തീയേറ്റർ ആർടിസ്റ്റ്, മോഡൽ, തെറാപ്പിസ്റ്റ്; ബാലനിലൂടെ മലയാളത്തിന് പുതിയ നായിക
മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ബാലന്റെ ട്രെയ്ലർ കണ്ടപ്പോൾ മുതൽ പ്രേക്ഷകർ അന്വേഷിക്കുന്നത് ഒരമ്മയെയും മകനെയുമാണ്. തൃശൂരിൽ ജനിച്ച് ദുബായിൽ വളർന്ന ഫർസാന പാലത്തിങ്കലും ആലപ്പുഴ സ്വദേശിയായ ആദിശേഷനുമാണ് പ്രേക്ഷകനെ ഞെട്ടിച്ച ആ അമ്മയും മകനും. തിയറ്റർ ആർട്ടിസ്റ്റ്, മോഡൽ, പീഡിയാട്രിക് ഒക്യുപേഷണൽ തെറാപ്പിസ്റ്റ് എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച ബഹുമുഖ പ്രതിഭയാണ് ഫർസാന. ബാലന്റെ വിശേഷങ്ങളുമായി ഫർസാന മാതൃഭൂമി ഡോട് കോമിനൊപ്പം.
ഒഡിഷൻ വഴി തന്നെയാണ് താൻ സിനിമയിലേക്ക് എത്തിയതെന്ന് പറയുന്നു ഫർസാന. എന്റെ ഉമ്മച്ചിയാണ് ആദ്യം എനിക്ക് ഓഡിഷൻ നോട്ടീസ് അയച്ചുതന്നതും അതിൽ പങ്കെടുക്കാൻ പ്രേരിപ്പിച്ചതും. അങ്ങനെ ഒഡിഷന് പോയി. ഗണപതിയാണ് എന്നെ ഈ സിനിമയ്ക്കായി സജസ്റ്റ് ചെയ്തത്. പിന്നീട് കെമിസ്ട്രി ടെസ്റ്റിനായി കൊച്ചിയിലേക്ക് വന്നു. ആദിശേഷനൊപ്പമുള്ള കെമിസ്ട്രി ടെസ്റ്റ് ചെയ്ത ശേഷമാണ് ഈ വേഷം ഞാൻ ചെയ്യുമെന്ന് അവർ ഉറപ്പിച്ചത്.
‘ആദിശേഷൻ ഒരു 'ഫയർ ക്രാക്കർ' ആണ്. ആദ്യം കെമിസ്ട്രി ടെസ്റ്റിന് ചെന്നപ്പോൾ "ഇതെന്റെ അമ്മയല്ല" എന്നൊക്കെ അവൻ പറയുന്നുണ്ടായിരുന്നു. എന്നാൽ പിന്നീട് ഞങ്ങൾ തമ്മിൽ നല്ല സിങ്ക് ആയി. അവൻ യാതൊരുവിധ പരിമിതികളും ഇല്ലാതെ അഭിനയിക്കുന്ന, വളരെ കഴിവുള്ള, പ്രായത്തിൽ കവിഞ്ഞ് പക്വതയുള്ള ഒരു മോൻ’, ഫർസാനയുടെ വാക്കുകൾ.
Content Highlights: Farzana Balan is a multifaceted talent working as a model and pediatric occupational therapist. She secured the role in Chidambaram's film 'Balan' through a rigorous audition and chemistry test process. The chemistry between Farzana and child actor Adisheshan was central to their casting.