ജെയ്സാല്‍മീര്‍ കോട്ടയില്‍ കേട്ട മാന്ത്രികനാദം; ഒരു തണുത്ത രാജസ്ഥാന് യാത്രയുടെ ഓര്മ

രാജസ്ഥാനിലെ മൗണ്ട് അബുവും ഉദയ്പൂരും കുമ്പല്ഗഡും പാലിയും ജോധ്പൂരും ഒക്കെ കറങ്ങിയാണ് മരുഭൂനഗരമായ ജെയ്സാല്‍മീറില്‍ എത്തുന്നത്. ഡിസംബര്‍ മാസം ആരംഭിച്ചതിനാല്‍ ഉദയ്പൂര്‍ എത്തിയപ്പോള്‍ തന്നെ തണുത്ത് വിറയ്ക്കാന്‍ തുടങ്ങിയിരുന്നു. രാജസ്ഥാന് എന്നാല്‍ മരുഭൂമി മാത്രമാണ് എന്നായിരുന്നു ധാരണ. എന്നാല്‍, ഉദയ്പൂരും ഇവിടുത്തെ പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളും തടാകങ്ങളും ഒക്കെ കണ്ടപ്പോള്‍ സംശയമായി ഇതെന്താ ഇങ്ങനെ? എവിടെ മരുഭൂമി? അങ്ങനെ അവിടെ വെച്ച് ആ സത്യം മനസ്സിലാക്കി. രാജസ്ഥാന് എന്നാല്‍ മരുഭൂമി മാത്രമല്ല, കാടുകളും തരിശുനിലങ്ങളും വരണ്ടയിടങ്ങളും ഒക്കെ കൂടി ചേര്‍ന്നതാണെന്ന്.
നട്ടപ്പാതിരയ്ക്കാണ് സ്വര്‍ണ്ണനഗരി എന്ന് വിളിക്കുന്ന ജെയ്സാല്‍മീറില്‍ എത്തുന്നത്. ജോധ്പൂരില്‍നിന്ന് പോഖ്റാന്‍ വഴിയുള്ള ഏതൊക്കെയോ വിജനമായ വഴികളിലൂടെ സഞ്ചരിച്ചാണ് ഥാര്‍ മരുഭൂമിയുടെ ഹൃദയത്തോട് ചേര്‍ന്ന് നില്ക്കുന്ന ഈ നഗരത്തില്‍ എത്തിപ്പെട്ടത്. ഈ ബസ് യാത്രയും ഗംഭീരമായിരുന്നു. മൊത്തതിലുള്ള കുലുങ്ങിയുള്ള യാത്ര മടുപ്പിച്ചെങ്കിലും കാഴ്ചകള്‍ രസിപ്പിച്ചിരുന്നു. ഇരുട്ട് പരക്കുന്നതുവരെയും പുറത്തുള്ള കാഴ്ചകള്‍ ആസ്വദിച്ചായിരുന്നു യാത്ര. നല്ല തണുപ്പുമുണ്ടായിരുന്നു. ഏതോ പുരാതന കാലത്തേക്ക് പോവുകയാണോ എന്ന് തോന്നിപ്പോയി. ചെറു പാറമലകള്ക്ക് മുകളിലുള്ള പുരാതന വാസ്തുശൈലിയിലുള്ള കെട്ടിടങ്ങള്‍ കണ്ടാല്‍ ദുരൂഹതകള്‍ ചുറ്റിപിണഞ്ഞു കിടക്കുന്ന പ്രേതഭവനങ്ങള്‍ പോലെയാണ്.
Content Highlights: rajasthan jaisalmer fort travel backpacker travel