താര മൂല്യത്തിന് മേൽ ആളെക്കൂട്ടുന്നവർക്ക് അണികളുടെ ജീവനിൽ ഉത്തരവാദിത്തമില്ലേ? കരൂരിൽ നിന്ന് പഠിക്കേണ്ടത്?

തിരശ്ശീലയിൽ അനീതിക്കെതിരെ പടപൊരുതിയവർ പൊതുരംഗത്തത്തുമ്പോൾ, കുറച്ച് കുടുതൽ വൈകാരികമായാണ് തമിഴ് ജനത അവരെ ചേർത്തു നിർത്തുന്നത്. അണ്ണാദുരെയും കരുണാനിധിയും എംജിആറും ജയലളിതയും മുതൽ വിജയ് വരെ അങ്ങനെ തന്നെ. ആ അതിരുവിട്ട വൈകാരിക അടുപ്പവും സുരക്ഷാ സംവിധാനങ്ങളുടെ പാളിച്ചയും ഒന്നു ചേർന്നതാണ് കരൂരിൽ നമ്മൾ കണ്ടത്.

ജനസേവനത്തിനിറങ്ങിയ സൂപ്പർ സ്റ്റാറിന് സുരക്ഷയൊരുക്കുന്ന കറുത്ത കുപ്പായക്കാരൻ, ആരാധകനെ എടുത്ത് താഴേക്കെറിയുന്ന വീഡിയോ നമ്മൾ ഞെട്ടലോടെയാണ് കണ്ടത്. വിജയുടെ സുരക്ഷാ സേന അതിനുമുമ്പും കുപ്രസിദ്ധമാണ്. മധുര വിമാനത്താവളത്തിന് പുറത്ത്, അംഗരക്ഷകൻ ആരാധകന് നേരെ തോക്കു ചൂണ്ടുന്നതും നമ്മൾ കണ്ടു. അനുയായിയുടെ ദുരൂഹമരണവും നീണ്ട വിവാദമായി. തമിഴക വെട്രി കഴകം പാർട്ടി പ്രഖ്യാപിച്ചതു മുതൽ വിജയ് യെ പിന്തുടരുന്ന ക്രമസമാധാന പ്രശ്നങ്ങളിൽ കരൂർ ഒരു കറുത്ത പാടാണ്. അവിടെ വിജയ് യെ കാണാൻ വന്നവരിൽ വെള്ളം കിട്ടാതെയും, ശ്വാസം കിട്ടാതെയും തിക്കിലും തിരക്കിലും പെട്ട് മരിച്ചവർ നാൽപ്പതോളം പേരാണ്. പരിക്കേറ്റവർ നൂറിലേറെ വരും. കരൂരിലെ സംഭവത്തിന് ആരാണ് ഉത്തരവാദികൾ. പതിനായിരം പേർക്ക് ഒത്തുകൂടാൻ മാത്രം അനുമതി നൽകിയ സ്ഥലത്ത് ഒന്നര ലക്ഷത്തിലേറെ പേർ വന്നെങ്കിൽ അതിന് ഉത്തരവാദികൾ ആരൊക്കെയാണ്. ആൾക്കൂട്ടത്തെ നിയന്ത്രിക്കേണ്ടത് ആരാണ്. അതിൽ സ്റ്റാലിന്റെ പോലീസിന് ഉത്തരവാദിത്തം ഒന്നുമില്ലേ. താര മൂല്യത്തിന് മേൽ ആളെക്കൂട്ടുന്നവർക്ക് അണികളുടെ ജീവനിൽ ഉത്തരവാദിത്തമില്ലേ.. കരൂരിൽ എന്താണ് സംഭവിച്ചത്.

ചെന്നൈ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി തമിഴക വെട്ടി കഴകം നേതാവ് വിജയ് നടത്തുന്ന സംസ്ഥാന പര്യടനത്തിന്റെ ഭാഗമായായിരുന്നു കരൂരിലെ റാലി. ഉച്ചയോടെ വിജയ് കരൂരിൽ എത്തുമെന്നാണ് അറിയിച്ചിരുന്നത്. ആ സമയത്ത് തന്നെ ജനപ്രവാഹമായിരുന്നു പരിസരത്ത്. പക്ഷേ വിജയ് എത്താൻ കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും വൈകിയെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ മണിക്കൂറുകളോളം നീണ്ട കാത്തിരിപ്പും കനത്ത ചൂടും കാരണം പലരും തളർന്നുവീഴാൻ തുടങ്ങി.

