്ല സജിതയുടെ കുടുംബത്തിലെ എല്ലാവരെയും കൊല്ലണം. ജാമ്യത്തിലിറങ്ങിയപ്പോൾ അത് മാത്രമായിരുന്നു ചിന്ത. എന്റെ കുടുംബം തകർത്തവരിൽ ഇനി രണ്ട് സ്ത്രീകൾകൂടി ബാക്കിയുണ്ട്, ഇറങ്ങിയാൽ അവരെയും തീർക്കുമെന്ന് സഹതടവുകാരോട് ചെന്തമാര പറഞ്ഞിരുന്നു.
ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ നെന്മാറ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കുന്നത് വിലക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും നെന്മാറ ഗ്രാമപ്പഞ്ചായത്തിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയേ ഉൾപ്പെടുത്തിയിരുന്നുള്ളൂ. പ്രതിയുടെ ജാമ്യാപേക്ഷ അനുവദിക്കരുതെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ പോലീസിനും പ്രോസിക്യൂഷനുമായില്ലെന്ന് ബന്ധുക്കൾ പിന്നീട് ആരോപിച്ചിരുന്നു. ചെന്താമര തങ്ങളെ ഉപദ്രവിക്കുമെന്ന് ഭയന്ന സുധാകരനും കുടുംബവും ഡിസംബർ 29-ന് പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
അന്ന് ചെന്താമര സ്വന്തം വീട്ടിലെത്തി. പിറ്റേ ദിവസം രാവിലെ സുധാകരൻ ജോലിക്ക് പോവുകയായിരുന്നു. ഒൻപതരയോടെ സ്‌കൂട്ടറിൽ വീട്ടിൽനിന്ന് ഇറങ്ങുമ്പോഴാണ് ചെന്താമര ഓടിവന്ന് കൊടുവാളുകൊണ്ട് വെട്ടി വീഴ്ത്തുന്നത്. കഴുത്തിലും വലതുകാലിലും വെട്ട് തടുക്കുന്നതിനിടെ വലതു കൈത്തണ്ടയിലുൾപ്പെടെ എട്ട് വെട്ടുകൾ. കഴുത്തിലെ മുറിവ് ആഴത്തിലായിരുന്നു. സുധാകരൻ തത്ക്ഷണം മരിച്ചു. നിലവിളികേട്ട് തടസ്സം പിടിക്കാനെത്തിയ ലക്ഷ്മിയുടെ ദേഹമാസകലം 12 വെട്ടേറ്റു. ഇവരെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലക്ഷ്മിക്ക് ചെവിക്കും കണ്ണിനും മധ്യേയുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണമായത്. സുധാകരന്റെ മക്കൾ വീട്ടിൽ ഇല്ലാതിരുന്നതിനാൽ അവർ രക്ഷപ്പെട്ടു.
നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോഴേക്കും ചെന്താമര സ്വന്തം വീട്ടിലേക്ക് ഓടിക്കയറി വാതിലടച്ചു. കൊടുവാൾ അലമാരയിൽ വെച്ചശേഷം പിൻവാതിലിലൂടെ പാടത്തേക്ക് ചാടി, പോത്തുണ്ടി വനമേഖലയിൽ ഒളിച്ചിരുന്നു. കാടുമായി നല്ല പരിചയം ഉണ്ടായിരുന്നതിനാൽ പൊലീസ് വനം അരിച്ചുപെറുക്കിയിട്ടും ചെന്താമരയെ പിടികൂടാനായില്ല. വിശന്നാൽ ചെന്താമര ഭക്ഷണം തേടി വീട്ടിലെത്തും എന്ന ഉറ്റവരുടെ വാക്കിൽ പൊലീസ് വലവിരിച്ചു.
ഈ വലയിലേക്കു 2 രാത്രിയും 2 പകലും നീണ്ട തിരച്ചിലിനൊടുവിൽ ചെന്താമര വന്നുപെട്ടു. പിടിക്കപ്പെട്ടപ്പോൾ ചെന്താമര പോലീസിനോട് പറഞ്ഞത്, തനിക്ക് വിശക്കുന്നു. ചിക്കൻ കൂട്ടി ഭക്ഷണം കഴിക്കണമെന്ന് മാത്രമാണ്. കുറ്റബോധത്തിന്റെ ഒരംശമോ പേടിയോ ഒന്നും അയാളിലുണ്ടായിരുന്നില്ല. കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ രണ്ട് കൊലപാതകങ്ങൾ.
56ാം ദിവസം കുറ്റപത്രം
2025 മാർച്ച് 25നാണ് നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പോലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. ചെന്താമരയ്ക്കെതിരേ രംഗത്ത് വന്നത് 133 സാക്ഷികൾ. ഇവരിൽ നാലുപേർ പിന്നീട് കൂറുമാറി. സുധാകരന്റെ വീടിന് തൊട്ടടുത്ത പാടത്ത് ആടു മേയ്ക്കുമ്പോൾ കൊലപാതകം നേരിൽ കണ്ട ഗിരീഷാണ് ദൃക്‌സാക്ഷി. പ്രതി ഇടം കൈയനാണെങ്കിലും ഇരുകൈകളും ഒരേപോലെ ഉപയോഗിക്കാൻ കഴിവുണ്ടെന്ന് കുറ്റപത്രത്തിൽ ഡോക്ടർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പ്രതി മാനസികരോഗിയല്ലെന്ന തെളിവുകളും കുറ്റപത്രത്തിലുണ്ട്. 480 പേജുള്ള കുറ്റപത്രത്തിനൊപ്പം അറുപതോളം തെളിവുകളും രേഖകളുമുണ്ട്.
Content Highlights: Details of the brutal double murder in Nemmara involving the accused Chentamara. The role of superstition and obsessive behavior in the motive for the crimes. Court verdict delivering double life imprisonment based on a 480-page charge sheet. Police procedural failures and the timeline of the investigation.