ചാക്കിൽ കെട്ടിയ നായികയുടെ ജഡം; മലയാളത്തിന്റെ മാദകസുന്ദരിക്ക് കാലിടറിയത് എവിടെ? റാണി പത്മിനി
1986 ഒക്ടോബർ 19. ആ ദിവസം മറക്കാൻ കഴിയില്ല ചെന്നൈ വെസ്റ്റ് അണ്ണാനഗർ തിരുമംഗലത്തെ ജനങ്ങൾക്ക്. അന്ന് ഉച്ചകഴിഞ്ഞ് അവരെ വരവേറ്റത് ഞെട്ടുന്നൊരു വിവരമാണ്. അവര് കണ്ടത് അതിദാരുണമായ ഒരു രംഗമാണ്. 18th മെയിൻ റോഡിൽ ഒറ്റപ്പെട്ടൊരു ഇരുനില ബംഗ്ലാവുണ്ട്. നാട്ടുകാരുമായി വലിയ അടുപ്പമൊന്നും പുലർത്താതിരുന്ന ഒരു അമ്മയും മകളുമായിരുന്നു അവിടെ വാടകയ്ക്ക് താമസിച്ചിരുന്നു. പത്തൊൻപതിന് ഉച്ച കഴിഞ്ഞ് പ്രകാശ് എന്നൊരു ബ്രോക്കർ അവിടെ ഒരു വസ്തുവിൽപനയുടെ കാര്യം സംസാരിക്കാൻ ചെന്നു. അയാളവിടെ എത്തിയപ്പോൾ വീടിന്റെ മുൻവശത്തെ വാതിൽ അടഞ്ഞുകിടക്കുകയായിരുന്നു. പലവട്ടം കോളിങ് ബെല്ലടിച്ചിട്ടും ആരും തുറന്നില്ല. പിന്നെ നോക്കിയപ്പോൾ പിൻവശത്തെ വാതിൽ കുറച്ച് തുറന്നുകിടക്കുന്നത് അയാൾ കണ്ടു. സംശയം തോന്നി പോയിനോക്കിയപ്പോൾ അകത്ത് നിന്ന് അസഹ്യമായ ദുർഗന്ധം വരുന്നു. പേടിച്ചുപോയ അയാൾ ഉടനെ പോലീസിനെ വിവരമറിച്ചു. അപ്പൊഴേയ്ക്കും നാട്ടുകാരും തിരുമംഗലം പോലീസുമൊക്കെ എത്തി. പിൻവാതിൽ തുറന്ന് അകത്തു കയറിയ അവർ കണ്ടത് ഞെട്ടുന്നൊരു കാഴ്ചയാണ്. കുളിമുറിയിൽ ഒന്നിനുമുകളിൽ ഒന്നായി അഴുകി ദുർഗന്ധം വമിക്കുന്ന, പുഴുവരിക്കുന്ന രണ്ട് മൃതദേഹങ്ങൾ. രണ്ടിലും നിറയെ വെട്ടും കുത്തുമേറ്റ പാടുകളുണ്ട്. കട്ടിച്ചോര അങ്ങനെ കട്ടപിടിച്ചു കിടക്കുന്നുണ്ട്... ശരീരത്തിലാകെ. അത് ആ അമ്മയും മകളുമായിരുന്നു. നാട്ടുകാർ മാത്രമല്ല, ആ വാർത്ത കേട്ട് മലയാളം, തമിഴ് സിനിമാലോകവും ഞെട്ടിത്തരിച്ചുപോയി. ആ മകൾ നടി റാണി പത്മിനിയായിരുന്നു. മോഹൻലാലിന്റെ നായികയായ... നസീറിനും രജനികാന്തിനും മമ്മൂട്ടിക്കുമൊക്കെയൊപ്പം അഭിനയിച്ച... മാദകസൗന്ദര്യം കൊണ്ട് തെന്നിന്ത്യൻ വെള്ളിത്തിരയ്ക്ക് തീപിടിപ്പിച്ച താരം. മറ്റേത് റാണിയുടെ അമ്മ ഇന്ദിര കുമാരിയും. കൊല്ലപ്പെടുമ്പോൾ 24 വയസ് മാത്രമായിരുന്നു റാണിക്ക് പ്രായം. അമ്മ ഇന്ദിരക്ക് 42ഉം.
തെന്നിന്ത്യയിലാകെ അറിയപ്പെടുന്ന താരമായിട്ടും റാണി പത്മിനിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളോ, ഒന്ന് വന്നു കാണാനോ പേരിനെങ്കിലും ആദരാഞ്ജലി അർപ്പിക്കാനോ ഒന്നും... സിനിമാരംഗത്ത് നിന്ന് ആരുമെത്തിയില്ല. മഹാനടൻ കൊട്ടാരക്കര ശ്രീധരൻ നായർ അന്തരിച്ച ദിവസം കൂടിയായിരുന്നു അത്. മലയാളത്തിലെ താരങ്ങൾക്ക് അങ്ങനെയൊരു ഒഴികഴിവെങ്കിലും പറയാനുണ്ടായിരുന്നു. പക്ഷേ, എല്ലാവരും ബോധപൂർവം തന്നെ അതിൽ നിന്നൊക്കെ മാറിനിൽക്കുകയായിരുന്നു എന്നതാണ് സത്യം.
Content Highlights: Who Murdered South Indian Star Rani Padmini? The Dark Mystery Behind Rani Padmini’s Death