രാത്രി ഏഴുമണിയോടെ വിജയ് പ്രസംഗിച്ചുകൊണ്ടിരിക്കേയാണ് ദുരന്തമുണ്ടാകുന്നത്. അദ്ദേഹത്തിന്റെ പ്രചാരണ വാഹനത്തിന് അടുത്തേക്ക് എത്താൻ ആളുകൾ ശ്രമം നടത്തി. ഇതിനിടയിൽ ഇവർ തെന്നിവീണു. ആളുകൾ കൂട്ടത്തോടെ വീണതോടെ പലർക്കും ഗുരുതരമായി പരിക്കേറ്റു. വീണവരുടെ ശരീരത്തിൽ ചവിട്ടി മറ്റുള്ളവർ പരക്കം പാഞ്ഞതോടെ ദുരന്തത്തിന്റെ വ്യാപ്തി കൂടി. ആളുകൾ തളർന്നുവീഴുന്നത് ശ്രദ്ധയിൽപ്പെട്ട വിജയ് പ്രസംഗം പാതിവഴിയിൽ നിർത്തി. തുടർന്ന്, തന്റെ പ്രത്യേക പ്രചാരണ വാഹനത്തിൽനിന്ന് ജനക്കൂട്ടത്തിലേക്ക് കുടിവെള്ള കുപ്പികൾ എറിഞ്ഞുകൊടുക്കാൻ തുടങ്ങി. പ്രദേശത്ത് നിന്നും ആളുകളെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് തിരക്ക് പ്രതിബന്ധമായി. സ്ഥലത്തെത്തിയ ആംബുലൻസുകൾക്ക്, കനത്ത ജനക്കൂട്ടം കാരണം പരിക്കേറ്റവരുടെ അടുത്തേക്ക് എത്താനും ആശുപത്രിയിലേക്ക് കൊണ്ടുപോകാനും വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വന്നു.

അനിയന്ത്രിതമായ ജനത്തിരക്കും തെരുവുകളിൽ നിന്നുതിരിയാൻപോലും സ്ഥലമില്ലാതിരുന്നതും അപകടത്തിലേക്കു നയിച്ചതായാണ് പ്രാഥമികമായ വിലയിരുത്തൽ. ഗുരുതരമായ സുരക്ഷാപാളിച്ചയാണ് റാലിയിൽ ഉണ്ടായതെന്നും റിപ്പോർട്ടുകളുണ്ട്. പോലീസ് സുരക്ഷ ഉറപ്പാക്കിയത് വിജയ്ക്ക് മാത്രമാണ്. ഉച്ചയ്ക്ക് 12 മണിയ്ക്ക് എത്തുമെന്ന് പറഞ്ഞിട്ടും വിജയ് വൈകിയതാണ് ഈ ദുരന്തത്തിനു കാരണം തുടങ്ങിയ ആക്ഷേപങ്ങളും ശക്തമാണ്.

അതേസമയം ഇടുങ്ങിയ സ്ഥലത്ത് പരിപാടി നടത്താൻ പോലീസ് നിർബന്ധിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് ടിവികെ പ്രവർത്തകർ കുറ്റപ്പെടുത്തുന്നുണ്ട്. ഒരു ലക്ഷം പേർക്ക് പങ്കെടുക്കാൻ കഴിയുന്ന ഗ്രൗണ്ട് ഉണ്ടായിട്ടും അതിന് അനുമതി നല്കിയില്ലെന്നും ആരോപണമുണ്ട്. നേരത്തെ തന്റെ പാർട്ടി പരിപാടിക്ക് വൈദ്യുതി നൽകുന്നില്ലെന്ന് തുടങ്ങിയ ആരോപണങ്ങൾ വിജയും ഉന്നയിച്ചിരുന്നു

നടപ്പിലാവാത്ത നിയന്ത്രണങ്ങൾ

സെപ്റ്റംബർ 13-ന് തിരുച്ചിറപ്പള്ളിയിൽ നിന്നാണ് വിജയ് നടത്തുന്ന പാർട്ടിയുടെ സംസ്ഥാന പര്യടനം തുടങ്ങുന്നത്. ഇതിന് തുടക്കം കുറിക്കുന്നതിനു മുൻപുതന്നെ 23 പ്രത്യേക മാർഗ നിർദേശങ്ങൾ പോലീസ് മുന്നോട്ടുവെച്ചിരുന്നു. ഒരു സിനിമാ താരമെന്ന നിലയിൽ വിജയ‌യെ കാണാൻ ധാരാളം പേർ എത്തുമെന്നും ഇത്തരം ആൾക്കൂട്ടം അപകടമുണ്ടാക്കുടമെന്നും ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് പോലീസിനോട് കർശന നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശം നൽകിയത് എന്നാണ് സർക്കാരിന്റെ പക്ഷം. അതിന്റെ ഭാഗമായാണ് വിജയ്ക്ക് റോഡ് ഷോ നടത്തുന്നതിന് അനുമതി നിഷേധിച്ചത്. പകരം പ്രത്യേക ഒരുക്കിയ ബസിലായിരുന്നു വിജയ് ജനങ്ങൾക്കിടയിലാണ് എത്തിയത്.

ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, ഭിന്നശേഷിക്കാർ എന്നിവരെ കൊണ്ടുവരുന്നത് ഒഴിവാക്കാൻ പ്രത്യേക നിർദേശമുണ്ടായിരുന്നു. എന്നാൽ, ശനിയാഴ്ച മരിച്ചവരിൽ കുട്ടികളും ഉൾപ്പെട്ടത് നിയന്ത്രണങ്ങൾ പാലിക്കപ്പെട്ടില്ലെന്നതിനു തെളിവാണ്. വന്നവരിൽ കുട്ടികൾ മാത്രം ആയിരത്തിലേറെ വരുമെന്നാണ് റിപ്പോർട്ട്. മരിച്ചവരിലുമുണ്ട് ഏഴ് കുട്ടികൾ.

വേദികളിൽ അടിസ്ഥാന വൈദ്യസഹായവും കുടിവെള്ളവും സംഘാടകർ ഉറപ്പാക്കണമെന്നായിരുന്നു മറ്റൊരു വ്യവസ്ഥ. വേദിക്ക് സമീപം ആംബുലൻസുകൾക്ക് യാത്ര ചെയ്യാൻ തടസമുണ്ടാകരുതെന്നും നിർദേശിച്ചിരുന്നു. പടക്കം പൊട്ടിക്കുകയോ കോളാമ്പി മൈക്കുകൾ ഉപയോഗിക്കുകയോ ചെയ്യരുതെന്നടക്കം അമിതശബ്ദം ഒഴിവാക്കാൻ ആവശ്യപ്പെട്ടതും സുരക്ഷ മുന്നിൽക്കണ്ടായിരുന്നു. പൊതു, സ്വകാര്യ സ്വത്തിനുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് സംഘാടകർ ഉത്തരവാദികളായിരിക്കുമെന്നും വ്യവസ്ഥകൾ ലംഘിച്ചാൽ നിയമനടപടിയെടുക്കുമെന്നും മദ്രാസ് ഹൈക്കോടതിയും മുന്നറിയിപ്പു നൽകിയിരുന്നു. ശനിയാഴ്ച കരൂരിൽ യോഗം നടക്കുന്നതിന് മുന്നോടിയായി ടിവികെ ജനറൽ സെക്രട്ടറി ബുസി ആനന്ദും കർശനനിയന്ത്രണങ്ങളും പ്രഖ്യാപിച്ചിരുന്നു. വിജയ്യുടെ വാഹനത്തെ ആരും പിന്തുടരരുതെന്നും പരിപാടി നടക്കുന്ന ഇടങ്ങളിലെ സർക്കാർ- സ്വകാര്യ കെട്ടിടങ്ങൾ, പാലങ്ങൾ, മരങ്ങൾ, വൈദ്യുതിത്തുണുകൾ എന്നിവയിൽ കയറരുതെന്നും പ്രത്യേകം നിർദേശമുണ്ടായിരുന്നു.

നേരത്തെ വിജയിയുടെ പ്രചാരണയോഗങ്ങൾക്ക് പോലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിനെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് സംസ്ഥാനത്തുടനീളം പ്രചാരണങ്ങൾ, യോഗങ്ങൾ, റാലികൾ എന്നിവ നടത്തുന്ന എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും മാർഗനിർദേശങ്ങൾ തയ്യാറാക്കാൻ തമിഴ്‌നാട് സർക്കാരിനു നിർദേശം നൽകിയിട്ട് അധിക ദിവസമായിട്ടില്ല.

തുലാസിലായി വിജയിയുടെ രാഷ്ട്രീയഭാവി

സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്കെത്തിയ വിജയിയെ തമിഴ്മക്കൾ കണ്ടത് ജയലളിതയ്ക്ക് ശേഷമുള്ള താരശോഭയുള്ള മുഖ്യമന്ത്രിയായാണ്. 2009 ലാണ് വിജയ് തന്റെ ഫാൻ ക്ലബ് ആയ വിജയ് മക്കൾ ഇയക്കം ആരംഭിക്കുന്നത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംഘടന AIADMK സഖ്യത്തെ പിന്തുണച്ചു. 2021 ഒക്ടോബറിൽ തമിഴ്നാട്ടിൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഫാൻ ക്ലബ് മത്സരിച്ചു. മത്സരിച്ച 169 സീറ്റുകളിൽ 115 സീറ്റിലും വിജയിക്കുകയും ചെയ്തു. ശേഷം 2024 ഫെബ്രുവരിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പാർട്ടിയായി തമിഴക വെട്രി കഴകം പ്രഖ്യാപിക്കുന്നത്. ഒരു വർഷത്തോളം വലിയ ഓളമുണ്ടാക്കാൻ പാർട്ടിക്കായില്ലെങ്കിലും പിന്നീട് സ്ഥിതി മാറി. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വിജയ് കളമറിഞ്ഞ് പണിതുടങ്ങി. അടുത്തിടെ അദ്ദേഹം നടത്തിയ വിവാദപ്രസംഗങ്ങളും അതിനു പിന്നാലെ പര്യടനത്തിനു തുടക്കം കുറിച്ചതും ടിവികെയെ കൂടുതൽ ജനകീയമാക്കി. സ്റ്റാർട്ടും ആക്ഷനും കട്ടും ഇല്ലാത്ത രാഷ്ട്രീയത്തിൽ സ്വയം മനസ്സിൽ ആക്ഷൻ പറഞ്ഞ് വിജയ് മുന്നോട്ടുപോയി. ഇതിനിടെയാണ് ഈ അപ്രതീക്ഷിത ദുരന്തമുണ്ടാകുന്നത്. ഇത് വിജയിയുടെ രാഷ്ട്രീയജീവിതത്തെ തന്നെ ചോദ്യമുനയിലാക്കുകയാണ്.

പാർട്ടി തുടങ്ങിയപ്പോൾ തന്നെ ഡിഎംകെയെ രാഷ്ട്രീയശത്രുവായി പ്രഖ്യാപിച്ചു. ബിജെപിയേയും ശത്രുവാക്കി. നിലവിൽ കേന്ദ്രം ഭരിക്കുന്ന പാർട്ടിയോടും സംസ്ഥാനം ഭരിക്കുന്ന പാർട്ടിയോടും വച്ചു പുലർത്തുന്ന ശത്രുത വിജയിക്ക് വലിയ തലവേദന സൃഷ്ടിക്കും.

വിജയ് മനസ്സിൽ രാഷ്ട്രീയം കൊണ്ടുനടന്നിരുന്ന കാലത്തും ഒരു സിനിമാതാരമായിരുന്നു. അന്ന് ചുറ്റിലും ആളുകൾ കൂടിയത് സിനിമയിൽക്കാണുന്ന വിജയ്യെ നേരിൽക്കാണാനായിരുന്നു. എന്നാൽ, ഇപ്പോൾ അതല്ല അവസ്ഥ. രാഷ്ട്രീയത്തിലും വിജയ് താരമാകുമ്പോൾ രണ്ടുതരം ആൾക്കൂട്ടമാണ് വിജയ്ക്ക് മുൻപിലെത്തുന്നത്. ഇതിൽ ഒന്ന് ആരാധകരും; മറ്റൊന്ന് വിജയ്യുടെ പ്രത്യശാസ്ത്രങ്ങളെ പിന്തുണയ്ക്കുന്നവരും. ഇവിടെ കമൽഹാസൻ പറഞ്ഞ ഒരു കാര്യം വിജയ് ഓർക്കണം. 'ആൾക്കൂട്ടം വോട്ടായി മാറുമെന്ന് വിജയ് പ്രതീക്ഷ വെച്ചുപുലർത്തരുത്'.

സിനിമ പോലെത്തന്നെ ജനവിധിയും ഭാഗ്യവും തുണച്ചാൽ മാത്രമേ രാഷ്ട്രീയയാത്ര നൂറുകോടി ക്ലബ്ബിലെത്തൂ എന്നുള്ള തിരിച്ചറിവു കൂടി വിജയ്ക്ക് ഉണ്ടാകേണ്ടതുണ്ട്. സംഭവം നടന്ന ഉടനെ വിജയ് ചെന്നൈക്ക് പോയതും വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മറ്റ് പാർട്ടി പ്രവർത്തകരുമെല്ലാം ദുരന്തസ്ഥലത്തെത്തിയപ്പോഴും വിജയിയും അദ്ദേഹത്തിന്റെ പാർട്ടിയിലെ ഒരു പ്രവർത്തകരും ഉണ്ടായില്ല. തന്റെ ഹൃദയം തകർന്നിരിക്കുന്നു - എന്ന് തുടങ്ങി വിജയ് സാമൂഹിക മാധ്യമങ്ങളിൽ വഴി പങ്കുവെച്ച കുറിപ്പല്ലാതെ മറ്റൊരു പ്രതികരണവും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായതുമില്ല.

1992-ൽ കുംഭകോണത്തുനടന്ന മഹാമഹത്തിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന ജയലളിത പങ്കെടുക്കാനെത്തിയപ്പോൾ തിക്കിലും തിരക്കിലുംപെട്ട് 50 പേരാണ് മരിച്ചത്. സിനിമയുടെ മായികപരിവേഷവുമായി രാഷ്ട്രീയത്തിലേക്കെത്തുന്നവർ ജനങ്ങൾക്കുമുന്നിൽ വിഗ്രങ്ങളുടെ പ്രഭാവത്തോടെയാണ് വിരാജിക്കുന്നത്. ഇവരെ അടുത്തു കിട്ടുമ്പോൾ ജനത്തിന്റെ ആവേശത്തിന് അതിരുകളുണ്ടാവില്ല. അതുകൊണ്ടുതന്നെ കൃത്യമായ ആൾക്കൂട്ടനിയന്ത്രണമില്ലെങ്കിൽ കാര്യങ്ങൾ എപ്പോൾ കൈവിട്ടുപോയെന്ന് ചോദിച്ചാൽമതി.

ചെന്നൈയിലും മധുരയിലുമൊക്കെ റാലി നടന്നപ്പോൾ അപായമണി മുഴങ്ങിയിരുന്നു. പക്ഷേ, വിജയ് ആയി വിജയ്‌യുടെ പാടായി എന്ന സമീപനമായിരുന്നു ഭരണകൂടത്തിന്. ജനം എത്രകൂടുന്നോ അത്രയും വിജയം അവകാശപ്പെടാം എന്ന ചിന്തയിൽ വിജയിൻ്റെ കൂടെയുള്ളവരും ഈ കെണിയിലേക്ക് സ്വയം വീണു. കരൂരിൽ മരിച്ചവരെല്ലാവരും തീർത്തും സാധാരണക്കാരാണ്. നേതാവിനോടുള്ള ആരാധനയിൽ സ്വയം. സമർപ്പിക്കുന്ന ഇവരുടെ ജീവന് ഉത്തരംപറയേണ്ട ബാധ്യതയിൽനിന്ന് വിജയ്ക്കും തമിഴകഭരണകൂടത്തിനും ഒഴിഞ്ഞുമാറാനാവില്ല. അധികാരത്തിലേക്കുള്ള യാത്രയിൽ ഈ രക്തച്ചൊരിച്ചിൽ വിജയിനെ ദീർഘകാലം പിന്തുടരും എന്നുറപ്പാണ്.

അവസാനമില്ലാതെ ആൾക്കൂട്ട മരണങ്ങൾ

ആഹ്ലാദത്തിന്റെയും ആവേശത്തിന്റെയും നിമിഷങ്ങൾ ഇത്തരത്തിൽ ദുരന്തമായി മാറുന്നത് ഇത് ആദ്യമായല്ല. കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടെ വലിയ ആൾക്കൂട്ടങ്ങൾക്കിടയിലുണ്ടായ സമാനമായ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 1200ൽ അധികം വരും. ഇത്തരം മരണങ്ങൾക്ക് കാരണം പൊതുവെ മാധ്യമങ്ങൾ പറയുന്ന 'തിക്കും തിരക്കും' അല്ലെന്നും, മറിച്ച് 'പ്രോഗ്രസ്സീവ് ക്രൗഡ് കൊളാപ്സ്' അഥവാ 'ക്രൗഡ് ക്രാഷ്' ആണെന്നും ശാസ്ത്രീയ വിശകലനങ്ങൾ പറയുന്നു. ഒരു ചതുരശ്ര മീറ്ററിൽ ആറോ ഏഴോ ആളുകളിൽ കൂടുതൽ തിങ്ങിനിറയുമ്പോൾ ഉണ്ടാകുന്ന കംപ്രസ്സീവ് അസ്ഫിക്‌സിയ മൂലമാണ് ഈ മരണങ്ങൾ സംഭവിക്കുന്നത്. തിക്കിലും തിരക്കിലും ആളുകൾ ചവിട്ടി മെതിക്കപ്പെട്ടല്ല മരിക്കുന്നത്. പകരം, അനിയന്ത്രിതമായ ജനസാന്ദ്രത കാരണം നെഞ്ചിൽ ഉണ്ടാകുന്ന ശക്തമായ മർദ്ദം മൂലമുണ്ടാകുന്ന കംപ്രസ്സീവ് അസ്ഫിക്‌സിയ ആണ് മരണകാരണമാകുന്നത്

തിക്കിലും തിരക്കിലുംപ്പെട്ട് രാജ്യത്ത് ഈ വർഷം മാത്രം ഉണ്ടാകുന്ന അഞ്ചാമത്തെ ദുരന്തമാണ് കരൂരിലേത്. ജനുവരി 29ന് ഉത്തർപ്രദേശിൽ മഹാകുംഭമേളയ്ക്കിടെയാണ് 2025ലെ ആദ്യ ദുരന്തമുണ്ടാകുന്നത്. മൗനി അമാവാസി ദിവസം പുണ്യസ്‌നാനം നടത്താൻ ദശലക്ഷക്കണക്കിന് തീർത്ഥാടകർ തിരക്കുകൂട്ടുന്നതിനിടെ സംഗമ പ്രദേശത്ത് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിക്കുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫെബ്രുവരി 15 ന് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് പതിനെട്ട് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അവരിൽ ഭൂരിഭാഗവും പ്രയാഗ്‌രാജിലെ മഹാ കുംഭമേളക്കെത്തിയ തീർത്ഥാടകരായിരുന്നു.

ഗോവയിലെ ഷിർഗാവോ ഗ്രാമത്തിലെ ശ്രീ ലൈരായ് ദേവി ക്ഷേത്രത്തിലെ വാർഷിക ഉത്സവത്തിനിടെ പുലർച്ചെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒരു മാസത്തിനുശേഷം, ജൂൺ 4 ന്, 18 വർഷത്തിനു ശേഷമുള്ള ആദ്യ ഐപിഎൽ വിജയത്തിന്റെ ആഘോഷത്തിൽ ആർസിബി നടത്തിയ പരേഡും ദുരന്തമായി മാറി. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് 11 ആരാധകർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ചുരുക്കിപ്പറഞ്ഞാൽ, കൊടിയും അതിന്റെ നിറവും ഇരിക്കുന്ന സ്ഥാനവും ഏതായാലും ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ വീഴ്ച പറ്റുന്ന സംഭവങ്ങൾ കൂടിവരുന്നു എന്നു കാണാം. ക്രൗഡ് മാനേജ് മെന്റിന്റെ ഉത്തരവാദിത്തം അധികൃതരുടെ തലയിൽ കെട്ടിവെച്ചേക്കാം. ആഴ്ചകൾ നീണ്ട വിവാദങ്ങൾക്കു ശേഷം ഈ സംഭവം പാടെ മറന്നേക്കാം. എന്നിരുന്നാലും, സ്റ്റാലിൻ ഭരിക്കുന്ന സർക്കാരും, വിണ്ണിൽ നിന്നും മണ്ണിലിറങ്ങിയ താരങ്ങളും, അതുക്കും മേലേ കിരീടവും ചെങ്കോലും ഉണ്ടെന്ന് കരുതുന്ന എല്ലാവരും ഓർക്കേണ്ട ഒരു കാര്യമുണ്ട്. ഈ കാണുന്ന ജനങ്ങളാണ് ജനാധിപത്യ ഇന്ത്യയിൽ ഏറ്റവും കൈയൂക്കുള്ളവർ. അവരുടെ കൈവിരലമർന്നാണ് അധികാര കേന്ദ്രങ്ങളിൽ നിങ്ങൾക്ക് ഇരിപ്പിടമൊരുങ്ങുന്നത്. ആ ആളുകളുടെ സുരക്ഷയാവണം നിങ്ങൾക്ക് പ്രധാനം. അത് മറക്കുമ്പോഴാണ് കരുരുകൾ ആവർത്തിക്കപ്പെടുന്നത്.